ഖാനിന്റെ പ്രതിസന്ധികള്‍ .

Author: ezhuthukaran / Labels: ,

ഞാനൊരു തീവ്രവാദിയല്ല എന്നത് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യതയായി ഒരു മുസ്‌ലീമിന്‌ മേല്‍ വന്ന് ഭവിക്കുന്ന ദുരന്തകാലത്താണ്‌ നാം ജീവിക്കുന്നത്.പലരും കുറച്ച് ഭീകരരെ സൃഷ്‌ടിച്ചതിനുളള വിലയൊടുക്കലായി അതിനെ ചുരുക്കി കാണുമ്പോള്‍ ,ഭരണകൂടങ്ങള്‍ പോലും ഭീരുത്വത്തിന്റെ ഘനീഭവിച്ച മൌനത്തിനുള്ളില്‍ പതിയിരിക്കുമ്പോള്‍ ഇതൊരു കാലിക പ്രാധാന്യമുളള മാനുഷിക പ്രശ്നമണെന്ന തിരിച്ചറിവ് പുലര്‍ത്തിയതിനാണ്‌ മൈ നെയിം ഈ ഖാനിന്റെ ശില്പ്പികള്‍ ശ്ലാഘിക്കപ്പെടേണ്ടത്.യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരുടെയും സ്ഥാപിത താത്പര്യങ്ങളുടെയും മേശപ്പുറത്ത് ജനിക്കുന്ന സംസ്കാരങ്ങളുടെ സംഘട്ടനമല്ല യാഥാര്‍ത്യമെന്ന് സഹവര്‍ത്തിത്വത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തില്‍ നിന്നും വിളിച്ച് പറയാന്‍ ഇന്‍ഡ്യന്‍ സിനിമക്ക് കഴിയുമോ എന്ന് തന്നെയാണ്‌ ലോകം ഉറ്റ് നോക്കുന്നത്..

അസ്പ്രാഗ്രസ് സിന്ഡ്രോം ബാധിതനായ രിസ്‌വാന്‍ ഖാന്‍ എന്ന ഇന്ഡ്യന്‍ ചെറുപ്പക്കാരന്റെ 9/11-അനന്തര അമേരിക്കന്‍ ജീവിതമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം .മുസ്‌ലിം സ്വത്വത്തിന്റെ ഫലമായി സ്വന്തം പ്രണയവും ജീവിതവും പ്രതിസന്ധിയിലേക്ക് എറിയപ്പെടുന്ന ഒരു നിര്‍ദയ സാഹചര്യത്തെ അഭിമുഖീകരിച്ച് ചകിതനായി അയാള്‍ അലയുകയാണ്‌.അതിഭാവുകത്വപൂര്‍ണമായ ലക്ഷ്യവും നിഷ്കളങ്കമായ ആത്മഭാഷണവുമായി ആ അലച്ചില്‍ പുതിയ പ്രതീക്ഷകളിലേക്ക് വളരുന്നു.

രിസ്‌വാന്‍ ഖാനായി എത്തുന്ന ഷാരൂഖ് ഖാന്‍ മഹാനടനത്തിന്റെ മാതൃകയെന്നൊന്നും വിശേഷിപ്പിച്ച് കൂടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കൌതുകകരമായ ആകര്‍ഷണീയത ആദ്യന്തം പുലര്‍ത്തുന്നുണ്ട്.കജോള്‍ മികച്ച നടികള്‍ക്കൊരു മാതൃക തന്നെയാണ്‌.വിഷയത്തിന്റെ തിരഞ്ഞെടുപ്പിലെന്ന പോലെ ജനപ്രിയമായ ഒരു അവതരണരീതിയുടെ പിന്‍ബലം നല്കുന്നതിനും സംവിധായകന്‍ കരണ്‍ ജോഹര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വതസിദ്ധമായ ആ റൊമാന്റിക് ഭാവനയുടെ മധുരം ഇവിടെയും ഇതള്‍ വിരിയുന്നു.രാഷ്‌ട്രീയമോ മതപരമോ ആയ ചട്ടക്കൂടുകള്‍ക്കപ്പുറം സ്ത്രീ പുരുഷബന്ധങ്ങളിലെ സ്ഥായിയായ വികാരങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്‌ അദ്ദേഹം വിഷയത്തെ സമീപിക്കുന്നത്.ഇസ്‌ലാമിക സന്ദേശങ്ങളെ കുറിച്ച് വക്രീകരണത്തിനു വിധേയമാവാത്ത ഒരു ചിത്രം വരച്ചിടാനും അദ്ദേഹത്തിന്‌ സാധിക്കുന്നു.

തന്റെ അസുഖത്തെ കുറിച്ച് പരമര്‍ശിക്കുമ്പോള്‍ പുതിയ ആളുകളോടും വസ്തുക്കളോടും ശബ്‌ദങ്ങളോടുമുളള ഭീതിയെ നായകന്‍ സൂചിപ്പിക്കുന്നുണ്ട്.വ്യത്യസ്ഥമായ മതങ്ങളേയും സംസ്കാരങ്ങളേയുമൊക്കെ ഭയക്കുന്ന ഒരു സമൂഹവും മറ്റൊരര്‍ത്ഥത്തില്‍ രോഗാതുരമല്ലേ?പക്ഷെ ഇത്തരത്തിലൊക്കെ സൂചിപ്പിക്കാന്‍ കഴിയുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയുടെ തലത്തിലേക്ക് സിനിമ ഒരിക്കലും ഉയരുന്നില്ല.ആദ്യ പകുതിയിലെ സുന്ദരമായ ആരോഹണത്തിന്റെ സൌന്ദര്യം പിന്നീട് പൊയ്‌പോകുന്നു. ഏതൊരു പ്രണയ ചിത്രങ്ങളിലേയും പോലെയുളള സാധാരണമായ അന്ത്യത്തിനപ്പുറം സവിശേഷമായ ഒരു കല്പനയെ ചിത്രം കാംക്ഷിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. വളരാമായിരുന്ന കലാസുഭഗതയുടെ ഉയരങ്ങളിലേക്ക് എത്താനാവാതെ അത് പലപ്പോഴും തളര്‍ന്ന് പോവുന്നു.

അപ്പോഴും ഷാരൂഖ്-കാജോള്‍ ജോഡിയുടെ സാന്നിധ്യവും മത-വംശീയ വിഭാഗീയതകള്‍ക്കതീതമായ ലോകത്തെ കുറിച്ച് ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വര്‍ണ്ണാഭയും എല്ലാ ദൌര്‍ബല്യങ്ങളോടും ചിത്രത്തെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

അനന്തരം -ഈ ചിത്രം എന്ത് കൊണ്ട് ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ എടുത്തു കൂടാ എന്നു മുന്പ് ആരോ ചോദിച്ചത് വായിച്ചിരുന്നു.ആത്മവിമര്‍ശനം കൂടുതല്‍ ശ്രമകരമായ കൃത്യം ആയതിനാലാണോ? .ദേശക്കൂറു പോലും നിരന്തരം ആവര്‍ത്തിക്കേണ്ട വര്‍ത്തമാന സാഹചര്യമാണല്ലോ ഇന്‍ഡ്യന്‍ മുസ്‌ലീങ്ങളുടേത്.മുംബൈയില്‍ സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു എന്നു കൂടെ പരാമര്‍ശങ്ങള്‍ നടത്താന്‍ ഷാരൂക് ഖാനെ പോലുളള വ്യക്തി കൂടി നിര്‍ബന്ധിതനാവുന്നു.'ഐ ആം ഖാന്‍ ആന്ട് ഐ ലവ് ദിസ് നേഷന്‍' .കല ജീവിതത്തെ പ്രവചിക്കുകയാണോ?