ഉമ്പര്‍ട്ടോ എക്കോ-യുടെ കൃതികളിലും സമീപകാലത്തിറങ്ങിയ ഡാവിന്ചി കോഡ് പോലെയുള്ള ജനപ്രിയ നോവലുകളിലും കണ്ടെത്താവുന്ന ചില സൌന്ദര്യ ശിക്ഷണങ്ങളില്‍ നിന്നും ആര്‍ജിച്ചു എന്ന് കരുതാവുന്ന ഒരു മാതൃകയെ പിന്‍പറ്റുന്ന 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ വര്‍ത്തമാന കാലത്തിന്റെ ഹിംസാത്മകതയെ പ്രമേയമാക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. യുക്തിചിന്തയുടെ സോപാനങ്ങളില്‍ നിന്നും അക്രമോല്‍സുകമായ ലൈംഗികതയിലേക്കും നരമാംസഭോജനത്തിലേക്കും അനായാസം ചാഞ്ചാടുന്ന ഹിംസാത്മകതയുടെ ബീഭല്‍സമായ ദംഷ്‌ട്രകള്‍!
സൈബര്‍ ലോകം-
മലയാളത്തിന്റെ പശ്ചാത്തലത്തില്‍ ഒതുങ്ങി നില്ക്കുന്ന ഒരു അഖ്യാനമല്ല,വിരല്‍തുമ്പിലേക്ക് ദേശഭേദങ്ങള്‍ മറികടന്ന് ഒഴുകി വന്നെത്തുന്ന ഒരു സൈബര്‍ സ്പേസിന്റെ മാതൃകയാണ് നോവല്‍ പിന്തുടരുന്നത്.ലോകം ഇനിയൊരിക്കലും ഒറ്റപ്പെട്ട ഒരിടമല്ല!ദൂരങ്ങളെ ഭേദിക്കുന്ന വിധം അനുഭവങ്ങള്‍ ഐക്യരൂപം പ്രാപിക്കുന്നത് നാം കാണുന്നു.തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളും ജപ്പാനിലും ,പെറുവിലും ,ന്യൂയോര്‍ക്കിലുമായി വികസിക്കുന്ന ഗതിവിഗതികളും ഒരു പോലെ സ്വാഭാവികവും സ്വകീയവുമാകുന്നു.
ചരിത്രം,ഗണിതം,സംഗീതം-
ഇവയാണ് നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.
ചരിത്രമെന്നാല്‍ ഇത് ചരിത്രമല്ല.ചരിത്ര നോവലുമല്ല!ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂര്‍ണമായ വിധം കെട്ട്കഥകളോട് കൂട്ടിച്ചേര്‍ക്കുന്ന അപനിര്‍മാണം.യഥാര്‍ത്ഥ ചരിത്രം തന്നെ ഭാവനാവിലാസങ്ങളുടെ അധികാരത്തിന്റെ ഉപോല്‍പ്പന്നമാണെന്ന് കരുതുന്ന ഉത്തരാധുനികതയുടെ അവിശ്വാസത്തിന് അപനിര്‍മ്മാണം ഒരു അന്വേഷണ ഉപാധിയാണെന്ന് ചിന്തകര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ?ആരാണ് ഇട്ടിക്കോര?നോവല്‍ പറയുന്ന ചരിത്രം അതാണ്!ഇട്ടിക്കോരയുടെ ചരിത്രം ,കുന്നംകുളത്തിന്റെയും ,ഫ്ളോറന്സിന്റെയും ,യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും,മൈക്കളാഞ്ചലോയുടെ 'പിയാത്ത'യുടേയും ചരിത്രമാണ്!ഈ രസകരമായ നിഗൂഢതകളുടെ വൈവിധ്യപൂര്‍ണമായ സമ്മേളനമാണ് നോവലിന്റെ ഉദ്വേഗത്തെ നിലനിര്‍ത്തുന്നത്.
എല്ലാ ശാസ്ത്രവും പരമമായ സത്യത്തെ തൊടുന്നത് ഗണിതത്തിലൂടെയാണ്.അതേ പൊലെ സംഗീതം കലകളില്‍ ഗണിതത്തെ പിന്തുടരുന്നു.പക്ഷെ നോവലില്‍ ഇവ രണ്ടും പ്രത്യക്ഷപ്പെടുന്നത് മനുഷ്യ മഹത്വത്തിന്റെ വിപര്യയങ്ങളെ കൂടി സൂചിപ്പിക്കാനാണ്.സംഗീതത്തിന് അക്രമോല്‍സുകതയുടെ ഉത്തേജക ശ്രോതസ്സാവാന്‍ കഴിയുന്നത് ലളിത വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല!റിസര്‍വോയര്‍ ഡോഗ്സ് എന്ന ചിത്രത്തില്‍ സംഗീതം ഓണ്‍ ചെയ്ത ആസ്വദിച്ച് ആ താളത്തിനൊത്ത് ഇരയുടെ ചെവി മുറിച്ച് രസിക്കുന്ന ഒരു കഥാപാത്രമുണ്ട്.അത്തരം ഭാവങ്ങള്‍ നോവലിലും കണ്ടെത്താന്‍ കഴിയും.
ഗണിതമാവട്ടെ അനന്തതയെ എത്തി പിടിക്കാനുള്ള ത്വരയോടൊപ്പം ലാഭനഷ്‌ടങ്ങളുടെ കണക്കുകളിലൂടെ മുതലാളിത്തശക്തികളുടെ നിയന്ത്രണത്തിന്റെ ഉപാധിയുമാകുന്നു.ഇട്ടിക്കോര ഗണിതം വ്യാപാരത്തിന്റെ ഫലപ്രാപ്തിക്ക് പ്രയോജനപ്പെടുത്താനാണ് ഉപദേശിക്കുന്നത്.ആ തത്ത്വചിന്ത വിവരിക്കുന്നിടത്ത് സമീപകാല കമ്പോള വ്യവസ്ഥയെ കുറിച്ച ചില ഉള്‍കാഴ്ചകളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ട് പോവുന്നു.പുതിയ ഒരു സുവിശേഷത്തിന്റെ കാലം.ആ കഥ കൂടിയാണ് ഫ്രാന്സിസ് ഇട്ടിക്കോര
മലയാള നോവലിന്റെ ആവര്‍ത്തനവിരസമായ പ്രമേയ പശ്ചാത്തലത്തിലൂടെ നിരാശനായി ഉഴലുന്ന ഒരു പഥികന് 'ഫ്രാന്സിസ് ഇട്ടിക്കൊര' തീര്‍ച്ചയായും മാറ്റത്തിന്റെ ഭാവുകത്വം പ്രദാനം ചെയ്യും.ആത്മാന്വേഷണങ്ങളുടെയോ അനുഭവ കഥകളുടെയോ ഗൃഹാതുരത്വത്തിന്റെയൊ നാട്യങ്ങളും ഭാരങ്ങളുമില്ലാതെ വായിച്ച് രസിക്കാവുന്ന പൊലിപ്പിച്ചെടുത്ത കഥ എന്ന്പരിചയപ്പെടാവുന്ന ഈ നോവല്‍ ആരിലും താത്പര്യം ഉണര്‍ത്തുന്നതാണ്. ആദ്യാവസാനം രസകരമായി തന്നെ വായിച്ച് പോകാവുന്നതാണ്.
ഫ്രാന്‍സിസ് ഇട്ടിക്കോര
Novel by T D Ramakrishnan
DC BOOKS.
price-150Rs
ഉള്ളിലുയരുന്ന സ്തോഭജനകമായ പ്രകമ്പനത്തിനു കാതോര്‍ത്തു കൊണ്ട് മാത്രമേ ആടുജീവിതം എന്ന നോവല്‍ വായിച്ച് തീര്‍ക്കാനാവൂ.ഇത്ര മേല്‍ വിമലീകരണ ശക്തിയുള്ള ഒരു സാഹിത്യകൃതി അടുത്ത കാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല.നിത്യജീവിതത്തിന്റെ അല്പം ഞെരുക്കങ്ങളില്‍ നിരാശനാവുന്ന ശരാശരി മനുഷ്യര്‍ക്ക് മുന്നില്‍ നജീബിന്റെ ജീവിതം വെറുമൊരു കൌതുകം മാത്രമല്ല,തിരിച്ചറിവിന്റെ നിമിഷങ്ങളാണ്.
നജീബിന്റെ കഥ നൂറ് ശതമാനവും സത്യമാണ് എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചിരുന്നില്ലെങ്കില്‍ ,ഇതൊരു പൊടിപ്പും തൊങ്ങലും വച്ച ഭാവനാ സൃഷ്‌ടിയെന്ന് വിശ്വസിക്കാന്‍ തന്നെ നാം ഇഷ്‌ടപ്പെടുമായിരുന്നു.അതിജീവനത്തിന്റെ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും ഒരു പാട് നാം കേട്ടിട്ടുണ്ട്.ലോകമഹായുദ്ധങ്ങളുടേയും ,ഹോളോകാസ്റ്റിന്റെയും ,സൈബീരിയന്‍ ജയിലറകളുടേയും,വംശഹത്യയുടേയും ,അധിനിവേശങ്ങളുടെയും പശ്ചാത്തലത്തിലുള്ള നിരവധി ആഖ്യാനങ്ങള്‍.അവയോടെല്ലാം കിടപിടിക്കാന്‍ കഴിയുന്ന അനുഭവങ്ങളുടെ ശക്തി ആടുജീവിതത്തിനുണ്ട്!
ബെന്യാമിന്റെ ഭാഷ ലളിതവും മൂര്‍ച്ചയുള്ളതുമാണ്.വരികളില്‍ പതിയിരിക്കുന്ന കറുത്ത ഹാസ്യം ,വിവരിക്കപ്പെടുന്ന വര്‍ണ്ണനാതീതമായ ദുരിതങ്ങളുടെ മധ്യേയും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവത്തിലൂടെ വായനക്കാരെ കൊണ്ട് പോവുന്നു.ദുരിതങ്ങളുടെ കാഠിന്യം ഒരിക്കലും വായനക്ക് ഭാരമാവുന്നില്ല.ഒപ്പം തന്നെ നജീബിന്റെ കഷ്‌ടപ്പാടുകളും,ഏകാന്തതയും,നൈരാശ്യവും,വിശ്വാസവും ആരേയും തരളിതമാക്കുന്നു.ഇബ്രാഹീം ഖാദിരിയെ പോലെ നിഗൂഢ സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളും ഇസ്രായീല്യരുടെ വിമോചനം പോലെയുള്ള ബിംബങ്ങളും കഥാതന്തുവില്‍ സ്വാഭാവികതയോടെ ഇഴകി ചേരുന്നു.
ലോറന്‍സ് ഓഫ് അറേബ്യ, റിച്ചാര്‍ഡ് ബര്‍ട്ടന്‍,മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുള്ള മരുഭൂമിയെ മലയാള ഭാഷയില്‍ ഇങ്ങനെ അതിന്റെ തീവ്രതയോടു കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതും ആനന്ദദായകമാണ്.അവരുടെ കാല്‍പ്പനികമായ അന്വേഷണങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും ഒരു പാട് അന്തരമുണ്ടെങ്കിലും രക്ഷതേടി ഉഴലുന്ന നജീബിലൂടെ ആടുജീവിതം നല്കുന്ന വ്യതിരികതതയുള്ള ഒരു കാഴ്ച തന്നെയാണത്!
അരനൂറ്റാണ്ട് പിന്നിടുന്ന ഗള്‍ഫ് പ്രവാസത്തിന്റെ ചൂളയില്‍ നിന്നും ഉരവം കൊണ്ട ജീവിതത്തിന്റെ ഒരു അടരാണ് ആടുജീവിതം.അതൊരു പ്രതീകമാണ്-അര്‍ബാബും,കുബ്ബൂസും,പത്താക്കയും,ജയിലും ഇഴചേരുന്ന പ്രവാസജീവിതങ്ങളുടെ പ്രതീകം. എത്രയെത്രെ മസറകളില്‍ ,കൃഷിയിടങ്ങളില്‍,ലേബര്‍ക്യാമ്പുകളില്‍,അറബി നഗരങ്ങളില്‍ എഴുതപ്പെടാത്ത എത്രയധികം അനുഭവങ്ങളുണ്ട് എന്ന് അത് നമ്മോട് സൂചിപ്പിക്കുന്നു.

പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ പത്മരാജന്റെ മൂന്നു നോവെല്ലകള്‍ വായിച്ചു.വിക്രമകാളീശ്വരം ,നന്മയുടെ സൂര്യന്‍ ,ശവവാഹനങ്ങള്‍ തേടി ഇവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നന്മയുടെ സൂര്യന്‍ പ്രണയത്തേയും പ്രണയഭംഗത്തേയും അത്ഭുതകരമെങ്കിലും തികച്ചും നൈമിഷികമായ അനുഭവമെന്ന് വിശേഷിപ്പിക്കുന്നു.പ്രകൃതിയും മഴയും നെയ്തെടുക്കുന്ന പ്രണയാതുരമായ അന്തരീക്ഷം അദ്ദേഹത്തിന്റെ സിനിമകളിലെന്ന പോലെ ഭാഷയിലും സജീവമാവുന്നത് മാത്രമാണ് നമ്മെ ആകര്‍ഷിക്കുന്ന ഘടകം .
വിക്രമകാളീശ്വരം , ശവവാഹനങ്ങള്‍ തേടി എന്നീ നോവെല്ലകളാകട്ടെ ഭ്രമാത്മക കല്പനകളുടെ ലാവണ്യമാണ് പ്രകടമാക്കുന്നത്.മാജികല്‍ റിയലിസമല്ല ,'മാജികല്‍ ' ഭാവനയാണ് അവയുടെ മുഖമുദ്ര.ആ ഭാവനയുടെ ഓളങ്ങളില്‍ എമ്പാടും മിത്തിക്കല്‍ സ്വഭാവമുള്ള ഫാന്റസിയും റിയാലിറ്റിയും കെട്ട് പിണയുന്ന വിഭ്രമാത്മകമായ കഥാസന്ദര്‍ഭങ്ങള്‍ .ജീവിതാസക്തിയുടെ മനുഷ്യമനസിന്റെ അമ്പരപ്പിക്കുന്ന വനസ്ഥലികള്‍ പെരുമ്പറ മുഴക്കി ഉണരുന്നു.പ്രതിമയും രാജകുമാരിയും എന്ന മുമ്പ് വായിച്ച പത്മരാജന്‍ കൃതി കൂടി മനസില്‍ തെളിഞ്ഞപ്പോള്‍ ഇതൊരു പക്ഷെ അദ്ദേഹത്തിന്റെ കഥകളുടെ പൊതു സ്വഭാവമാണോ എന്നു ഞാന്‍ ചിന്തിച്ചു?എല്ലാ വായനക്കാര്‍ക്കും ഇത് ദഹിച്ച് കൊള്ളണമെന്നില്ല.പക്ഷെ ആ ഭാവനാശേഷിയുടെ ലഹരിദായകമായ കരുത്ത് ഏവര്‍ക്കും നിസംശയം അനുഭവപ്പെടും .