കഥ-അച്‌ഛന്‍

Author: ezhuthukaran / Labels: ,

കഥ-അച്‌ഛന്‍

വികാരങ്ങളുടെ വേലിയേറ്റത്തില്‍ കടിഞ്ഞാണ്‍ നഷ്‌ടപ്പെട്ട് പോയിരുന്ന മനസ് ഒരു ഞെട്ടലോടെ ഉണര്‍ന്നത് ഇപ്പോഴാണ്.അത് വഴി വന്നെത്തിയ ആക്ഷേപകരമായ നിലയില്‍ മനസ് പട പട ഇടിച്ചു.ചുറ്റും ഇരുട്ടായിരുന്നു.ചുക്കിരിയും പൊടിയും തന്നെ പൊതിയുന്നു.തലയ്ക്കുള്ളില്‍ തീയാളി.

വൈകിട്ട് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു."അച്‌ഛന്റെ അസുഖം കൂടുതലാണ്.നിന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുണ്ട്.നീ ഇന്നു തന്നെ കയറുമോ?"

"ഓഫീസില്‍ ഒഴിവാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.അത് തീര്‍ത്ത് നാളെ കയറും ."

"എത്രയും വേഗം എത്താന്‍ നോക്കൂ."അമ്മയുടെ ശബ്‌ദത്തിലെ ഇടര്‍ച്ച അയാളെ അസ്വസ്‌ഥനാക്കി.ഇന്ന് തന്നെ പോകേണ്ടതുണ്ടോ?സമയം വൈകുന്നേരം നാലര മണി.ഫോണ്‍ വിളിച്ച് നോക്കിയാല്‍ ഏതെങ്കിലും ട്രാവല്‍സില്‍ രാത്രിയൊരു ടിക്കറ്റ് കിട്ടാതിരിക്കില്ല.പക്ഷെ ഇന്ന് പോവുക എന്നത്....?തീരുമാനം എടുക്കാനാവാതെ അയാളുടെ മനസ് മലക്കം മറിഞ്ഞ് കൊണ്ടിരുന്നു.

ബൈക്കില്‍ റൂമിലേക്ക് പൊവുമ്പോഴും മനസ് ഇരു ദിശയിലേക്കും കുതറി നടന്നു...നാളെ പോവാം .ഉച്ച കഴിഞ്ഞ് മഴ പെയ്തിരുന്നു.ചെറിയ മഴ പോലും റോഡിനെ ചെളിക്കുണ്ടാക്കുന്നു.!അത് മൂലം ഡ്രൈവിങ്ങില്‍ പുലര്‍ത്തേണ്ടി വരുന്ന സൂക്ഷ്മത അയാളുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു.

മുറിയിലേക്ക് തിരിയുന്ന വളവിനോട് ചേര്‍ന്ന് നിര്‍ത്തി.തൊട്ടടുത്ത ബേക്കറിയില്‍ കയറി ഒരു ചായയും സിഗരറ്റും പറഞ്ഞു."എന്തൊക്കെയുണ്ട് വിശേഷം ?ഒരു ചൂട് പപ്സ് എടുക്കട്ടെ?"

"ചൂടാണെങ്കില്‍ ഒന്ന് താ...പിന്നെ നാളെ നാട്ടില്‍ പോവ്വാ."

"ഉം ..എന്താ വിശേഷിച്ച്?"

"അച്‌ഛന്‍ സുഖമില്ല!"

"അയ്യോ,എന്തു പറ്റി?"

"കിടപ്പിലായിട്ട് കുറച്ച് നാളായി.ഇടയ്ക്ക് അസുഖം കൂടും ."

ബേക്കറിയില്‍ നിന്നും പുറത്തിറങ്ങി സിഗരറ്റുമായി ബൈക്കിനടുത്തേക്ക് ചെന്നു.പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.മെസേജ് വന്നിട്ടുണ്ട്.അത് വായിച്ച് പൂര്‍ത്തിയാക്കി പുക വിടാനെന്ന ഭാവത്തില്‍ തല ഉയര്‍ത്തുമ്പോള്‍ കണ്ടു.രാധാനിലയത്തിന്റെ മൂന്നാം നിലയിലെ ബാല്ക്കണിയില്‍ നിന്നും തിളങ്ങുന്ന കണ്ണുകള്‍ മിന്നിമറയുന്നു .അയാള്‍ മെസേജ് ടൈപ് ചെയ്തു."നാട്ടില്‍ നാളെയാണ്‌ പോവുന്നത്".പിന്നെ ഒഴിഞ്ഞ ബാല്ക്കണിയില്‍ നിന്നു കണ്ണുകള്‍ പറിച്ച് വണ്ടിയെടുത്തു.

മുറിയില്‍ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ടായിരുന്നു.അവര്‍ ടീവിയിലേക്ക് കണ്ണും നട്ട് മെത്തയില്‍ നീണ്ട് നിവര്‍ന്ന് കിടപ്പാണ്.സ്ക്രീനില്‍ ഏതോ അവതാരികയുടെ ഫോണിലൂടെയുള്ള കൊഞ്ചല്‍ ."ഉം ഉം ..ആര്‍ക്കാണ്‌ ഡെഡിക്കേറ്റ് ചെയ്യേണ്ടത്?"കൈയിലെ റിമോട്ട് നീട്ടി പിടിച്ച് അടുത്ത ചാനലിലേക്ക് ചാടണോ എന്ന് തീരുമാനിക്കാനാവാതെ ഒരുവന്‍ .മറ്റവന്‍ ചോദിച്ചു.

"നീ ഇന്ന് പോവുന്നുണ്ടോ?"

"ഇല്ല...നാളെയാണ്"

"എന്ത് പറ്റി?"

"ഓഫീസില്‍ നിന്നും നാളെ മാറാന്‍ പറ്റില്ല."

രാത്രി പുകഞ്ഞു തീര്‍ന്ന കൊതുക് തിരിയുടെ മണം ഇപ്പൊഴും മുറിയില്‍ തങ്ങി നില്ക്കുന്നുണ്ട്.നോക്കുമ്പോള്‍ മുറിയുടെ മൂലയില്‍ എരിഞ്ഞമര്‍ന്ന ചാരം തിരിയുടെ ആകൃതിയില്‍ തന്നെ അവശേഷിക്കുന്നു.അയാള്‍ അത് കടലാസില്‍ പൊതിഞ്ഞെടുത്ത് പുറത്തേക്കെറിഞ്ഞു.ഈ ഗന്ധത്തോടുള്ള മടുപ്പ് മൂലം രാത്രി സ്വസ്ഥതയോടെ ഉറങ്ങാന്‍ കൂടി കഴിയുന്നില്ല.എന്തു ചെയ്യാം കൊതുകുകളെ കൊണ്ട് നിവൃത്തിയില്ലാതെ വരുമ്പോള്‍ കത്തിക്കും .ഒരു ലിക്കുടേറ്റര്‍ വാങ്ങണം എന്ന് ആ നേരത്ത് മാത്രം വിചാരിക്കും .പകലോ മറക്കും .ഇനി നാട്ടില്‍ നിന്നു വന്നിട്ടവട്ടെ!

അയാള്‍ വസ്ത്രങ്ങള്‍ മാറി കുളിച്ചു.പുതിയ പിയേഴ്സ് ഉപയോഗിച്ചായിരുന്നു കുളി.അതിനു ശേഷം പതിവിന്‌ വിപരീതമായി ദേഹം മുഴുവന്‍ പൌഡര്‍ പൂശി.പുതിയ ബോഡി സ്പ്രെ അടിച്ചു.കണ്ണാടിക്ക് മുന്നില്‍ ഏറെ നേരം ചിലവഴിച്ചു.എത്രയോ കാലമായി ആവര്ത്തിച്ച് കണ്ട് കൊണ്ടിരിക്കുന്ന സ്വന്തം മുഖം പല കോണുകളിലും ഭാവങ്ങളിലും നോക്കി രസിച്ചു.ഇടക്ക് അച്ഛന്റെ ചുക്കി ചുളിഞ്ഞ പഴയ മുഖം തെളിഞ്ഞു വന്നു.അയാളില്‍ അസ്വസ്ഥത വീണ്ടും ഉയിരെടുത്തു.സമയം നോക്കി.ഇന്നിനി പോക്ക് നടക്കില്ല.അല്ല,വേണമെങ്കില്‍ പോകാവുന്നതേയുള്ളൂ.പക്ഷെ...ചിന്തകളെ മനപൂര്‍വ്വം അമര്‍ത്തി കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.

ഒരുവന്‍ ഉറങ്ങുകയാണ്‌.അപരന്‍ ചാനലുകളിലൂടെ ഓട്ടപ്രദിക്ഷണം നടത്തുന്നു.കോമഡി കിറ്റുകള്‍ ,എവിടെയുമെത്താത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ ,റിയാലിട്ടി ഷോകള്‍ ,അങ്ങനെ പോയി ചാനല്‍ കാഴ്ചകള്‍ .അയാള്‍ക്ക് ഒരു സമാധാനവും തോന്നിയില്ല.സമയം ഒന്നു വേഗം കടന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.ഒന്നു ഉറങ്ങി എഴുന്നേറ്റാലോ എന്നു കരുതി കണ്ണടച്ചു.എങ്ങനെയാണ്‌ ഉറങ്ങാനാവുക?.

ഒരു വിധത്തില്‍ ആ ഇരുപ്പ് ഏഴര വരെ ദീര്‍ഘിപ്പിച്ചു.പിന്നെ എഴുന്നേറ്റ് പോയി പുതിയ വസ്ത്രങ്ങള്‍ എടുത്തിട്ടു.കണ്ണാടിക്ക് മുന്നില്‍ ഭംഗി ഒന്ന് കൂടി ഉറപ്പ് വരുത്തി.സുഹൃത്ത് ചോദിച്ചു."നീ എങ്ങോട്ടാ?ഇന്നു പോവുന്നില്ല എന്നല്ലേ പറഞ്ഞത്?"

"ഞാനൊന്നു പുറത്ത് പോവുന്നു.ചിലപ്പോള്‍ ഇന്നു വരില്ല.."

"എങ്ങോട്ടാ..?"

"നാട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങണം .ഇന്ന് സിറ്റിയില്‍ ഒരു നാട്ടുകാരന്റെ കൂടെ തങ്ങും ."

അയാള്‍ പുറത്തിറങ്ങി അരണ്ട വെളിച്ചത്തിലൂടെ നടന്നു.കടന്ന് പോവുന്ന ക്ഷീണവും തിരക്കും ബാധിച്ച മനുഷ്യര്‍ അയാളുടെ കണ്ണില്‍ പെട്ടില്ല.വഴുക്കുള്ള ഒരു പ്രതലത്തിലൂടെ അയാളുടെ മനസ് ഊര്‍ന്നു പോവുകയാണ്‌.താന്‍ ബൈക്ക് എടുത്തില്ല എന്നോര്‍ത്തു.അതിന്‌ പറ്റിയ ഒരു കള്ളം കണ്ട് പിടിക്കണം .

ഏറെ നേരം ആ നടപ്പ് തുടര്‍ന്നു.ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങിയാണ്‌ പോക്ക്.വെളിച്ചം കുറഞ്ഞ ഈ പാതകള്‍ മഴക്ക് ശേഷം ചെളിയില്‍ മുങ്ങി കിടപ്പാണ്‌.ആരോ നിരത്തിയ കരിങ്കല്ലുകളിലൂടെ ചാടി ചാടിയുള്ള സഞ്ചാരം .ഇരു വശത്തും ഏച്ച് കെട്ടിയ വീടുകളില്‍ നിന്നും കുട്ടികളുടെ കരച്ചിലും മുതിര്ന്നവരുടെ അടക്കം പറച്ചിലുകളും .ഈ വന്‍നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള ജീവിതവര്‍ത്തമാനങ്ങള്‍ !

ഇങ്ങനെ നടന്നത് കൊണ്ടു കാര്യമില്ല.ഏറെ ദൂരം പോയാലും പ്രശ്നമാണ്‌.കൂട്ടുകാര്‍ തന്നെ കാണാന്‍ ഇട വരരുത്!മൊബൈല്‍ നിശബ്‌ദമാണ്.എപ്പൊഴാണോ ആ കാള്‍ വരിക?ദൂരെ ഒരു വൃത്തികെട്ട ബാര്‍ കാണാം .അതിന്‌ മുന്നിലെ നിറം പിടിപ്പിച്ച ഇറച്ചിയും മീനും വില്‍ക്കുന്ന തട്ട് കട കടന്ന് അയാള്‍ നീങ്ങി.അവിടെ ഒരു ഇന്റര്നെറ്റ് കഫെ ശ്രദ്ധയില്‍ പെട്ടു.അതിനുള്ളില്‍ കയറി സമയം കൊല്ലാം എന്ന് തീരുമാനിച്ചു.പരിചയക്കാരാരും വരുന്ന സ്ഥലമല്ല.

അവിടെയും അയാള്‍ക്ക് താത്‌പര്യം തോന്നിയില്ല.ഒരോ സൈറ്റുകള്‍ തോറും വെറുതെ അലഞ്ഞു.മടുപ്പ് തോന്നി.പക്ഷെ പുറത്തിറങ്ങി എന്ത് ചെയ്യാന്‍ ?ഒടുവില്‍ മൊബൈല്‍ ശബ്‌ദിച്ചു.മിസ്ഡ് കാള്‍ ...ശേഷം എസ് എം എസ് വന്നു."വേഗം വന്നോളൂ."

അയാള്‍ പുറത്തിറങ്ങി പായുകയായിരുന്നു.ആരെങ്കിലും കണ്ടാലോ എന്ന ഭീതി അമര്‍ത്തി കടകളിടെ മറ പറ്റി കുതിച്ചു.നേരം ഇരുട്ടിയത് കൊണ്ട് ആളുകള്‍ കുറവായിരുന്നു.

പൂട്ടാന്‍ തയാറെടുക്കുന്ന ബേക്കറിക്കരന്റെ കണ്ണില്‍ പെടാതെ രാധാനിലയത്തെ ചൂഴ്ന്ന് നില്ക്കുന്ന ഇരുളിലെത്തി.പിന്നെ നിശബ്‌ദത മുറ്റുന്ന മൃദുവായ കാലടികളോടെ മൂന്നാം നിലയിലേക്ക് കയറി.വതിലില്‍ മുന്പ് പറഞ്ഞുറപ്പിച്ച പോലെ അടയാളത്തിന്‍ മൂന്ന് തവണ കോട്ടി.പിന്നെ മൊബൈലില്‍ മിസ്ഡ് അടിച്ചു....അവള്‍ വാതില്‍ തുറന്നു.! ഇപ്പോള്‍ കണ്ണുകള്‍ മാത്രമല്ല ,അവളുടെ വസ്ത്രങ്ങളും മുഖത്തെ മേക്കപ്പും തിളങ്ങുന്നു.

"ഭര്‍ത്താവ് നേരത്തെ പോയി.മോനെ ഉറക്കാനാണ്‌ ബുദ്ധിമുട്ടിയത്."

അയാളുടെ ഉള്ളില്‍ ഒരു ആന്തലുണ്ടായി .

"ഞാന്‍ കരുതി നിങ്ങള്‍ വരില്ലെന്ന്."അവള്‍ പറഞ്ഞു.

വരാന്‍ പാടില്ലായിരുന്നു.!തന്നെ കരവലയത്തിലാക്കിയ ആ സ്ത്രീയെ അതു വരെ നയിച്ച മൃഗീയ ആകര്‍ഷണത്തിന്റെ പൂര്‍ത്തീകരണത്തിനായി അമര്‍ത്തുമ്പോയും മനസ് തരിച്ച് നിന്നു.ജീവിതത്തിലെ ആദ്യ സ്ത്രീ സ്പര്‍ശ്ത്തിന്റെ, അല്ല എത്തിപ്പെട്ട അപരിചിതമായ സന്ദര്‍ഭത്തിന്റെ ആശങ്കയോ?സുഹൃത്തുക്കള്‍ പോലും അറിയാതെ വളര്‍ത്തിയെടുത്ത ആ ബന്ധം പൂര്‍ത്തീകരിക്കുന്ന സന്ദര്ഭത്തിനായി ഒരു ജാരന്റെ എല്ലാ ആകാംഷയോടും കാത്തിരുന്ന തനിക്കോ?അവളാവട്ടെ കൊഞ്ചിക്കുഴയുകയാണ്‌.തന്നെ ആസക്തിയുടെ ഉന്മത്തതയിലേക്ക് നയിക്കുന്ന പ്രകടനമ്.അത് മനസില്‍ മുള പൊട്ടിയ വെറുപ്പിനെ കൂടി മറികടക്കുന്നു.

സമയം അതിന്റെ മായികഭാവങ്ങളോടെ കടന്ന് പോവുകയായിരുന്നു.വാതിലിലെ മുട്ട് തീര്‍ത്തും അപ്രതീക്ഷിതമായി.കാര്യങ്ങള്‍ എത്ര വേഗമാണ്‌ കീഴ്മേല്‍ മറിഞ്ഞത്.വാതില്‍ പഴുതിലൂടെ പുറത്തേക്ക് കണ്ണയച്ച അവളുടെ മുഖം വിവര്ണമായി."അയ്യോ..എന്ന മൊറവിളിയോടെ അവള്‍ വെപ്രാളപ്പെട്ടു.പിന്നെ അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.അരാണു..അവളുടെ ഭര്‍ത്താവോ?ഇരുളില്‍ വര്‍ധിക്കുന്ന അയാളുടെ നെഞ്ചിടിപ്പിന്റെ ഗതിവേഗം .

എത്ര നേരം കടന്ന് പൊയി എന്നറിയില്ല.അല്പം പോലും അവശേഷിക്കാതെ ഉരുകിയൊളിച്ച് പോയിരുന്നെങ്കില്‍ എന്നാശിച്ചു.തന്റെ മേല്‍ വന്നു ഭവിക്കാന്‍ പോവുന്ന അവസ്ഥ എത്ര ദാരുണമായിരിക്കും ?ഓര്ക്കുമ്പോളെ വിറച്ച് പോവുന്നു.

ഒന്നും ചെയ്യാനില്ല.പൊടിയും ചുക്കിരിയും മൂടി ചവറ്‌ പോലെയായ നഗ്ന ശരീരം ഒന്നു ചെറുതായി ഇളക്കാന്‍ പോലും ധൈര്യമില്ല.എവിടെയാണ്‌ തന്റെ വസ്ത്രങ്ങള്‍ ?മന്സിനെ കടിച്ചമര്‍ത്തി നിര്‍ത്താനായിരുന്നു പ്രയാസം .ഒന്നു തേങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു.അപ്പോഴാണ്‌ ഒരു കരസ്‌പര്‍ശത്തിന്റെ അനുഭവം നിറഞ്ഞത്!അത് ഇരുളിലെ ശൂന്യതയില്‍ നിന്നോ തന്റെ മീതെ വീഴുന്നു?

പനി പിടിച്ച് കിടന്ന ഒരു പഴയ രാവ്.അന്ന് താന്‍ ദൃഢഗാത്രനായ ഈ യുവാവല്ല.പനിയുടെ തീവ്രത വര്‍ധിച്ച ഉണര്‍വ്വിന്റെ ഏതോ യാമത്തില്‍ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു.തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ അറിയുന്നത് ആശ്വാസം പകര്‍ന്ന് കൊണ്ട് നെറ്റിയിലൂടെ പായുന്ന കരസ്‌പര്‍ശം ആണ്.കട്ടിലിന്റെ അരികില്‍ അച്‌ഛന്‍ ഇരിപ്പുണ്ടായിരുന്നു.ഉറങ്ങിക്കോ...അച്‌ഛന്‍ തലോടി കൊണ്ടിരുന്നു.

അതേ കരസ്‌പര്‍ശം .ഇതൊരു മിഥ്യാബോധമോ?അയാളുടെ ഭീതി അപരിചിതമായ ഉത്കണ്ഠകള്‍ക്ക് വഴി മാറി.

ശ്..ശ്...അവളാണ്."വേഗം പൊയ്ക്കോളൂ.കള്ളു കുടിച്ച് തലക്ക് പിടിച്ചപ്പോള്‍ യാത്ര മാറ്റി അങ്ങേര്‍ മടങ്ങി വന്നിരിക്കുന്നു.അകത്ത് കിടത്തിയിരിക്കുകയാണ്.പോ"

വസ്‌ത്രങ്ങള്‍ വലിച്ച് കയറ്റി കൊണ്ട് അയാള്‍ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി ഓടി.ആത്മാവില്‍ കോരിച്ചൊരിയുന്ന ആത്മനിന്ദയോടെ ചെളിയില്‍ പൂഴ്ന്ന് കൊണ്ടിരിക്കുന്ന കാലുകള്‍ വലിച്ചൂരി കൊണ്ടുള്ള പാച്ചില്‍ .വികാരാവേശത്തിന്റെ നികൃഷ്‌ടതയില്‍ താനൊരു പുഴുവായിരിക്കുന്നു.ചെളിയില്‍ പുളയ്ക്കുന്ന പുഴു.മനസില്‍ ഭയാനകമായ ആ ഉത്കണ്ഠ വീണ്ടും നിറയുന്നു.അയാള്‍ മൊബൈല്‍ എടുത്ത് സ്വിച്ച് ഓണ്‍ ചെയ്ത് വീട്ടിലേക്ക് ഡയല്‍ ചെയ്തു.ലൈന്‍ കിട്ടുന്നില്ലല്ലോ?സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.ഈ സമയം വീട്ടിലെ ഫോണ്‍ എന്തേ ബിസി ആവാന്‍ ?.

തെരുവ് വിജനമായിരുന്നു.ആ വിജനതയില്‍ ചിണുങ്ങി കരയണമെന്നും അല്പം മുന്പ് സ്വപ്നത്തിലെന്ന പോലെ തഴുകി പോയ ആ കരസ്‌പര്‍ശം വീണ്ടും അനുഭവിക്കണമെന്നും ആഗ്രഹിച്ചു.പക്ഷെ ഒരു ഇളം കാറ്റ് പോലും വന്നില്ല. .ആരെങ്കിലും തന്നെ വിളിച്ചിരുന്നോ ആവോ?ഫോണ്‍ ഓഫാക്കിയിരുന്നല്ലോ!വല്ലാത്ത ഉത്കണ്ഠയുടെ വീര്പ്പ്മുട്ടല്‍ .വീണ്ടും വീട്ടിലേക്ക് ഡയല്‍ ചെയ്തു.ഹാവൂ!,ഇത്തവണ ബെല്‍ കേള്‍ക്കുന്നുണ്ട്.അപ്പുറത്ത് ഫോണ്‍ എടുത്തത് തിരിച്ചറിഞ്ഞ ക്ഷണത്തില്‍ ,ഉഛസ്ഥായിലായ ശ്വാസോച്‌ഛാസം പിടിച്ച് നിര്‍ത്താന്‍ പാടു പെട്ടു കൊണ്ട് അയാള്‍ ആരാഞ്ഞു.

"ഞാനാ.....അച്‌ഛന്‍ ??"

ശിഥിലവീചികള്‍ -1(cont)

Author: ezhuthukaran / Labels:

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ജീവിതം എത്ര മാത്രം വിരസവും ഒറ്റപ്പെട്ടതുമായിരുന്നു എന്നു ഇപ്പോഴാണു അവള്‍ തിരിച്ചറിഞ്ഞത്‌.ഉമ്മായും താനും ചലനമറ്റ ഒരു കൊച്ചു ലോകത്തിന്റെ ഉള്ളില്‍ അടഞ്ഞു കിടക്കുകയായിരുന്നു.അതു എന്ധൊരു ലോകം ആയിരുന്നു?നിറവും വര്‍ണങ്ങളും ഇല്ലാത്ത ലോകം.വിരസവും അനുഭവരഹിതവുമായ കാലം.ഉമ്മാ കാത്തിരുന്നത്‌ രണ്ട്‌ ഫോണ്‍ കോളുകള്‍ക്കാണു!ഗള്‍ഫില്‍ നിന്നും വാപ്പായുടെയും ബാങ്ങ്ലൂരില്‍ പഠിക്കുന്ന ഇക്കാക്കായുടെയും.അതിനെ ചൊല്ലിയുള്ള വേവലാതികളായിരുന്നു പിന്നെ മുഴുവനും.അവളുടെ ലോകം സ്കൂളും ,വീട്ടിലെ നിശബ്ദതയും ഹോംവര്‍ക്കുകളും ആയിരുന്നു.പലപ്പോഴും വിരസത തോന്നിയിട്ടുണ്ട്‌.എന്നാല്‍ ഒരിക്കല്‍ പോലും മെച്ചപ്പെട്ട മറ്റൊന്നിനായി കത്തിരുന്നിട്ടില്ല.അങ്ങനെ ഒരു പ്രതീക്ഷക്കുള്ള പ്രാപ്തി കൂടി അവള്‍ക്കന്ന് ഉണ്ടായിരുന്നില്ല എന്നതാണു സത്യം.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വാപ്പ ഞങ്ങളെ ഗള്‍ഫിലേക്കു കൊണ്ടു പോവാന്‍ പൊവുന്നു,താന്‍ പ്ലസ്‌ റ്റൂ പഠിക്കാന്‍ പോവുന്നത്‌ അവിടെയാണു എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക്‌ അതൊരു കൌതുകം മാത്രമായിരുന്നു.ബന്ധുക്കള്‍ക്കെല്ലാം അതൊരു തമാശയായിരുന്നു.അവര്‍ പറഞ്ഞു.'കുട്ടികളെ ചെറിയ ക്ലാസുകളില്‍ അവിടെ പഠിപ്പിച്ച ശേഷം നാട്ടിലേക്കു മടക്കി അയക്കുകയാണു സാധാരണ പതിവു. നിങ്ങള്‍ എല്ലാത്തിലും വിപരീതം ആണല്ലോ?റസിയയുടെ പഠിത്തമൊക്കെ
അവതാളത്തിലാകും.അവിടെ നല്ല എണ്ട്രന്‍സ്‌ കോച്ചിങ്ങിനു സൌകര്യം ഇല്ല.അവളെ ഹോസ്റ്റലിലാക്കി പൊയ്ക്കൂടെ?'.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തനിക്കത്‌ എത്ര വലിയ നഷ്ടമാവുമായിരുന്നു എന്നു ഇപ്പൊള്‍ അവള്‍ തിരിച്ചറിയുന്നു.വാപ്പായുടെ വാത്സല്യമാണു അവളെ ഇവിടെ എത്തിച്ച്കത്‌.വാപ്പ സമ്മതിക്കാഞ്ഞത്‌ കൊണ്ടാണു അതു നടക്കാതിരുന്നത്‌.ഓര്‍മ്മ വെച്ച കാലം മുതലേ ആണ്ടുകളുടെ അറുതിയില്‍ വല്ലപ്പൊഴും വന്നെത്താറുള്ള സന്ദര്‍ശകന്‍ മാത്രമായാണു വാപ്പ്പ്പായെ അറിയുന്നത്‌.എന്നാല്‍ ഇന്നു ആ വാത്സല്യത്തിന്റെ ശീതളഛായ അവള്‍ക്കു പ്രത്യക്ഷമായ ആശ്വാസവും ആനന്ദവും നല്‍കുന്നു.

മൂടി കെട്ടിയ ആ ലോകത്തിന്റെ വിടുതല്‍ ഉമ്മായും ആസ്വദിക്കുന്നുണ്ട്‌.ഉമ്മായുടെ ഉത്സാഹവും കണ്ണുകളുടെ സുന്ദരമായ തിളക്കവും അതു വിളിച്ചറിയിക്കുന്നു.അന്നു ഒരു പാടു കരഞ്ഞ്‌ പറഞ്ഞാലും ഒരു കഷ്ണം ചോക്ലയ്റ്റ്‌ വാങ്ങി തരാന്‍ മടിച്ചിരുന്ന ഉമ്മ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ ട്രോളിയിലൂടെ സാധനങ്ങള്‍ നിറച്ചു കൊണ്ട്‌ നടക്കുന്നു.'നിനക്ക്‌ വേണമെങ്കില്‍ എടുത്തൊ റസിയ...ഇല്ലെങ്കില്‍ എനിക്കു വേണം'എന്ന് പറഞ്ഞാണു ഉമ്മ ചോക്ലൈറ്റും ഐസ്‌ ക്രീമും വങ്ങുന്നത്‌.

ആദ്യമായി ഒരു 'വന്‍ കിട മാളി'നുള്ളില്‍ ചെന്നെത്തുമ്പൊള്‍ അറബിക്കഥയിലെ അത്ഭുത ലൊകത്ത്‌ എത്തിയ പ്രതീതി ആയിരുന്നു.ഷോപ്പിംഗ്‌ ഇവിടെ ഒരു ഉത്സവം പോലെ.വര്‍ണ വിളക്കുകള്‍ ഒളി ചിതറുന്ന അതിവിപുലമായ
ബഹുനില കോമ്പ്ലക്സിനുള്ളില്‍ ആവശ്യമുള്ളതെല്ലാം നിങ്ങളുടെ കൈ അകലത്തില്‍.ആവശ്യം ഉള്ളതായാലും ഇല്ലെങ്കിലും ഇവിടെ വില്‍പ്പനക്കുള്ള എല്ലാ വസ്തുക്കളും നമ്മെ മോഹിപ്പിക്കുന്നു.അതു നമ്മുടെ മാന്യതക്കു അവശ്യം വേണ്ട അലങ്കാരമാണെന്നു നമ്മുക്ക്‌ ഉറപ്പാകുന്നു.അതു ഒഴിവാക്കാന്‍ ആവില്ല.വസ്തുക്കള്‍ നമ്മെ തിരഞ്ഞെടുക്കുകയാണിവിടെ!ഉപഭോക്താക്കളുടെ ഭാഗ്യത്തെ അളന്നു കൊണ്ട്‌ മെറ്റാലിക്ക്‌ തിളക്കവുമായി അലങ്കരിച്ച ഒരു കാര്‍ മധ്യേ കിടപ്പുണ്ട്‌.അതിന്റെ നേരെ ആഗ്രഹത്തോടെ കണ്ണുകളെറിഞ്ഞു കടന്നു പൊവുന്ന ആള്‍ക്കൂട്ടം.

ആ ഭ്രമാത്മകമായ അന്ധരീക്ഷത്തിലൂടെ റസിയയും പരക്കം പാഞ്ഞു നടന്നു.എന്ധെല്ലാമാണു അവിടെ കിട്ടാത്തത്‌?ആ ധാരാളിത്തം അവളെ വിറപ്പിച്ചു കളഞ്ഞു.മനുഷ്യ ജീവിതത്തിനു ഇത്രയേറെ ആവശ്യങ്ങളോ?ആ മെട്രൊ പോളിറ്റന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ വിസ്ത്രിതമായ കച്ചവട സാമ്രാജ്യം കാണുന്ന ആരും ഇതു ചോദിച്ചു പോവും എന്നവള്‍ക്ക്‌ ഉറപ്പായിരുന്നു.ഉമ്മായ്ക്ക്‌ ഷോപ്പിംഗ്‌ ഒരു ലഹരി ബാധയായി തീരുന്നത്‌ അവള്‍ കണ്ടു.ഇയ്ക്കാക്കായുടെ വാക്കുകള്‍ ഒോര്‍ത്തു.'ഉപഭോക സംസ്ക്ര്തിയുടെ നീരാളി കൈകള്‍ നമ്മെയെല്ലാം പിടി കൂടുകയാണു.'എറ്റുമാനൂരിലെ ഒരു കൊച്ചു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌ തുടങ്ങിയ സമയത്താണു ഇതു പറഞ്ഞത്‌.ഇവിടെയീ കണ്‍സ്യൂമറിസ്റ്റ്‌ സ്വര്‍ഗ്ഗം കണ്ടാല്‍ ഇക്കാക്ക എങ്ങനെയാവും പ്രതികരിക്കുക
എന്നവള്‍ കൌതുകം കൊണ്ടു.

കൌതുകം മാത്രമായിരുന്നില്ല,അതൊരു ശൂന്യതയായിരുന്നു.പുത്തന്‍ ജീവിതരീതിയുടെ പെരുമഴയില്‍ നനയുമ്പൊള്‍ അതു മാത്രമായിരുന്നു അവള്‍ക്കൊരു വിഷമം.ഇക്കാക്കയുടെ അഭാവം.ചെറുപ്പം മുതലെ അവളുടേ ജീവുതക്കാഴ്ചകളുടെ വാതയനമായിരുന്നു അവന്‍.ഇവിടുത്തെ അത്ഭുതകരമായ കാഴ്ചകളൊടെല്ലാം ഈ വിധത്തില്‍ പ്രതികരിക്കുന്നത്‌ ഇക്കാക്കായുടെ ചിന്‍തകളൊട്‌ ചേര്‍ന്നു നിന്നിട്ടാണു.അവളുടെ ഒോര്‍മ്മയില്‍ ഒരു പഴയ ഫോട്ടോയുണ്ട്‌.ഒരു ചെറിയ മഞ്ഞയുടുപ്പ്‌ ധരിച്ച്‌ അവള്‍ ഇക്കാക്കയുടെ കൈ പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ.ഇക്കക്കയുടെ നില്‍പ്പ്‌ നല്ല് രസമാണു.വാപ്പായെ അനുകരിച്ച്‌ വലിയ ഒരാളുടെ ഗമ കാട്ടി,തല ഒരല്‍പ്പം മുകളിലേക്ക്‌ ചരിച്ച്‌ കൊണ്ടു ഗൌരവത്തൊടെ നോക്കുന്നു.എന്‍തും നേരിടാന്‍ ചങ്കൂറ്റം കാട്ടുന്ന നില്‍പ്പ്‌.അവരുടെ പ്രായവ്യത്യാസം മൂന്ന് വയസ്‌ മാത്രം ആയിരുന്നെങ്കിലും,അന്നവള്‍ക്ക്‌ ആ ഫോട്ടോ കാണുമ്പൊള്‍ ഇക്കാക്ക എറേ മുതിര്‍ന്ന ഗ്രാഹ്യമേറെയുള്ള വ്യക്തി ആയിരുന്നു.

അന്നും ഇന്നും ഇക്കാക്കാക്ക്‌ സ്വന്‍തമായ ഒരു ലോകമുണ്ട്‌.ആ ലോകം ഇക്കക്കയുടെ കൂടെ തന്നെ സഞ്ചരിക്കുന്നു.കുട്ടി ആയിരിക്കെ ആ ലോകം ആയിരുന്നു അവള്‍ കണ്ട്‌ വളര്‍ന്നത്‌.അവന്റെ ഭാവനയിലെ വിചിത്രമായ എത്ര കളവുകളാണു അവള്‍ വിശ്വസിച്ചിരുന്നത്‌?അന്നത്തെ വാടക വീടിന്റെ ദരിദ്രമായ പരിസരങ്ങള്‍ അവര്‍ കുട്ടികള്‍ക്ക്‌
പൂങ്കാവനമായിരുന്നു.വീടിന്റെ ഒരു മൂലയില്‍ ഉമ്മായും വാപ്പയും ആശയറ്റവരായി ഗദ്ഗദത്തൊടെ ഇരിക്കുമ്പൊള്‍ അവര്‍ ആ മാന്‍ത്രിക ലൊകത്തിലൂടെ പാറി പാറി നടന്നു.ഒടുവില്‍ ഉമ്മ ദേഷ്യത്തോടെ എഴുന്നേറ്റ്‌ ഇക്കാക്കക്ക്‌ നല്ലൊരു തല്ല് കൊടുക്കുന്നതൊടെയാവും ആ ലോകം മാഞ്ഞു പോവുക.ജീവിതം എറ്റവും വിഷമകരമായ സന്ധിയിലൂടെ കടന്നു പോവുന്ന ഈ സമയത്ത്‌ ഇവരിങ്ങനെ തിമിര്‍ത്ത്‌ രസിക്കുന്നത്‌ ഉമ്മാക്ക്‌ മനസിലാവുന്നില്ല.'അധികം അല്ലഹുവിനെ മറക്കാതെ പിള്ളാരെ!' .വാപ്പ ഒന്നും മിണ്ടാതെ ശൂന്യമായ കണുകളോടെ നഖം കടിച്ചു കൊണ്ട്‌ അവറെ നോക്കും.

റസിയ ഭയപ്പാടുകളോടെ യാഥാര്‍ത്യങ്ങള്‍ക്ക്‌ കാതോര്‍ക്കും. ലോണ്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍ ജപ്തി ഉണ്ടാവുമത്ര! എന്‍താണത്‌?ഇക്കാക്ക ആണു വിശദീകരിച്ച്‌ കൊടുക്കുക.'പൈസ അടച്ച്‌ തീര്‍ത്തില്ലെങ്കില്‍ നമ്മെ പുറത്താക്കി വീട്‌ പൂട്ടി കളയും.'.' അപ്പൊ..എന്‍തു ചെയ്യും?'അവള്‍ക്ക്‌ പേടിയാവും. 'നമ്മള്‍ വേറെ വീട്ടിലേക്ക്‌ മാറും.ഇവിടെ വാടകക്ക്‌ താമസിക്കുന്നതാണല്ലോ?പാവം ബാങ്ക്‌ കാര്‍ക്ക്‌ അതറിയില്ല. അങ്ങനെ നമ്മളവരെ പറ്റിക്കും.'ഇക്കാക്കയുടെ എളുപ്പത്തിലുള്ള പരിഹാര മാര്‍ഗം അവള്‍ക്ക്‌ അല്‍പം ആശ്വാസം പകരും.എന്നാലും ചിന്‍തിക്കുമ്പൊള്‍ കരച്ചില്‍ വരും.എന്‍തിനാണു നമ്മളെ ഈ സ്വര്‍ഗലോകത്ത്‌ നിന്നും ഇറക്കി വിടുന്നത്‌?പുതിയ സ്‌ഥലത്ത്‌ ഇവിടുത്തെ പൊലെ പുല്‍മേടുകള്‍
ഉണ്ടാവുമോ?വീടിന്റെ പിന്‍ഭാഗത്ത്‌ കിണറ്റിന്‍ കരയോട്‌ ചേര്‍ന്ന് മേലത്തെ പറമ്പിന്റെ പൊളിഞ്ഞ തിട്ട പുല്ലു മൂടി കിടന്നിരുന്നു.അതാണു അവരുടെ പുല്‍മേട്‌.(ഇതൊരു കൊച്ച്‌ പതിപ്പ്‌ മാത്രമാണെന്നും,ഇതേ പോലെ വലിയ വലിയ പുല്‍മേടുകള്‍ ലോകത്ത്‌ പല ഭാഗത്തുമുണ്ട്‌ എന്നും ഇക്കാക്ക പറയും.)അവിടെ വൈകുന്നേരങ്ങലില്‍ വെയിലു താഴ്‌ന്ന മാംസളമായ അന്‍തരീക്ഷത്തില്‍ അവര്‍ മലര്‍ന്ന് കിടക്കാറുണ്ട്‌.പുല്‍നാമ്പുകളുടെ കൂര്‍ത്ത അറ്റം അവരുടെ തൊലികളെ ഇക്കിളിയാക്കും.അവയുടെ ഇടയിലൂടെ പതുങ്ങി നടക്കുന്ന കറുത്ത തടിയന്‍ ഉറുമ്പുകളുണ്ട്‌.ഒരിക്കല്‍ അതിലൊന്ന് റസിയയെ കടിച്ചു.അന്നു ഇക്കക്കാ അതിനെ വിചാരണ നടത്തി വധശിക്ഷക്ക്‌ വിധിച്ചു. രണ്ട്‌ കല്ലുകളുടെ ഇടയില്‍ വച്ക്‌ നാടകീയമായി ശിക്ഷ നടപ്പാക്കി.'ഇനി ചിലപ്പൊള്‍ മറ്റ്‌ ഉറുമ്പുകള്‍ നമ്മളെ ഇവിടെ കിടക്കാന്‍ അനുവദിക്കില്ല.അവയ്ക്കു നമ്മൊടു ദേഷ്യം ഉണ്ടാവും.'ഇക്കാക്കാ റസിയയെ പേടിപ്പിക്കും.പിന്നെ അവളുടെ പരിഭ്രമം ആശ്വസിപ്പിക്കും. 'നമ്മളെ കടിച്ചത്‌ കൊണ്ടാണല്ലോ നമ്മളങ്ങനെ ചെയ്‌തത്‌.കാരണമൊന്നുമില്ലാതെ ഉപദ്രവിക്കരുത്‌.ഇപ്പോ നമ്മുടെ ഭാഗത്ത്‌ തെറ്റൊന്നുമില്ലല്ലൊ?നിയമം നടപ്പാക്കി എന്നു മാത്രം.അതു കൊണ്ട്‌ സാരമില്ല.'

അങ്ങനെയാണു ഇക്കാക്ക.ചുറ്റുപാടുകളുടെ ഇടയിലെ ഒരു കഥാപാത്രമാണു എന്ന് സ്വയം കരുതും.ആ സങ്കല്‍പത്തിലൂടെ സഞ്ചരിക്കും.വീണ്ടും പുല്‍മേട്ടില്‍ മലര്‍ന്ന്
കിടന്ന് അസ്തമയ സൂര്യന്റെ ചുവപ്പില്‍ കലര്‍ന്ന മേഘങ്ങള്‍ കാണുമ്പൊള്‍ മറ്റൊരു ഭാവനാ ലോകം ഇക്കാക്കയുടെ ഉള്ളില്‍ ഉണരുകയായി.അവിടെ നടന്നു കൊണ്ടിരിക്കുന്ന ഘോരഘോരമായ യുദ്ധങ്ങളുടെ കഥ അവന്‍ പറയും.അവിടെ ഉറുമ്പുകളെ പോലെയുള്ള ജീവികളാണു ശക്തന്മാര്‍.അവര്‍ മനുഷ്യരെ വേട്ടയാടുന്നു.ആ ഒഴുകുന്ന രക്തപ്പുഴകളാണു മേഘങ്ങളെ ചുവപ്പിക്കുന്നത്‌.ഇവിടെ ഈ ലൊകത്ത്‌ മാത്രമെ നമ്മുക്കിത്രയും ശാന്‍തിയും സമാധാനവും ഉള്ളൂ.ഇതെല്ലാം കേട്ടിരിക്കുന്ന റസിയ അവിടെയൊന്നും ജനിപ്പിക്കാതിരുന്നതിനു പടച്ചവനോട്‌ നന്ദി പറയും.ഇക്കാക്കയുടെ അറിവില്‍ ആശ്ചര്യപ്പെടും.

കുളിപ്പിക്കാനായി കിണറ്റിന്‍കരയിലേക്ക്‌ പിടിച്ച്‌ കൊണ്ട്‌ പോവുന്നത്‌ വരെ എല്ലാ വൈകുന്നേരങ്ങളിലും അവരവിടെ സ്വന്‍തമായ ലോകം പണിതു. തളിരിലയുടെ നൈര്‍മല്ല്യം തൂവുന്ന ബാല്യകാലത്തിനു മാത്രം അനുഭവവേദ്യമായ ലോകം.കിണറ്റിന്‍ കരയില്‍ നിര്‍ത്തി ഉമ്മ ആദ്യം ഇയ്ക്കക്കായെ കുളിപ്പിക്കും. തൊട്ടിയില്‍ വെള്ളം കോരി ഒഴിക്കുമ്പൊള്‍ ഇക്കാക്കയുടെ ദേഹത്തു കൂടി വെള്ളം പാട കെട്ടി തെന്നിയിറങ്ങുന്നത്‌ നോക്കി അവള്‍ ഇരിക്കും.ആ സമയത്ത്‌ അവളെ സ്ഥിരമായി പറ്റിക്കുന്ന ഇക്കാക്കായുടെ ഒരു സൂത്രമുണ്ട്‌.അടുത്തിരിക്കുന്ന സോപ്പ്‌ പെട്ടിയിലെ സോപ്പ്‌ ചൂണ്ടി അവന്‍ പറയും.അതില്‍ നിന്നും ഔഷധഗുണമുള്ള ഒരു ചെറിയ കഷ്ണത്തെ മന്‍ത്രം ഉപയോഗിച്ച്‌ ജനിപ്പിക്കട്ടെ?സോപ്പിന്റെ
കുട്ടിയാണത്‌!കുളിക്കുമ്പൊള്‍ ആ കഷ്‌ണം ദേഹത്ത്‌ തേച്ചാല്‍ പെട്ടെന്ന് വലുതാവാം!നിനക്കത്‌ വേണോ?കണടച്ച്ക്‌ ചില ചേഷ്‌ടകള്‍ കാട്ടിയ ശേഷം ഇക്കക്കാ ഒരു തരി സോപ്പ്‌ കഷ്‌ണം അവള്‍ക്ക്‌ കൊടുക്കും .

'അയ്യടാ, ഇതു ഇക്കക്കാ ആ സോപ്പില്‍ നിന്നും ചുരണ്ടി എടുത്തതല്ലേ?'അവള്‍ക്കു കാര്യം മനസിലാവും.എന്നാലും ഇക്കക്കായുടെ വിശദീകരണം കേട്ടു കഴിഞ്ഞാല്‍ വിശ്വസിക്കാതെ വയ്യ.'അയ്യേ,അങ്ങനെയല്ല. നഖം കൊണ്ട്‌ വേണമെങ്കില്‍ ചുരണ്ടിയെടുക്കാം.അതിനു പക്ഷെ ഞാന്‍ പറഞ്ഞ ഗുണം ഇല്ല.ഇത്‌ മന്‍ത്രത്തിന്റെ ശക്തി കൊണ്ട്‌ തനിയെ അടര്‍ന്ന് ഉണ്ടാവുന്നതാണു.വേണമെങ്കില്‍ വിശ്വസിച്ച്കാല്‍ മതി!'

ഓര്‍ക്കുമ്പൊള്‍ ആ ചെറിയ ലോകം എത്ര മോഹനം ആയിരുന്നു.ഇന്ന് കാണുമ്പൊള്‍ ആ പുല്‍മേട്‌ ഒരു പുല്ലു പിടിച്ച തിട്ട മാത്രമാവാം. നിസാരമായ ആ ലോകത്തിന്റെ സ്വപ്നങ്ങളും വിഡ്‌ഡിത്തങ്ങളും ഓര്‍ത്ത്‌ ചിരിക്കാം. അതിസങ്കീര്‍ണമായ ഈ മഹാനഗരത്തിന്റെ താളം ഞരമ്പുകളില്‍ നിറയുമ്പൊള്‍ വിശേഷിച്ചും.എതായാലും ഈ പുതിയ ചുറ്റുപാടും അതിന്റെ വിശാലതയും അവിടുത്തെ ജീവിതവും തുടക്കത്തില്‍ അവളെ സന്‍തുഷ്‌ടയാക്കുന്നു.ഓര്‍മ്മയുടെ ആരംഭത്തിലെ അവളെ വിട്ട്‌ പ്രവാസിയായി ദൂരത്തേക്ക്‌ പോയ വാപ്പ ഇന്നു കൂടെ ഉണ്ട്‌.പിരിമുറുക്കവും ഏകാന്‍തതയും കൊണ്ട്‌ നഷ്ടപ്പെട്ട്‌ പോയ പ്രസാദവും പ്രസരിപ്പും വീണ്ടെടുത്ത്‌ ഉമ്മായും ഉണ്ട്‌.വര്‍ണ വിസ്മയമായി
വിരിയുന്നയീ നഗരം അവളുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ നെയ്യുന്നു.ഒരേയൊരു ശൂന്യത ഇക്കാക്കയുടെ അഭാവമാണു.അത്‌ ഇക്കക്കാ ബാഗ്ലൂരില്‍ പഠിക്കാന്‍ പോയത്‌ മുതല്‍ തുടങ്ങിയതാണു.ഇന്നിവിടെ പുതിയ ലോകത്തില്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടതായിരുന്നു.ഇക്കക്കാ കൂടി എത്തി കഴിയുമ്പോള്‍ ഇതൊരു പൂര്‍ത്തീകരിച്ച ലോകമാവും.

to be continued....

ശിഥിലവീചികള്‍ -1

Author: ezhuthukaran / Labels:

ഭാഗം ഒന്ന്. ©



1

(ഗള്‍ഫില്‍ ചെന്ന ശേഷം ഇക്കാക്കക്കു ആദ്യമായി അയച്ച കത്തില്‍ റസിയ ഇങ്ങനെ എഴുതി..

'എല്ലാത്തിനും ഇവിടെ എണ്‍തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍ ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ള മനോഹരമായ വീഥികള്‍.പല പല ദേശക്കാരും വര്‍ണക്കാരും വര്‍ഗക്കാരും അതിലെ നിറഞ്ഞു കവിയുന്നു.')



ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്ന നഗരത്തിന്റെ പ്രൌഡമായ ഉത്സവച്ചായ അവള്‍ക്കു ഏറെ പുതുമയായിരുന്നു.ആദ്യത്തെ പ്രഭാതത്തില്‍ ഫ്ലാറ്റിന്റെ ബാല്‍കണിയില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന പുതിയ കാഴ്ചകളിലേക്കു അവള്‍ ഉറ്റു നോക്കി.കണ്ണുകളില്‍ വിടരുന്ന കൌതുകം.ആ നഗരദ്രിശ്യം അവളുടെ ബോധമണ്ഡലത്തില്‍ നവ്യാനുഭൂതികളുടെ കലഹം തന്നെ ഉണ്ടാക്കി.



നഗരം,റോഡ്‌,വാഹനങ്ങള്‍,കെട്ടിടങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്‌.മൂന്നോ നാലോ വട്ടം എറണാകുളത്തെക്കു നടത്തിയിട്ടുള്ള യാത്രകളോടു ബന്ധപ്പെട്ടാണു മുന്‍പു ഇവയെല്ലാം നിലനിന്നിരുന്നത്‌.അതല്ലെങ്കില്‍ കോട്ടയം ടൌണിലേക്കു അപൂര്‍വം നടത്തുന്ന ഷോപ്പിംഗ്‌ യാത്ര.ഓര്‍ക്കുന്നു,അത്തരം യാത്രകള്‍ക്കു വേണ്ടിയുള്ള ഉള്‍പുളകത്തോടെയുള്ള ഒരുക്കം.അത്ഭുതകരമായ കാഴ്ചകള്‍ക്കു വേണ്ടി കണ്ണും മനവും തുറന്നുള്ള കാത്തിരുപ്പു.പിന്നെ,തിരക്കില്‍ പെട്ടുള്ള മുഷിപ്പു.യാത്രാക്ഷീണം.ഒടുവില്‍ വീടിന്റെ മൂടിപൊതിഞ്ഞ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തുമ്പോഴുള്ള ശാന്ധത.ഇക്കാക്ക കൂടെയുണ്ടെങ്കില്‍ ജ്ഞാനിയുടെ സ്വരത്തില്‍ പറയും.



"നാട്യ പ്രധാനം നഗരം ദരിദ്രം

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം"



മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ഈ വരികള്‍ അവള്‍ക്കും നല്ല ഓര്‍മ്മ ഉണ്ട്‌.ഇങ്ങനെ അവളുടെ നഗരവിവക്ഷകളും അനുഭവങ്ങളും ഇത്തരം യാത്രകളോടും അവ മനസില്‍ വീഴ്തിയ ചിത്രങ്ങളൊടും കൂടി അവസാനിക്കുന്നതായിരുന്നു.



ഇവിടെയിതാ തേച്ചു മിനുക്കിയെടുത്ത മറ്റൊരു ലോകം. നാലുപാടും ആകാശം വിഴുങ്ങി വളര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍.അവയുടെ കണ്ണാടി ഭിത്തികളില്‍ തട്ടിച്കിതറി തല ഉയര്‍ത്തുന്ന പ്രഭാതത്തെ ആവേശത്തോടെയും ഒതുങ്ങാത്ത അമ്പരപ്പോടെയും റസിയ ബാല്‍ക്കണിയില്‍ നിന്നും കണ്ടു.



താഴെ ഭംഗിയോടെ ക്രമത്തില്‍ അടുക്കിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ട നിര.പുലരിയിലെ തണുത്ത തെരുവിലൂടെ നടന്നു പോവുന്നവരെല്ലാം ബാഹ്യമോടികള്‍ ശരിയാംവണ്ണം പഠിച്ചു വെച്ചവരാണു.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യതിരിക്തത കാണാനാവുന്നു.അവരെ കടന്നു വിശാലമായ റോഡിലൂടെ ഒഴുകുന്ന വാഹനങ്ങള്‍.



എല്ലാറ്റിനേയും ചൂഴ്ന്നു നില്‍ക്കുന്ന ഒരു മാസ്മരികത.ഈ അന്ധരീക്ഷത്തിനു പോലും ആകര്‍ഷകമായ ഒരു സുഗന്ധമുണ്ട്‌.കോട്ടയം ടൌണിലെ പേരെടുത്ത വമ്പന്‍ തുണിക്കടകളുടെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ മുന്‍പ്‌ അവള്‍ ഇതേ ഗന്ധം അനുഭവിച്ചിട്ടുണ്ട്‌.ഇതേ ഗന്ധവും ഇതേ കൌതുകവും കുട്ടിക്കാലത്തു മറ്റൊരിക്കല്‍ അനുഭവിച്ചത്‌ മൂത്തുമ്മായുടെ വീട്ടില്‍ ചെല്ലുമ്പോഴാണു.ആ വമ്പന്‍ മാളികയുടെ ഉള്ളിലെ ലൊകം അന്നവള്‍ക്കു വിസ്മയം ആയിരുന്നു.കൊത്തുപണി ചെയ്ത ഫര്‍ണീച്ചറുകളും തീരെ മൃദുലമായ കുഷ്യനുകളും അലങ്കാരവസ്തുക്കള്‍ നിറഞ്ഞ ഷെല്‍ഫും മൂത്തുമ്മ കയ്യില്‍ വെച്ചു തന്ന സ്പടികം പോലെ തൊന്നിച്ച ജ്യൂസ്‌ നിറച്ക ഗ്ലാസും എല്ലാം അമ്പരപ്പുളവാക്കാന്‍ പോന്നതായിരുന്നു.എറ്റുമാനൂരിലെ അവരുടെ ദരിദ്രമായ വാടകവീടിന്റെ മങ്ങിയ ചുവരുകളുടെ നാലതിരില്‍ നിന്നും വരുമ്പോള്‍ അങ്ങനെയാവാനെ തരമുള്ളൂ.അന്നു തന്റെ കൊച്ചു ലോകത്തിലെ കൊച്ചു ബുദ്ധിയില്‍ തോന്നിയ അദ്ഭുതത്തിന്റെ മറ്റൊരു വലിയ ആവര്‍ത്തനമാണു ഈ നഗരത്തിന്റെ പണക്കൊഴുപ്പിന്റെ മുന്നില്‍ നില്‍ക്കുമ്പൊഴും അനുഭവപ്പെടുന്നതെന്ന് ബാല്‍ക്കണിയില്‍ നിന്നും കാഴ്ചകള്‍ കാണവേ അവള്‍ തിരിച്ചറിഞ്ഞു.



വലതു വശത്തു തിക്കിത്തിരക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ ഒരു ജലാശയത്തിന്റെ തുണ്ടു കാണാം.ഭൂപടം നൊക്കി അതു ഖാലിദ്‌ ലഗൂണ്‍ എന്ന തടാകമാണു എന്നവള്‍ ഊഹിച്ചു.കോര്‍ണിഷ്‌ എന്നാണു എല്ലാവരും ആ പ്രദേശത്തെ പറയുന്നത്‌.വേലി കെട്ടിത്തിരിച്ചു അതിന്റെ കരയിലൂടെ കൊണ്‍ക്രീറ്റ്‌ കല്ലുകള്‍ പാകിയ ഒരു നടപ്പാത പണിതിട്ടുണ്ട്‌. നടപ്പാതയ്ക്കും റോഡിനുമിടയില്‍ വിശാലമായ പുല്‍ത്തകിടി.അതിനെ അതിരിട്ട്‌ ഈന്ധപ്പനയുടെ നിരകള്‍.പുല്‍ത്തകിടിയുടെ മധ്യത്തില്‍ വിവിധ ആകൃതിയിലും വര്‍ണത്തിലുമുള്ള മനോഹരമായ പൂക്കള്‍.വൈകുന്നേരമാവുമ്പോള്‍ ആളുകള്‍ അവരുടെ വീടിന്റെ കുടുസില്‍ നിന്നും പുറത്തു കടന്നു,കൊര്‍ണിഷിലെ തണുത്ത കാറ്റിന്റെയും ശുദ്ധവായുവിന്റെയും തലോടല്‍ കൊതിച്ചു പുല്‍ത്തകിടിയില്‍ വന്നിരിക്കും.അറബി കുടുംബങ്ങള്‍ മടക്കിയെടുക്കാവുന്ന മേശയും കസാരയും,വലിയ ബാഗില്‍ നിറയെ ഭക്ഷണപദാര്‍ത്ടങ്ങളും കരുതിയാണു വരിക.എന്നിട്ട്‌ മുതിര്‍ന്നവര്‍ വട്ടത്തിലിരുന്ന് ആഹാരം കഴിക്കുകയും സംസാരത്തിലേര്‍പ്പെടുകയും ചെയ്യുന്നു.അപ്പൊള്‍ അവരുടെ കൊച്ചു കുട്ടികള്‍പുല്‍ത്തകിടിയിലൂടെ തലകുത്തി മറിഞ്ഞു കളിക്കുന്നുണ്ടാവും. മലയാളികളടക്കം ലോകത്തെമ്പാടും നിന്നുള്ള ഒരു പാട്‌ പ്രവാസികള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ടുകളുടെ ഭാരവും പേറി നടക്കുന്നതും കാണാം.



വ്യായാമത്തിനും ഈവനിംഗ്‌ വാക്കിനും വരുന്നവര്‍,മറുകരയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്നവര്‍,അടുത്ത പള്ളിയിലേക്കു നിസ്ക്കാരത്തിനു നീങ്ങുന്നവര്‍,സൈക്കിള്‍ ഒോടിക്കുന്ന കുട്ടികള്‍..അങ്ങനെ സന്ധ്യ വരെ നടപ്പാതയിലൂടെ ആള്‍ക്കൂട്ടം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നടപ്പാതയുടെ അരികില്‍ നിരത്തിയിട്ടുള്ള ബഞ്ചുകളില്‍ ഒന്നിലിരുന്ന് ഇതൊക്കെ ആദ്യമായി കണ്ട വൈകുന്നേരത്തിന്റെ നിറവിലാണു 'പല പല ദേശക്കാരും വര്‍ഗക്കാരും വര്‍ണക്കാരും അതിലെ നിറഞ്ഞു കവിയുന്നു എന്നു റസിയ എഴുതിയത്‌.



അന്ന് അടുത്ത ബഞ്ചിലിരുന്നു വാപ്പായും ഉമ്മായും സംസാരിക്കുന്നത്‌ കൂടി ശ്രദ്ധിക്കാനാവാതെ അവള്‍ കോര്‍ണിഷിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി ഇരിപ്പായിരുന്നു.അവള്‍ കാഴ്ചകള്‍ കോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.ഓളം വെട്ടുന്ന വെട്ടുന്ന വെള്ളത്തിനു മീതെ പറന്നു പൊങ്ങുന്ന വെളുത്ത പ്രാവുകളുടെ ചിറകടി.വേലിയില്‍ പിടിച്ചു നിന്ന് കൌതുകത്തോടെ അവയ്ക്കു തീറ്റ എറിഞ്ഞു കൊടുക്കുന്ന ആളുകള്‍.വെള്ളത്തിലൂടെ മെല്ലെ ഒഴുകുന്ന പഴമയും പ്രൌടിയും തോന്നിപ്പിക്കുന്ന ബോട്ടുകള്‍. നടുവിലായി അസ്തമയ സൂര്യന്റെ ചമയങ്ങള്‍ എറ്റു വാങ്ങി കൊണ്ട്‌ ഉയരത്തില്‍ ചിതറുന്ന ഫൌണ്ടന്‍. ദൂരെ തടാകത്തിനപ്പുറം കെട്ടിടങ്ങളുടെ തിങ്ങി നിരങ്ങിയ രൂപരേഖകള്‍.ഇടയില്‍ ഉയര്‍ന്നു കാണുന്ന ഒരു പള്ളിയുടെ മിനാരം.അതിനു പിന്നിലൂടെ എല്ലാ രൌദ്രതയും കൈയൊഴിച്ച്‌ ,കടും ചുവപ്പു നിറമുള്ള തെളിഞ്ഞ വൃത്താകൃതിയില്‍ താഴ്ന്നിറങ്ങുന്ന സൂര്യന്‍. തന്റെ ഭാവനയിലെ ശൂന്യമായിരുന്ന ഒരു പാട്‌ മേഖലകള്‍ പൂരിപ്പിക്കപ്പെടുന്നതായി അവള്‍ക്കു തോന്നി.മുന്‍പ്‌ അവള്‍ വരച്ചിരുന്ന ചിത്രങ്ങളിലെല്ലാം വളഞ്ഞ തെങ്ങും,ഒരു കൊച്ചു വീടും,വീതിയില്ലാതെ നീളുന്ന വഴിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.



കോര്‍ണിഷിനപ്പുറം കാണുന്ന കെട്ടിടങ്ങളുടെ ഇടയിലാണു അവളുടെ സ്കൂള്‍ എന്നു വാപ്പ പറഞ്ഞു. രാവിലെയും വൈകുന്നേരവും ഈ നടപ്പതയിലൂടെ നടന്നു പോയി വരണം.അങ്ങനെ കോര്‍ണിഷും അതിന്റെ സൌന്ദര്യവും തണുത്ത കാറ്റും ആള്‍ തിരക്കും എല്ലാമവളുടെ നിത്യജീവിതത്തിന്റെ ഭാഗമാവുകയാണു.ഇതാണു ഇനിയവളുടെ ലോകം!അവള്‍ക്കു തോന്നിയ സതൊഷത്തിനു അതിരുകളില്ലായിരുന്നു.മനസ്‌ നിറയുന്നു..
to be continued...