കുമിളകള്‍. (ചെറുകഥ)

Author: ezhuthukaran / Labels:

ഉറങ്ങാന്‍ കിടക്കുന്നത് വരെ യാതൊന്നുമില്ല.കിടന്നു കഴിഞ്ഞാല്‍ അപ്പോഴതാ മൂക്ക് അടയുന്നു.കോര്‍ക്കു വച്ച് അടച്ച പ്രതീതി.വായിലൂടെ ശ്വാസം എടുക്കില്ല എന്നുറച്ച് മൂക്ക് വിടര്‍ത്തി എല്ലാ ശക്തിയും പിടിക്കും .തടി അറുക്കുന്ന മാതിരി ശബ്‌ദകോലാഹലങ്ങളുടെ ഒടുവില്‍ അല്പം പ്രാണനു വേണ്ടിയുള്ള നെഞ്ചിന്റെ പിടച്ചിലില്‍ വായ തുറന്ന് കൊടുക്കും .അത് മൂലം കുറെ കഴിയുമ്പോള്‍ വായ ഉണങ്ങി ദുസ്വാദ് നിറയുന്നു.വീണ്ടും മൂക്ക് വിടര്‍ത്തി ശ്വസിക്കാന്‍ ശ്രമിക്കും .ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥത പെരുത്ത് ഞാന്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേല്ക്കുന്നു.ദേഷ്യത്തോടെ തല കുടയുന്നു.മുറിയില്‍ അങ്ങുമിങ്ങും നടക്കുന്നു.ശാപവാക്കുകള്‍ ഉരുവിട്ട് പോവുന്നു.

ഇതിപ്പോള്‍ പതിവായി.ഇന്നലെ രാത്രി, ഇങ്ങനെ നട്ടം തിരിഞ്ഞ് ഒടുവില്‍ ഉറങ്ങിയത് രാവിലെ മൂന്നരക്കാണ്‌ .മുന്‍പ് ഒരു ജലദോഷം പോലും ഉണ്ടായിരുന്നില്ല .ഇപ്പോള്‍ എന്താണ്‌ ഇങ്ങനെയൊരു ശ്വാസം മുട്ടല്‍ ?ഇവിടുത്തെ ഈ അന്തരീക്ഷം വിട്ട് പോവാമെന്നു വെച്ചാല്‍ ലോകം അത്രക്ക് വിശാലമൊന്നുമല്ലല്ലോ?ഭീരുത്വത്തിന്റെ മൂടുപടം ചീന്തുവാന്‍ എനിക്ക് കഴിയുമോ?അല്ലെങ്കിലും ഞാനെന്തിനു ഈയൊരു മൂക്കടപ്പ് ഭയന്ന് ഓടി പോവണം ?

_ ഉം ...എഴുത്തിന്റെ തുടക്കം ഇങ്ങനെയാണോ? --_

ഒന്ന് കേള്‍ക്കൂ,ഇത് വായിച്ച് തീരുമ്പോള്‍ ഇതെന്ത് കഥ എന്നോ മറ്റോ തോന്നിയാല്‍ ക്ഷമിക്കുക!മൂക്ക് അടഞ്ഞ് പ്രാണവായുവിനു വേണ്ടി നാക്ക് നീട്ടിയ കോലത്തില്, ഉറക്കം പോലും നഷ്‌ടപ്പെട്ടവന്‍ പൂണ്ട അസ്വസ്ഥതയൊടെ ഇരുന്നെഴുതിയതാണ്‌ എന്നോര്‍ത്തെങ്കിലും ക്ഷമിക്കുക!ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്.ചെറുപ്പം മുതലേ എന്തെങ്കിലും അസുഖം ബാധിച്ചാല്‍ ബഹളം കൂട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിക്കുമായിരുന്നു.ചുറ്റുമുള്ളവരുടെയെല്ലാം ശ്രദ്ധയും പരിചരണവും എനിക്ക് വേണം .എന്റെ വിഷമതകള്‍ മുഴുവനായി മനസിലാക്കപ്പെടണം എന്ന ശാഠ്യം .ഇത്തരം മനശാസ്ത്രമായിരിക്കും എന്നെ കൊണ്ട് ഇതെല്ലാം എഴുതിക്കുന്നത്!ഇവിടെ ഈ ഏകാന്തതയില്‍ മറ്റെന്താണ്‌ ഞാന്‍ ചെയ്യുക?ക്ഷമിക്കണം ..


-_ശരി...ശരി...കഥ കേള്‍ക്കട്ടെ._

അങ്ങനെയങ്ങ് പറയാന്‍ പറഞ്ഞാല്‍ അത്രയൊന്നുമില്ല.ഇന്നലെ ഞാന്‍ ഉറങ്ങിയപ്പോള്‍ മൂന്നരയായി എന്ന് പറഞ്ഞല്ലോ?അവധി ആയിരുന്നത് കൊണ്ട് അത് സുഖകരമായി രാവിലെ പതിനൊന്നര വരെ നീണ്ടു.പിന്നെ പതിവ് പോലെ ഒടുങ്ങിയ ദിനത്തിനു മീതെ രാവ് വന്നെത്തിയപ്പോള്‍ ചില അസ്വസ്ഥതകള്‍ നിമിത്തം ഡയറി എഴുതാന്‍ ഇരുന്നു. പതിവുകളും പതിവില്ലായ്മയും മനസിലൂടെ കടന്ന് പോയി.പലതും എഴുതണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.ഒടുവില്‍ ഡയറി മടക്കി വച്ച് കിടന്നപ്പോള്‍ പതിവുകാരന്‍ ആയുധം മൂര്‍ച്ച കൂട്ടി ഇരുളിന്റെ മറവില്‍ നിന്നും ഇറങ്ങി വന്നു.ഏറെ കഴിയുമ്പോഴും അത്യന്തം രോഷത്തോടെ ഞാന്‍ മൂക്കിന്റെ ദ്വാരങ്ങള്‍ തുറന്ന് കിട്ടാന്‍ സര്‍വ്വശക്തിയുമെടുത്ത് വലിക്കുകയാണ്‌.ഞാന്‍ വിചാരിച്ചിരുന്നത് മോഹന്‍ലാലില്‍ നിന്നും കഥ എഴുതി തുടങ്ങാമെന്നാണ്‌.പതിവ് കൃത്യങ്ങളുടെ ചിത്രീകരണത്തോടെ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ ടി പി ബാലഗോപാലന്‍ എം എ ഓര്‍മ്മയില്ലേ?അങ്ങനെ ഒരു തുടക്കം .അതെ,ചോദിക്കണമെന്ന് കരുതിയിരുന്നതാണ്.ഇപ്പോഴാണ്‌ ഓര്‍ത്തത്.ബ്രീത്ത് ഈസി എന്നൊരു വാക്കും കടിച്ച് പിടിച്ച് മോഹന്‍ലാല്‍ ഒരു മരുന്നിനെ പറ്റി പറയുന്നുണ്ടല്ലോ?അതെങ്ങനെ?മൂക്കടപ്പിനു വളരെ ഫലപ്രഥമാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ?ശരിയാണോ?


_ആവോ,എനിക്കറിയില്ല.നിങ്ങളൊന്നു വേഗം പറഞ്ഞ് തീര്‍ക്കുമോ?_

ശരി, ശരി.. ഞാന്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് കഥയില്‍ പരാമര്‍ശിക്കണമല്ലോ?ബാംഗ്ലൂരില്‍ നിന്നും തുംകൂറിലേക്ക് നീളുന്ന ദേശീയപാതയിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇരു വശവും പൊടിയും ബഹളവും നിറഞ്ഞ അന്തരീക്ഷത്തില്‍ കടകളുടെ നിര കാണാം .കൂറ്റന്‍ ജന്തുക്കളെ പോലെ വരിവരിയായി ഭാരം വഹിച്ച് തളര്‍ന്ന ലോറികള്‍ കിടപ്പുണ്ടാവും .അവയുടെ ഡ്രൈവര്‍മാര്‍ കൊച്ച് ചായകടകളുടെ മുന്നിലെ കല്‍ബഞ്ചുകളിലിരുന്ന് മസാലച്ചായക്കൊപ്പം സിഗരറ്റ് പുക വലിച്ച് കയറ്റുകയാണ്‌.കടക്കുള്ളില്‍ നിന്നു ബഹുവര്‍ണങ്ങളിലുള്ള പാന്‍മസാലകളും ചില്ലുഭരണിയില്‍ നിറച്ച പലഹാരങ്ങളും അവരെ നോക്കി ചിരിക്കുന്നു.പിന്നെയും ചിലര്‍ സമീപത്തുള്ള ദുര്‍ഗന്ധം പേറുന്ന തല്ലിപ്പൊളി ബാറുകളുടെ ഇരുണ്ട അന്തരീക്ഷത്തിലേക്ക് നൂണ്ട് കയറുന്നു.ദുര്‍ബലരാവാതെ അവരെ വിട്ട് മുന്നോട്ട് നീങ്ങുക.ചൂടും പൊടിയും നിറഞ്ഞ ഈ പീഠഭൂമിയിലെ വേനലിന്റെ പരുക്കന്‍ പ്രഹരങ്ങള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നുണ്ടാവും . ചിലപ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും നാസാഗ്രങ്ങളില്‍ ചൂടും അസ്വസ്ഥതയും തോന്നാം .അങ്ങനെയാണെങ്കില്‍ മൂക്കടപ്പിനുള്ള മുന്നറിയിപ്പുകളാണ്‌ എന്നോര്‍ക്കുക.വെയില്‍ വീണ്‌ പഴുത്ത് കിടക്കുന്ന പെരുമ്പാതയിലൂടെ ശരം വിട്ട പോലെ വാഹനങ്ങള്‍ ചീറി പായുന്നത് കാണാം .ഇടയ്ക്കിടെ നിങ്ങളുടെ കാലുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പായുന്ന മെലിഞ്ഞു വൃത്തികെട്ട തെരുവ് നായ്ക്കളെ ശ്രദ്ധിക്കേണ്ട.നിങ്ങള്‍ കാലൊന്നു കുതറിയാല്‍ അവ ഭയന്ന് ചാടി ഏതെങ്കിലും വാഹനങ്ങളുടെ ടയറിനടിയില്‍ കുരുങ്ങാനും മതി!

ബസ് സ്റ്റോപ്പില്‍ നിന്നും നടന്ന് മൂന്നാമത്തെ ഇടവഴിയിലൂടെ ഉള്ളിലേക്ക് തിരിയുക.ഉള്ളില്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മാതിരിയുള്ള വീടുകള്‍ അടുക്കിയിരിക്കുന്നത് കാണാം . ഏതോ സ്കൂള്‍ അസംബ്ലിയിലെ ഉത്സാഹം നഷ്‌ടപ്പെട്ട കുട്ടികളെ പോലെയാണ്‌ അവയുടെ നില്പ്പ്.മുന്നോട്ട് ചെല്ലുമ്പോള്‍ ഒരു ബേക്കറിയുണ്ട്.വെയില്‍ മറക്കാന്‍ അതിന്റെ മുന്നില്‍ തുണി തൂക്കിയിട്ടുണ്ടാവും .ഉള്ളിലുള്ള മുറിച്ചുണ്ടന്‍ കൈയിലുള്ള തുണി ചുഴറ്റി ഈച്ചകളെ ആട്ടുന്ന കാഴ്ചയും കാണാം .ബേക്കറിയുടെ പിന്നിലൂടെ പടികള്‍ കയറി മൂന്നാമത്തെ നിലയില്‍ എത്തുക.അവിടെ ഒടുവിലത്തെ മുറിയിലാണ്‌ കഴിഞ്ഞ ഒരു കൊല്ലമായി എന്റെ താമസം .

മുറിയുടെ മുന്നിലുള്ള ചെറിയ ബാല്‍ക്കണിയിലിരുന്ന് കാഴ്ചകളിലേക്കും സ്വപ്നങ്ങളിലേക്കും മുഴുകുവാന്‍ എനിക്ക് വലിയ ഇഷ്‌ടമാണ്‌.ദൂരെ വീടുകളുടെയെല്ലാം പിന്നിലുളള പാഴ്നിലങ്ങളുടെ മദ്ധ്യത്തില്‍ നീണ്ട് കാണുന്ന പാതയിലൂടെ രാവിലെ ഫാക്‌ടറി ജോലിക്കാര്‍ തിക്കി തിരക്കി പോവുന്നത് കാണാറുണ്ട് .എല്ലാവരും ധൃതിയിലായിരിക്കും .വൈകുന്നേരം തളര്‍ന്നിട്ടാണെങ്കിലും ആശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളോടെ മെല്ലെയാവും അവരുടെ മടക്കം .അപ്പോള്‍ സൂര്യന്‍ അവര്‍ക്ക് പിന്നില്‍ നിറകോലാഹലങ്ങളോടെ അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും .എന്റെ കാര്യം ചിന്തിക്കുക.ഇതേ പോലെ ആശ്വാസത്തോടെ വിശ്രമിക്കാന്‍ തയാറെടുത്ത് ഓഫീസില്‍ നിന്നും തിരിച്ചെത്തുമ്പോഴാവും മൂക്കടപ്പ് തുടങ്ങുക.പിന്നെ അതുമായി മല്ലിട്ട് വിഷമിച്ച് എന്റെ നല്ല ബോധം തന്നെ പോകും .നിസ്സഹായനായി ഞാന്‍ ദേഷ്യത്തോടെ ഇരിക്കും .


_നിങ്ങളീ മൂക്കടപ്പിന്റെ കാര്യം തന്നെ ആവര്‍ത്തിച്ചിരിക്കാനാണോ ഉദ്ദേശിക്കുന്നത്?_

ഞാന്‍ പറഞ്ഞല്ലോ,ശാരീരിക അസ്വാസ്ഥ്യങ്ങളുടെ അവസരത്തില്‍ ഇതെന്റെ ശീലമായി പോയി.ക്ഷമിക്കണം .എന്നാല്‍ ശ്വാസം മുട്ടല്‍ വിചാരിക്കുന്ന പോലെ നിസാരമല്ല എന്ന് മനസിലാക്കണം കെട്ടോ!...അത് പോട്ടെ,ഇന്ന് രാവിലെ പതിനൊന്നിന്‌ എണീറ്റ ശേഷമുളള കാര്യങ്ങളാണല്ലോ പറയണമെന്ന് ഉദ്ദേശിച്ചത്.അലസമായ വിധത്തില്‍ പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് തീര്‍ത്ത ശേഷം ഞാന്‍ ഹോട്ടല്‍ ചോയിസിലേക്ക് ചെന്നു.അവിടെ ചോര്‍ തയാറാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഹോട്ടലിന്റെ മൂലയില്‍ മുകളിലായി വച്ചിരിക്കുന്ന ടീവിയില്‍ ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ്.പഴയ സര്‍ക്കാര്‍ സ്കൂളിനെ അനുസ്മരിപ്പിച്ച കറുത്ത ബഞ്ചില്‍ അമര്‍ന്നിരുന്ന് സമയം കളയാന്‍ ഞാനത് നോക്കിയിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ നെഞ്ചത്തും നെറ്റിയിലും ഉരുണ്ടിറങ്ങുന്ന വിയര്‍പ്പ് തുള്ളികളുമായി ഹോട്ടല്‍ ജീവനക്കാരന്‍ വന്നു.ചോറു നിറച്ച ആവി പറക്കുന്ന പ്ളേറ്റ് ഒരോരുത്തരുടേയും മുന്നില്‍ ശബ്‌ദത്തോടെ വച്ച് അവനും ടീവിയിലേക്ക് കണ്ണോടിച്ചു.പിന്നെ കളിയുടെ നില നിറഞ്ഞ രസത്തോടെ നോക്കി നിന്നു.ചേട്ടാ ആ കറികളും കൂടി തരുമോ എന്ന് ഞാന്‍ അവശ്യപ്പെട്ട ശേഷം മാത്രമാണ്‌ നിരാശയോടെ അവന്‍ അകത്തേക്ക് പോയത്.ബാക്കി എല്ലാവരും ചോറില്‍ വെറുതെ വിരല്‌ കൊണ്ട് വരഞ്ഞ് കളിയില്‍ മറന്നിരിക്കുകയാണ്‌.ജോലിക്കാരന്‍ കറികള്‍ വിളമ്പിയ ശേഷവും അവര്‍ ടീവിയില്‍ തന്നെ കണ്ണും നട്ട് കുറച്ച് മാത്രം ചോര്‍ മണികള്‍ വായിലിട്ട് മെല്ലെ മെല്ലെ ചവച്ചു കൊണ്ടിരുന്നു.ഞാന്‍ കഴിച്ച് തീര്‍ത്ത് ഇറങ്ങുമ്പോള്‍ കളി ലഞ്ചിനു പിരിയുകയായിരുന്നു.അപ്പോഴാണ്‌ ഹോട്ടലിന്റെ അടക്കി പിടിച്ചിരുന്ന അന്തരീക്ഷം ഇളകി തുടങ്ങിയത്.

ഞാന്‍ ഹോട്ടലില്‍ നിന്നിറങ്ങി സുഹൃത്തുക്കളുടെ മുറിയിലേക്കാണ്‌ നടന്നത്.അവധി ആയത് കൊണ്ട് അവിടെ സൊറ പറഞ്ഞും ചീട്ട്കളിച്ചും നേരം പോക്കാമെന്ന് കരുതി.ഹൈവേക്ക് സമാന്തരമായുളള കൊച്ച് ചന്തയുടെ ഉള്ളിലൂടെ കയറണം .അവിടെ പച്ചക്കറികളും പഴങ്ങളും നിറച്ച ഉന്തുവണ്ടിയും സോപ്പ്-ചീപ്പ് പൊലെ തുഛമായ സാമാനങ്ങളും പാത്രങ്ങളും പണിയായുധങ്ങളും ഉടമപ്പെടുത്താന്‍ വന്നെത്തുന്നവരെ കാത്തിരിക്കുന്നു.വെള്ളവും എണ്ണയും കാണാത്ത വരണ്ട മുടിയും ശരീരവുമായി കറുത്ത പൂക്കാരികള്‍ .തുകല്‍ മാതിരിയുള്ള തൊലിയും ചുളിവുകള്‍ നിറഞ്ഞ മുഖവുമായി ചെരിപ്പ്കുത്തികള്‍ .കാലുകളില്‍ തട്ടി വിളിച്ച് കൊണ്ട് പിച്ചയെടുക്കുന്ന എല്ലുന്തിയ കൊച്ചുകുട്ടികള്‍ .എല്ലാവരും തിരക്കിലാണ്‌.അവരുടെ ജീവിതത്തിന്‌ മീതെ അടയിരിക്കുന്ന തീ വെയില്‍ .അസ്വസ്ഥത പെരുപ്പിക്കാന്‍ നിറയുന്ന പൊടി .അതിനെ പിന്നെയും പതിന്മടങ്ങ് വര്‍ധിപ്പിച്ച് അന്തരീക്ഷത്തിന്‌ മീതെ ആവരണമാക്കി ഒരു ജാഥ കടന്ന് പോയി.മുന്നിലുണ്ടായിരുന്നവര്‍ വിതരണം ചെയ്ത നോട്ടീസ് എനിക്കും കിട്ടി.അച്ചടിച്ച ഭാഷ മനസിലാക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ മടക്കി കൈയില്‍ വച്ചു.

ഞാന്‍ ചെന്നെത്തുമ്പോള്‍ ലഞ്ചിന്‌ ശേഷം പുനരാരംഭിച്ച ക്രിക്കറ്റിന്‌ മുന്നില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന സുഹൃത്തുക്കളെയാണ്‌ കണ്ടത്.ഇത് തീരാതെ ഇനി ആരും എഴുന്നേല്‍ക്കാന്‍ പോവുന്നില്ല.വരുമ്പോള്‍ കളിയുടെ കാര്യം പെട്ടെന്ന് ഓര്‍ത്തിരുന്നില്ല.കുറെ നേരം അങ്ങനെ ചടഞ്ഞിരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ താഴേക്ക് ഇറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.രാത്രിയിലെ മൂക്കടപ്പ് കാരണം പുകവലി നിര്‍ത്തിയതായിരുന്നു.നേരത്തെ കിട്ടിയ നോട്ടീസ് അവിടെയും ഇരിക്കുന്നത് കണ്ട് തമിഴയനായ കടയുടമയോട് അതിനെ പറ്റി ആരാഞ്ഞു.അതീ പെണ്‍കുഴന്തകളെ കാതല്‍ നടിച്ച് കടത്തി പോണതിനെ കുറിച്ച് തെര്യപ്പെടുത്തുന്നതാ..ഉങ്കളുടെ ഊരിലൊക്കെയുണ്ടല്ലോ?ലൌ ജിഹാദ്!

എന്റെ ഉള്ളില്‍ കൊച്ച് കൊച്ച് കുമിളകളായി ഉയര്‍ന്ന് വന്നു, എന്തൊക്കെയോ അങ്കലാപ്പുകള്‍ .വല്ലാത്ത ക്ഷീണം .സിഗരറ്റിന്റേതാണോ? വലിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ല.ഛെ!വയ്യെന്ന് മനസിലാക്കി അവസാനിപ്പിച്ച് കഴിഞ്ഞിട്ടും എന്തിനാണാവോ ഈ ദുശ്ശീലം ആവര്‍ത്തിക്കാന്‍ തുനിയുന്നത്? പകുതി പോലുമാവാത്ത കുറ്റി ദൂരേക്ക് എറിഞ്ഞു.സ്വന്തം മുറിയിലേക്ക് തിരികെ ചെന്ന് വിശ്രമിക്കാന്‍ കൊതിച്ചു.പക്ഷെ പൊള്ളുന്ന വെയില്‍ വെല്ലുവിളിയോടെ തെരുവ് നീളെ മലര്‍ന്ന് കിടക്കുന്നു. തിരികെ മുകളിലേക്ക് കയറി.കളിയില്‍ മുഴുകിയിരിക്കുന്ന സുഹൃത്തുക്കളുടെ അരികിലൂടെ അകത്തെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് ചാഞ്ഞു.വെയിലില്‍ നിന്നും കയറിയത് കൊണ്ടാണോ കണ്ണിനു മുന്നില്‍ വെളിച്ചത്തിന്റെ കുമിളകള്‍ ?തല തിരിയുന്നോ?മയങ്ങാന്‍ ശ്രമിച്ച് കണ്ണുകള്‍ പൂട്ടി.


മയങ്ങാന്‍ മടിക്കുന്ന ചില ഭീതികള്‍ !എന്നെയീ പീഠഭൂമിയുടെ പരുഷതയില്‍ തളച്ചിടുന്ന ഭീരുത്വത്തിന്റെ ആത്മനിന്ദ വളര്‍ത്തുന്ന ദൈന്യത.മഴ പെയ്താല്‍ വെള്ളം ചാല്‌ കീറി ഒഴുകി തോട് പോലെയാവുന്ന ഒരു ടാറിടാത്ത റോഡിന്റെ അരികിലായിരുന്നു അവളുടെ വീട്.കാറ്റില്‍ കസവ് നൂലുകള്‍ പോലെ പറക്കുമായിരുന്നു അവളുടെ മുടി.എന്റെ ഉള്ളില്‍ കുളിര്‍ മഞ്ഞായി പെയ്യുമായിരുന്നു ആ പൊട്ടിച്ചിരി.ആ സാമീപ്യത്തില്‍ എന്റെ ഒരായിരം കവിതകള്‍ പിറക്കുമായിരുന്നു.പക്ഷെ ലോകം മുഴുവന്‍ എന്നെ ക്രൂരതയോടെ നോക്കിയ ആ ദിവസം ഞാന്‍ ഭയപ്പാടുകളോടെ വിറക്കുകയായിരുന്നു.അടിയേറ്റ് മണ്ണില്‍ മുഖം കുത്തി വീണ എന്റെ നേരെ ആരോ ആഘ്രോശിച്ചു."എടാ മേത്തച്ചെറുക്കാ,ഞങ്ങളുടെ സമുദായത്തില്‍ നിന്നു തന്നെ നിനക്ക് പെണ്ണ്‌ വേണമല്ലേ? അവളുടെ നിലവിളികള്‍ ഭീരുതയോടെ പ്രകമ്പനം കൊണ്ട എന്റെ ആത്മാവ് കേട്ടതേയില്ല.ഞാന്‍ ഓടി.വീടും നാടും വിട്ട് ഓടി.

അസ്വസ്ഥതയുടെ നിഴല്‍ കൂട്ടങ്ങള്‍ എനിക്ക് ചുറ്റും നാവിളക്കി ആടുന്നു. ഉറക്കത്തിനും ഉണര്‍വിനും മദ്ധ്യേയുള്ള ആ അവസ്ഥയില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ കളിയുടെ അവസാനഘട്ടം എത്തിയിരുന്നു.ഉദ്വേഗം പേറി ഇരിക്കുകയാണ്‌ സുഹൃത്തുക്കള്‍ .പ്രവചനാതീതമായ ഫലങ്ങള്‍ കാത്ത് വച്ചിരിക്കുന്ന കുറെ ബോളുകള്‍ .സന്നിഗ്ദമായ നിമിഷങ്ങള്‍.ശേഷം ഇന്ത്യ തോറ്റു.രാവിലെ മുതല്‍ സൂക്ഷിച്ചിരുന്ന ആവേശത്തിന്റെ ഒടുവില്‍ നിരാശയോടെ അവര്‍ എഴുന്നേറ്റു.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ന്യായമായും പരിഗണിക്കേണ്ട ചില നിരീക്ഷണങ്ങള്‍ ഒരോരുത്തരും ഉയര്‍ത്തി.മ്ലാനത നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ചാനലുകളിലൂടെ സഞ്ചരിക്കവേ ഇടക്ക് ഒരിടത്ത് ബ്രേക്കിങ് ന്യൂസ്.ലൌ ജിഹാദ്-അന്വേഷണങ്ങള്‍ക്ക് കോടതി ഉത്തരവ്.

ലൌ ജിഹാദ്,മാങ്ങാത്തൊലി.-ഞാന്‍ അറിയാതെ മന്ത്രിച്ചു.

അതെന്താ അങ്ങനെ പറയുന്നത്?ഒരു സുഹൃത്ത് ഉടനെ ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ ഇത്തരം തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ തയാറാവണം .മറ്റൊരാള്‍ പറഞ്ഞു.

അതെയതെ നാം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം ഇത്തരം തീവ്രവാദം തന്നെ.-മൂന്നമന്‍

ഓ-ദൈവമേ കുമിളകള്‍ ഒടുങ്ങുന്നില്ല!

--_കഴിഞ്ഞോ?_

ഇതൊക്കെ തന്നെയേ ഉള്ളൂ...! ഡയറിയില്‍ എഴുതാന്‍ തുനിഞ്ഞത് ഇത് തന്നെ.

നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്?

എന്തേ?

ഒന്നുമില്ല എങ്കില്‍ ഞാന്‍ ....(ഇറങ്ങാന്‍ ഭാവിക്കുന്നു)

ഓ..
ആയാള്‍ പോയി.അങ്ങേര്‍ക്ക് ശ്വാസം മുട്ടലിനെ കുറിച്ച് കേള്‍ക്കുന്നതേ പുച്‌ഛമാണ്.ഞാനീ രാത്രി പൈപ്പിന്റെ ചുവട്ടില്‍ മൂക്ക് ചീറ്റി കൊണ്ട് എത്ര നേരമായി നില്ക്കുന്നു.ഇടക്കിടെ മൂക്കള കുമളിച്ച് വരുന്നതല്ലതെ ഈ അടഞ്ഞ മൂക്ക് തുറന്ന് കിട്ടുന്ന ലക്ഷണമേയില്ല.

ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.സ്കൂള്‍ അസംബ്ലിയില്‍ നിരന്ന വീടുകളൊക്കെയും ഉറങ്ങി കിടക്കുകയാണ്‌.സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ വെളിച്ചം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഏതോ ഫാക്ടറി പുകയും വഹിച്ച് ഒഴുകി വന്ന കാറ്റ് എന്റെ മുഖത്ത് തട്ടി കടന്ന് പോയി.ഇല്ല,മൂക്ക് തുറക്കുന്നില്ല.ഇനി എന്നായിരിക്കും സുഖമായി ശ്വാസം എടുത്ത് കൊണ്ട് ഉറങ്ങാന്‍ കഴിയുക?

------

പത്മരാജന്‍ -'മാജിക്കല്‍ ' ഭാവന

Author: ezhuthukaran / Labels: ,




പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ പത്മരാജന്റെ മൂന്നു നോവെല്ലകള്‍ വായിച്ചു.വിക്രമകാളീശ്വരം ,നന്മയുടെ സൂര്യന്‍ ,ശവവാഹനങ്ങള്‍ തേടി ഇവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നന്മയുടെ സൂര്യന്‍ പ്രണയത്തേയും പ്രണയഭംഗത്തേയും അത്ഭുതകരമെങ്കിലും തികച്ചും നൈമിഷികമായ അനുഭവമെന്ന് വിശേഷിപ്പിക്കുന്നു.പ്രകൃതിയും മഴയും നെയ്തെടുക്കുന്ന പ്രണയാതുരമായ അന്തരീക്ഷം അദ്ദേഹത്തിന്റെ സിനിമകളിലെന്ന പോലെ ഭാഷയിലും സജീവമാവുന്നത് മാത്രമാണ്‌ നമ്മെ ആകര്‍ഷിക്കുന്ന ഘടകം .

വിക്രമകാളീശ്വരം , ശവവാഹനങ്ങള്‍ തേടി എന്നീ നോവെല്ലകളാകട്ടെ ഭ്രമാത്മക കല്പനകളുടെ ലാവണ്യമാണ്‌ പ്രകടമാക്കുന്നത്.മാജികല്‍ റിയലിസമല്ല ,'മാജികല്‍ ' ഭാവനയാണ്‌ അവയുടെ മുഖമുദ്ര.ആ ഭാവനയുടെ ഓളങ്ങളില്‍ എമ്പാടും മിത്തിക്കല്‍ സ്വഭാവമുള്ള ഫാന്റസിയും റിയാലിറ്റിയും കെട്ട് പിണയുന്ന വിഭ്രമാത്മകമായ കഥാസന്ദര്‍ഭങ്ങള്‍ .ജീവിതാസക്തിയുടെ മനുഷ്യമനസിന്റെ അമ്പരപ്പിക്കുന്ന വനസ്ഥലികള്‍ പെരുമ്പറ മുഴക്കി ഉണരുന്നു.പ്രതിമയും രാജകുമാരിയും എന്ന മുമ്പ് വായിച്ച പത്മരാജന്‍ കൃതി കൂടി മനസില്‍ തെളിഞ്ഞപ്പോള്‍ ഇതൊരു പക്ഷെ അദ്ദേഹത്തിന്റെ കഥകളുടെ പൊതു സ്വഭാവമാണോ എന്നു ഞാന്‍ ചിന്തിച്ചു?എല്ലാ വായനക്കാര്‍ക്കും ഇത് ദഹിച്ച് കൊള്ളണമെന്നില്ല.പക്ഷെ ആ ഭാവനാശേഷിയുടെ ലഹരിദായകമായ കരുത്ത് ഏവര്‍ക്കും നിസംശയം  അനുഭവപ്പെടും .

'റിവോള്‍വ്'

Author: ezhuthukaran / Labels: ,

ചെക്കോസ്ലോവാകിയന്‍ നോവലിസ്റ്റ് സ്ദെനെര്‍ ഉര്‍ബനെക്( Zdener Urbanek) സ്റ്റാലിനിസ്റ്റ് ഏകാധിപത്യ കാലത്ത് ജോണ്‍ പില്ഗറുമായുള്ള ഒരു അഭിമുഖ വേളയില്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്."ഈ ബന്ധനസ്ഥ ഘട്ടത്തില്‍ ഞങ്ങള്‍ ഒരു കാര്യത്തില്‍ പാശ്ചാത്യരേക്കാള്‍ ഭാഗ്യവാന്മാരാണ്.ടെലിവിഷനില്‍ തെളിയുന്നതും പത്രങ്ങളില്‍ നിറയുന്നതും സ്ഥാപിതമായ പ്രചരണഘോഷങ്ങളും പച്ചക്കളവുകളുമാണെന്നു ഞങ്ങള്‍ക്ക് നല്ല വ്യക്തതയുണ്ട്."മറിച്ച് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ കാഴ്ചകളെ കബളിപ്പിച്ച് കൊണ്ട് വേഷപ്രഛന്നതയോടെ അധികാരഘടനയുടെ താത്പര്യങ്ങള്‍ക്ക് അഴിഞ്ഞാടുവാന്‍ അവസരം നിലനില്ക്കുന്നതിന്റെ വിരോധാഭാസത്തിലേക്ക് വിരള്‍ ചൂണ്ടുകയായിരുന്നു അദ്ദേഹം . അവിടെ തിരിച്ചറിവിന്റെ സാധ്യതകള്‍ പോലും ജലരേഖകള്‍ പോലെ നേര്‍ത്തതാവുന്നു എന്നതാണ്‌ ഭീതിതം.

സക്കരിയ എടയൂരിന്റെ 'റിവോള്‍വ്' എന്ന ലഘുചിത്രം കാഴ്ചക്കാരിലേക്ക് പ്രസരണം ചെയ്യാനുദ്ദേശിക്കുന്ന പ്രമേയം ഇത്തരുണത്തിലാണ്‌ ശ്രദ്ധേയമാവുന്നത്.ഇദ്ദേഹത്തിന്റെ മുന്‍കാലത്തെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സന്ദേശത്തിനപ്പുറം അവ അമച്വറിഷ് ആയി തോന്നിയിരുന്നു.പക്ഷെ ഇത്തവണ കൃത്യമായ സൂക്ഷമതയൊടെ ലക്ഷ്യ സ്ഥാനത്ത് ആഞ്ഞു തറക്കുന്ന ഒന്നായി-'റിവോള്‍വ്' .ക്യാമറ ആംഗിളുകളുടെ കാര്യത്തില്‍ ലൊക്കേഷന്‍ തിരഞ്ഞെടുപ്പില്‍ മുമ്പത്തേക്കാള്‍ ശ്രദ്ധാപൂര്‍വമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി വ്യക്തമാവുന്നു. ആശയങ്ങളെ ഊട്ടി ഉറപ്പിക്കുന്ന ബിംബങ്ങള്‍ സ്വച്‌ഛന്ദമായി കഥാഗതിയില്‍ കടന്നു വരുന്നുണ്ട്. അടിയന്തരാവസ്ഥയിലെ അസ്വാതന്ത്രത്തെ ബൂട്ടും വര്‍ത്തമാനകാലത്തെ കോര്‍പ്പൊറേറ്റ് മേധാവിത്തത്തെ ജനവിധി ബോര്‍ഡും യഥാവിധി പ്രതിനിധാനം ചെയ്യുകയാണ്.ഡബ്ബിങ്ങില്‍ കുറെ കൂടി അവധാനത പുലര്‍ത്താമായിരുന്നു.

സ്വാതന്ത്ര സിനിമാ നിര്‍മാണം ഒരിക്കലും നിറപകിട്ടിലോ അസാമാന്യമായ ടെക്നിക്കല്‍ മേധാശക്തിയിലോ അല്ല,വിഷയത്തിന്റെ കരുത്തിലാണ്‌ അളവ് വെക്കേണ്ടത് എന്ന് നമ്മുക്കറിയാം . ആ അര്‍ഥത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ സംവിധായകന്‍ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്ത സംരംഭം ഏറെ കുറെ വിജയിച്ചിരിക്കുന്നു എന്നു പറയാം.

ഫിലിം കാണുക....

ഗതാനുസ്മൃതികളുടെ ലാളിത്യം

Author: ezhuthukaran / Labels: ,

അവാര്‍ഡ് സിനിമ എന്ന പേരിലെ വിഭാഗീകരണത്തിന്റെ നാട്യമോ കാപട്യമോ അടൂരിന്റെ കാര്യത്തിലെങ്കിലും നീക്കി വയ്ക്കുക.സാധാരണ ബുദ്ധിയോട് സങ്കീര്ണ സ്വഭാവത്തോടെ ഇളിച്ച് കാട്ടാന്‍ വെമ്പുന്ന കലാഭാസത്തോടാണ്‌ നാമിത് പറയുന്നത് എങ്കില്‍ ശരി,പക്ഷെ നല്ല സിനിമകള്‍ കാണാനും രസിക്കാനുമുള്ള അവസ്ഥക്ക് അത് വിലങ്ങുതടി ആവേണ്ടതുണ്ടോ.?

പരാമൃഷ്‌ട ചിന്തകള്‍ 'നാലു പെണ്ണുങ്ങള്‍' കണ്ട് കഴിഞ്ഞപ്പോഴാണ്‌ അകമേ തെളിഞ്ഞത്.ബഹളങ്ങളും സങ്കീര്‍ണതകളും ഇല്ലാത്ത അയത്നലളിതമായ ചില ക്യാമറകാഴ്ചകളിലൂടെ ശക്തനായ ഒരു ചലചിത്രകാരന്‍ സൃഷ്ടിക്കുന്ന സൌകുമാര്യം മനസ്സില്‍ തുളുമ്പി നിന്നു.ഏതൊരു സാധാരണക്കാരനും പങ്ക് വയ്ക്കാവുന്ന ഗതാനുസ്മൃതികളുടെ ലാളിത്യം തന്നെയാണ്‌ അവയുടെ ശക്തി.(ഒരു പക്ഷെ തകഴി കഥകളുടെ സാന്നിദ്ധ്യമാണോ ഒരു കാരണം?) അപ്പോള്‍ എന്തിന്‌ ഇത്തരം ചിത്രങ്ങളെ ലേബലുകളൊട്ടിച്ച് മാറ്റി നിര്‍ത്തണം.

മറ്റെന്തിനും മീതെ കഥാപാത്രങ്ങളുടെ അസ്പഷ്‌ടമായ ചേഷ്‌ടകളിലൂടെ വെളിപ്പെടുന്ന ലോകമാണ്‌ നാലു പെണ്ണുങ്ങളെ കഥയുടെ സ്ഥൂല ശരീരത്തിനപ്പുറത്തേക്ക് കൊണ്ട് പോവുന്നത്.അടൂര്‍ എന്ന സംവിധായകന്റെ കരുത്ത് ഞാന്‍ കണ്ടതും അവിടെയാണ്‌.കഥാപാത്രങ്ങള്‍ കഥയെ വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു.പ്രേക്ഷകനായി പുതിയ തിരിച്ചറിവുകള്‍ ബാക്കിയാക്കുന്നു.സിനിമ എന്ന മാധ്യമം കരുത്ത് നേടുന്നു.

മുന്പ് ഞാന്‍ ഈ സിനിമയെ കുറിച്ച് വായിച്ചറിഞ്ഞ ഒരു മുഖ്യവിമര്‍ശനം അത് പഴയ അഭിരുചികളില്‍ തന്നെ കുടുങ്ങി കിടക്കുന്നു എന്നതാണ്‌.പുതിയ കാലത്തിന്റെ പ്രശ്ന പരിസരങ്ങളെ സമീപിക്കാനുള്ള കരുത്ത് സംവിധായകന്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് നിരൂപകര്‍ സംശയിക്കുന്നു.വ്യക്തമായ മറുപടി എന്റെ പക്കലില്ല.പക്ഷെ ഒന്നുണ്ട്,കാലാതിവര്‍ത്തിയായ മനുഷ്യാവസ്ഥയെ ഉയര്‍ത്തി പിടിക്കുന്നുണ്ട് ഇതിലെ കഥകള്‍.പിന്നെ മുഖ്യധാര കാണിച്ച് തരുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഊറി ചിരിച്ച് പോവുന്നു.അതെ പോലെ ഗൃഹാതുരതയുടെ പേരില്‍ നമ്മുടെ സിനിമകളില്‍ പേര്‍ത്തും പേര്‍ത്തും ഉദാത്തീകരിക്കപ്പെടുന്ന പൈങ്കിളി.ഇവയൊക്കെ വിടുതല്‍ സ്വപ്നം കാണാന്‍ പോലുമാവാതെ വീണ്‌ കിടക്കുന്ന തടവറയുടെ ഇരുളുകളെ ഈ ചിത്രം ഏതായാലും അതിജയിക്കുന്നുണ്ട്!