തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം .രൌദ്രഭാവത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങള്‍ .തിരക്കും പ്രയത്നവും ആവര്‍ത്തന വിരസതയും കൊണ്ട് കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം .താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകല്ച്ച മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
ഓര്‍മ്മകളില്‍ പച്ചപ്പ് പടര്‍ത്തി ഒഴുകുന്ന നാട്ടിന്‍പുറത്തെ പുഴയുടെ തണുപ്പ് ഇടക്കിടെ തികട്ടി വരും .തന്റെ കുഞ്ഞു കാലിലെ വൃണങ്ങളില്‍ കടിച്ച് ഇക്കിളിപ്പെടുത്തിയ പരല്‍ മീനുകള്‍ വെള്ളത്തിനടിയിലൂടെ തെറിച്ച് നീങ്ങുന്നത് അക്വേറിയത്തിലെ മത്സ്യങ്ങളെ കാണുമ്പോയൊക്കെ കൊതിയോടെ സ്മരിക്കും .വഴുവഴുക്കുള്ള പാറയില്‍ തെന്നാതെ, ഒഴുക്കിനൊത്ത് നൃത്തമാടുന്ന പായലുകള്‍ വന്നടിയാതെ ഒരു ചിത്രവും മനസില്‍ അപൂര്‍ണമായി അവസാനിക്കാറില്ല.ആ പുഴക്കരയില്‍ ഒരു വീട് വച്ച് ഒരു വിധ നാഗരിക സങ്കീര്‍ണതകളുടെ സാന്നിധ്യവുമില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലെ ജീവിതം വരിക്കാന്‍ എപ്പോഴും കൊതിയാവാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളത്തില്‍ പോത്തുകളെ പോലെ കിടന്ന് നീന്തി തിമിര്‍ത്ത് ഉല്ലസിച്ചും മീന്‍ പിടിച്ച് തിന്നും കഴിയുന്നത് മോഹിപ്പിക്കുന്ന വിധം ഭാവനയില്‍ തെളിയുന്നു.
എന്നാല്‍ അയാള്‍ക്കറിയാം ,ഗൃഹാതുരത്വം ഭൂതകാലത്തിന്റെ ശാന്തതയില്‍ നിമഗ്നനായി തീരാന്‍ കൊതിക്കുന്ന ഒരു അലസ വികാരമാണ്.അത് തന്നെ എവിടെയും എത്തിക്കുന്നില്ല.ഈ നഗരത്തിരക്കില്‍ ഭ്രാന്തമായി പോരാടാനുള്ള വീര്യമാണ് വേണ്ടത്!ഒരു പടക്കുതിരയുടെ കരുത്തോടെ പായുന്ന ഭാവം ആവശ്യമുണ്ട്.എന്നാല്‍ തളര്‍ന്ന് വീഴാന്‍ തുടങ്ങുന്ന ഒരു കുതിരയുടെ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഭയപ്പാടാണ് നിറയെ.വൈക്കോല്‍ കൂനകളുളള ഒരു ലായത്തില്‍ തളര്ന്നുറങ്ങാന്‍ അത് കൊതിക്കുന്ന പോലെയാവും തന്റെ മോഹങ്ങള്‍ .
ഈയിടെ കമ്പനി എം ഡി എല്ലാവരേയും വിളിപ്പിച്ചു.പ്രചോദനമേകാനെന്ന പേരില്‍ സുദീര്‍ഘമായ ഒരു ഉപദേശ പ്രഭാഷണം.അതോ ഭീഷണിയോ?'സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഒരു യുദ്ധമുന്നണിയിലാണ് നിങ്ങളോരോരുത്തരും നില്ക്കുന്നത് എന്നുളള ജാഗ്രതയാണ് വേണ്ടത്.അവിടെ മുറിവേറ്റ് വീഴുന്നവരെ നോക്കാനോ സംരക്ഷിക്കാനോ ആരും സമയം കളയാറില്ല.'ഉപമകളുടെ യുക്തിരാഹിത്യത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് അയാള്‍ക്ക് തമാശ തോന്നി.പിന്നെയത് ഭീതികള്‍ക്ക് വഴി മാറി.'നിലനില്പ്പ് നിങ്ങളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. മറിച്ചാണെങ്കില്‍ അതും ബാധിക്കുക നിങ്ങളെ തന്നെ.'
തന്നെ പോലെ തളര്‍ന്ന് വീഴുന്ന കുതിരകളെ പറ്റിയാണോ അദ്ദേഹം പറഞ്ഞത്?തൊഴില്‍ നഷ്ടത്തിന്റെ കഥന കഥകള്‍ ഈ നഗരത്തില്‍ അങ്ങുമിങ്ങും അലയടിച്ച് കൊണ്ടിരിക്കുന്നു.തനിക്കൊന്നും അത്തരമൊരു അവസ്ഥ താങ്ങാന്‍ പറ്റുന്നതല്ല!ദൈനം ദിന ജീവിതത്തില്‍ നിന്നും അത്രയധികം ബാധ്യതകള്‍ തലയില്‍ കുന്നു കൂടിയിട്ടുണ്ട്.സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോഴും ഇതൊക്കെയാണ് ആദ്യം മനസില്‍ വന്നത്.അതു കൊണ്ടാണ് ഒന്നു മടിച്ച് നിന്നത്.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്.നാട് വിട്ടതിനു ശേഷം അങ്ങനെ ബന്ധമൊന്നുമില്ലായിരുന്നു.ഇടയ്ക്കുളള ഹ്രസ്വസന്ദര്‍ശന വേളകളിലും കണ്ടു മുട്ടാന്‍ സാധിച്ചിട്ടില്ല.ബാല്യത്തില്‍ വല്യ സുഹൃത്തുക്കളായിരുന്നു അവര്‍.അന്ന് ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്.ഞാനിതാ ഈ നഗരത്തിലുണ്ട് എന്ന് പറഞ്ഞവന്‍ വിളിച്ചപ്പോള്‍ ആ കാലമൊക്കെ അയാളുടെ ഉള്ളില്‍ വന്നെത്തി നോക്കി.സന്തോഷം തോന്നി.തന്നെ ഒന്ന് ഓര്‍ത്ത് വിളിക്കാന്‍ അവനു തോന്നിയല്ലോ.താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ എഴുതിയെടുത്തു.തൊട്ടടുത്ത അവധി ദിനത്തില്‍ തന്നെ ചെന്ന് കാണാമെന്ന് ഉറപ്പും കൊടുത്തു.
പുഴയുടെ കുറുകെ മരപ്പലകകള്‍ കൊണ്ട് കെട്ടിയ ഒരു മേല്‍പ്പാലമുണ്ടായിരുന്നു.അതു കടന്നാണ് അന്നവര്‍ അക്കരയുള്ള സ്കൂളില്‍ പോയിരുന്നത്.താഴെ നീലക്കഴം .ഏറ്റവും ആഴമുളള ഭാഗം.മുകളില്‍ നിന്നും നോക്കുമ്പോള്‍ ജലോപരിതലത്തിനു ഇളം നീല നിറമാണ്.നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാര്‍ക്ക് പോലും അവിടുത്തെ നിലയില്ലാത്ത വെള്ളത്തിലിറങ്ങാന്‍ കുറച്ച് പേടിയുണ്ടായിരുന്നു.
നീലക്കയത്തെ കുറിച്ചുളള ഒരു പാട് പഴങ്കഥകള്‍ അന്നവനു പറഞ്ഞു കൊടുത്തിട്ടുള്ളതും സുധാകരനാണ്.'ഈ നീലക്കയത്തിനു എത്ര ആഴമുണ്ടെന്നറിയാമോ?'തനിക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് ആത്മവിശ്വാസം ഉള്ളത് പോലെ മറുപടിയും അവന്‍ കൂടെ തന്നെ പറയും.'പതിനഞ്ചാള്‍ പൊക്കം !' അവനീ വിവരങ്ങളൊക്കെ എവിടുന്നു കിട്ടുന്നു എന്നാലോചിച്ച് അയാളുടെ കുഞ്ഞ് മനസ് അതിശയിക്കും .പാലത്തില്‍ നില്ക്കുമ്പോള്‍ ആ ആഴമോര്‍ത്ത് കാലിനടിയില്‍ ഒരു തരിപ്പ് കയറും.'ഇവിടെ എത്ര പേര്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നോ?അടിത്തട്ടില്‍ ഒരു ഭൂതത്താന്‍ കോട്ട ഉണ്ട്.അവിടുത്തെ ഭൂതങ്ങള്‍ താഴേക്ക് ആളുകളെ വലിച്ച് കൊണ്ട് പോവും . എത്ര വലിയ നീന്തല്‍ക്കാരാണെങ്കിലും രക്ഷയില്ല.തോണി വരെ ആ ഭൂതങ്ങള്‍ മറിച്ച് കളയും.അതു കൊണ്ടാണല്ലോ ഈ മേല്പ്പാലം കെട്ടിയത്.'
ഓര്‍ക്കുവാന്‍ രസമുളള ആ കഥകളുടെ നിറവില്‍ സുധാകരനെ കണ്ടപ്പോള്‍ ചോദിച്ചു.'ആ മേല്‍പ്പാലമൊക്കെ ഇപ്പോഴുണ്ടോ?'
'അതൊക്കെ എതു കാലത്ത് പൊളിച്ചതാണ്.ഇപ്പോള്‍ കോണ്‍ഗ്രീറ്റ് പാലമല്ലേ?അതു കഴിഞ്ഞിട്ടൊക്കെ നീ നാട്ടില്‍ പോയിട്ടുണ്ടാവുമല്ലോ?'ഉണ്ടാവും.. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ഭൂതകാലത്തിന്റെ ഭാവനകളില്‍ ജീവിക്കുന്ന എന്റെ മനസ് അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?
സുധാകരന്‍ ആളാകെ മാറിയിരിക്കുന്നു.അല്ലെങ്കില്‍ അയാള്‍ വിചാരിച്ചിരുന്ന ഒരു രൂപമേ ആയിരുന്നില്ല എന്ന് പറയുന്നതാവും ശരി.തടിച്ച ശരീരം,ബുള്‍ഗാന്‍ താടി,കയ്യില്‍ സ്വര്‍ണ ചെയിന്‍ ,ധരിച്ചിരുന്നത് വിലയേറിയ സ്യൂട്ട്.ഇവിടെ ഈ വന്‍നഗരത്തിലെ നക്ഷത്രഹോട്ടലില്‍ താമസിച്ച് ഇവന്‍ എന്ത് ചെയ്യുന്നു?
തങ്ങളുടെ സംഭാഷണം എവിടെയോ കൃതൃമമായി തീരുന്നുവെന്നും പഴയ സൌഹൃതത്തിന്റെ ഊഷ്മളത അവശേഷിക്കുന്നില്ലെന്നും അയാള്‍ ഭയപ്പെട്ട് തുടങ്ങിയ വേളയിലാണ് സുധാകരന്‍ വിഷയത്തിലേക്ക് കടന്നത്.'നിങ്ങളെയൊക്കെ പോലെ നമ്മുടെ നാടിനേയും പുഴയേയും സ്നേഹിക്കുന്ന,ആവേശമായി കൊണ്ട് നടക്കുന്ന കുറെ മനുഷ്യരെ മുന്നില്‍ കണ്ട് മാത്രമാണ് ഞങ്ങളുടെ പുതിയ പ്രോജക്റ്റ് 'റിവര്‍ സൈഡ് ജ്യൂവല്സ്' വില്ല പദ്ധതി ആരംഭിച്ചത്.നമ്മുടെ മനോഹരമായ ഗ്രാമത്തില്‍ തന്നെ പുഴക്കരയില്‍ കെട്ടിയുയര്‍ത്തുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ്പിനുള്ളിലാണ് വില്ലകള്‍ സ്ഥിതി ചെയ്യുന്നത്.എത്ര കാലമാണ് ഈ വിദേശത്ത് കഴിയുക?എന്നെങ്കിലും ഒരിക്കല്‍ ജന്മനാട്ടില്‍ തിരിച്ച് വരാന്‍ തോന്നുകയാണെങ്കില്‍ താമസിക്കാന്‍ പറ്റിയ ഇടം.ഇല്ലെങ്കില്‍ പോലും നല്ല ഒരു ഇന്‍വെസ്റ്റ്മെന്‍റ്റല്ലേ ഇത്.'
കൂടി കാഴ്ചയിലെ അത്തരമൊരു വഴിത്തിരിവ് അയാള്‍ക്ക് അപ്രതീക്ഷിതമായിരുന്നു.അതു കൊണ്ട് തന്നെ പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് ധാരണയില്ലാതായി. 'ഞാന്‍ ഒന്നാലോചിക്കട്ടെ' എന്ന് പറഞ്ഞ് ഒഴിയാന്‍ ഭാവിക്കുമ്പോഴും സുധാകരന്‍ മോഹനമായ വാക്കുകളോടെ പിന്തുടര്‍ന്നു.'ഫൈനാന്‍സിന്റെ കാര്യമാണെങ്കില്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ട.കുറഞ്ഞ തവണ വ്യവസ്ഥയില്‍ ലോണ്‍ ഒപ്പിച്ച് തരുന്ന പാര്‍ട്ടിയൊക്കെ നമ്മുടെ കയ്യിലുണ്ട്.നീ ഒന്നും അറിയേണ്ട.'
മടക്ക യാത്രയില്‍ 'റിവര്‍ സൈഡ് ജ്യൂവല്സിന്റെ' ബ്രോഷറുകള്‍ പുഴക്കരയിലെ മനോഹരമായ വീടുകളുടെ ചിത്രങ്ങളുമായി അയാളെ ഒറ്റു നോക്കി.നഗരത്തിന്റെ പരിഭ്രമങ്ങളില്‍ നിന്നും അത് തന്നെ ഭാവനയുടെ സ്വപ്നലോകത്തേക്ക് ആനയിക്കുന്നു.അത്തരമൊരു വീട് വളരെക്കാലമായി തന്റെ മോഹങ്ങളിലുണ്ട്.തീര്‍ച്ചയായും ഇത് തന്നെയാണ് പറ്റിയ അവസരം.ഇപ്പോള്‍ വാങ്ങിച്ചിട്ടാല്‍ ഒരിക്കലെങ്കിലും അതെല്ലാം പൂവണിയും എന്നു കരുതാം.തീരുമാനത്തിലേക്ക് എത്തിപ്പെട്ടത് എത്ര വേഗമാണ്!
ഭാര്യക്ക് എതിര്‍പ്പായിരുന്നു.'ഈ പൈസക്ക് എന്തിനു നാട്ടിന്‍പുറത്ത് ഒരു വീട് വാങ്ങുന്നു?പകരം എറണാകുളമോ ബാംഗ്ലൂരോ പോലെയുള്ള നഗരങ്ങളിലായാല്‍ വാടകയെങ്കിലും നന്നായി കിട്ടും.വയസ് കാലത്ത് പോയി താമസിക്കുകയും ചെയ്യാം.'തന്റെ ഗ്രാമത്തോടുളള അവജ്ഞയും അവിടെ പോയി താമസിക്കാന്‍ സാധ്യമല്ല എന്ന ധ്വനിയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നി.അതു കൊണ്ട് വീട് വാങ്ങണം എന്ന തീരുമാനം വാശിയോടെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കള്‍ക്ക് വേണ്ടി വരുന്ന ചിലവുകള്‍ ,ഇവിടുത്തെ ഭീമമായ വാടകത്തുക, വണ്ടിയുടേയും ക്രഡിറ്റ് കാര്‍ഡിന്റെയുമൊക്കെ അടവുകള്‍ എല്ലാം കഴിച്ച് മാസം എത്ര തുക ലോണിനു മിച്ചം പിടിക്കന്‍ കഴിയും എന്നത് കൂട്ടിക്കിഴിച്ച് കണക്കാക്കി.എന്നാല്‍ ആവേശം കൊണ്ടുളള ഒരു എടുത്തുചാട്ടമായിരുന്നോ തന്റേത് എന്ന ആശങ്ക ലോണിന്റെ അടവ് തുടങ്ങുമ്പോഴും അവസാനിച്ചിരുന്നില്ല.
സ്വപ്നങ്ങള്‍ക്കെല്ലാം പക്ഷെ പുതു വര്‍ണങ്ങള്‍ കൈവരുന്നു.ജീവിതത്തെ സംബന്ധിച്ച സുന്ദരമായ ചിത്രങ്ങളുടെ ആയാസരഹിതമായ പ്രവാഹങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിളിച്ചറിയിക്കുന്ന ഓരോ ഈ-മെയിലുകളും കൊണ്ട് വന്നത്. ഹാ ഇതാ പുഴക്കരയിലെ തന്റെ സ്വന്തം ഭവനം!സ്വപ്നങ്ങള്‍ക്കൊത്ത വസ്തുക്കള്‍ വിപണനം ചെയ്യുന്നവന്‍ തന്നെയാണ് ഇന്ന് അതിജീവിക്കാനറിയുന്ന വ്യാപാരി. സുധാകരന്റെയൊക്കെ ബുദ്ധിസാമര്‍ത്ഥ്യം സമ്മതിക്കണം. കാരണം സാമ്പത്തിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും അടിച്ചേല്പ്പിച്ച അവന്റെ വിപണനതന്ത്രത്തെ പോലും അയാളിന്ന് സ്‌നേഹിക്കുകയാണല്ലോ?
സുന്ദരമായ ചിത്രങ്ങള്‍!പുഴയുടെ അടിത്തട്ടില്‍ നിന്നും ഞാന്‍ മുങ്ങിയെടുത്ത് കൊടുത്ത വെള്ളാരം കല്ലിനെ അദ്ഭുതാതിക്യത്തോടെ നോക്കുന്ന പേരക്കുട്ടികള്‍.'സൂക്ഷിച്ച്..സൂക്ഷിച്ച്' എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്ന തന്റെ പരിഭ്രമത്തെ തെല്ലും കൂസാതെ പുഴക്കരയിലെ പാറക്കെട്ടിനു പിന്നിലായി അവരുടെ ഉത്സാഹം നിറയുന്ന കളിചിരികള്‍.വീണ്ടും പിന്നിലായി ആ മനോഹരമായ വീട്.ജീവിതത്തിന്റെ സൌന്ദര്യത്തിനും സമാധാനത്തിനും മീതെ ഒഴുകുന്ന പുഴയുടെ പശ്ചാത്തല സംഗീതം.നാലുപാട് നിന്നും കിനിഞ്ഞിറങ്ങുന്ന പച്ചപ്പ്!
'ഒരു ഹോളീഡേ മൂഡിനൊക്കെ പറ്റിയ സ്ഥലം തന്നെ.പണിയൊക്കെ തകൃതിയില്‍ നടക്കുന്നു.സുധാകരനങ്കിളിനെ മീറ്റ് ചെയ്തു.'ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ നാട്ടില്‍ പോയി അന്വേഷിച്ച് വന്നിട്ട് ഫോണില്‍ പറഞ്ഞു.ഒരു പക്ഷെ താനും ഭാര്യയും ഒറ്റയ്ക്കാവും വാര്‍ധക്യത്തില്‍ അവിടെ താമസിക്കുക എന്നയാള്‍ക്ക് അപ്പോള്‍ തോന്നി.മക്കളൊക്കെ അവരവരുടെ തിരക്കുകളില്‍ വ്യാപൃതരാവില്ലേ?ഭാവി പൊടുന്നന്നെ എങ്ങനെയൊക്കെയാണ് രൂപപ്പെടുകയെന്ന് ആര്‍ക്കറിയാം?
നഗരത്തിലെ പ്രമുഖമായ ഒരു സാമ്പത്തിക ഭീമന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചാവിഷയമായ സമയത്താണ് സുഹൃത്ത് പറഞ്ഞത്.ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഉത്ഭവകാരണം തന്നെ വീടിനായുള്ള ലോണുകള്‍ അമേരിക്കയില്‍ വ്യാപകമായി തിരിച്ചടക്കാന്‍ കഴിയാതിരിക്കുക മൂലമായിരുന്നുവത്രെ.മനുഷ്യരുടെ വീട് സ്വപ്നങ്ങളിലും അതിന്റെ വില്പനയിലും ഇത്രയധികം ആഗോള പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നറിയുമ്പോള്‍ മനസിലെവിടെയോ ഒരു മൂകത.പുഴക്കരയിലെ തന്റെ വീട്...
നിര്‍മ്മാണ പുരോഗതിയുടെ ഈ- മെയില്‍ അറിയിപ്പുകള്‍ മുടങ്ങി തുടങ്ങിയതോടെയാണ് അത് വര്‍ദ്ധിച്ചത്.സുധാകരനെ വിളിച്ച് നോക്കിയിട്ട് കിട്ടുന്നുമില്ല.എന്തോ പ്രശ്നങ്ങള്‍ ഉണ്ട് എന്നുറപ്പിച്ചു.ഇതിലൊന്നും പണം മുടക്കേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ എന്ന ശാഠ്യത്തില്‍ ഭാര്യയുടെ ശല്യം.ഒടുവില്‍ സുധാകരനെ കിട്ടി..
"ഒന്നും പറയണ്ട!തിരക്കു കൊണ്ട് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.നമ്മുടെ പ്രൊജക്റ്റിനു ഒരു സ്റ്റേ കിട്ടിയിരിക്കുന്നു.ഒന്നും പേടിക്കേണ്ടതില്ല.കാരണം സാമ്പത്തിക പ്രശ്നങ്ങളോ അങ്ങനെയൊന്നുമില്ല.ഇത്,അറിയാമല്ലോ നാട്ടുകാരുടെ ഒരു സ്വഭാവം.നല്ലത് എന്തെങ്കിലും വരുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ?പരിസ്ഥിതിയുടെ പേരും പറഞ്ഞാണ് ചിലര്‍ ഇറങ്ങിയേക്കുന്നത്.നമ്മള്‍ പുഴയുടെ അരികില്‍ മണ്ണടിക്കുന്നെന്നോ പുഴേന്ന് മണല്‍ വാരുന്നെന്നോ ഒക്കെ പറഞ്ഞ് പുഴയേ രക്ഷിക്കാന്‍ കുറേ എണ്ണം.!.ഓ ഇവമ്മാരു രക്ഷിച്ചിട്ട് വേണ്ടേ!!."സുധാകരന്റെ ശബ്‌ദത്തില്‍ അമര്‍ഷം പതഞ്ഞുയരുന്നു."ഒന്നും പേടിക്കേണ്ട.എല്ലാം എനിക്ക് വിട്ട് തന്നേക്ക്.കൃത്യ സമയത്ത് പ്രൊജക്റ്റ് കംപ്ലീറ്റാക്കി കയ്യില്‍ തന്നിരിക്കും ..പോരെ?"
മതിയോ?ശരിക്കും എന്താണ് സംഭവിക്കുന്നത്?മുടക്കിയ പണത്തിന് തനിക്കാ വില്ലയുടെ പണി പൂര്‍ത്തിയായി കിട്ടിയാല്‍ മതി.പക്ഷെ ഈ മണലു വാരലിന്റെയും അടിക്കലിന്റെയുമൊക്കെ കഥയെന്താണ്?മരിക്കുന്ന പുഴകള്‍ എന്ന പേരിലോ മറ്റോ ടീവിയില്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു.ഉണങ്ങി വരണ്ട് പെരുമ്പാതകള്‍ പോലെ നഷ്‌ടബോധത്തോടെ നീണ്ട് കിടക്കുന്ന പുഴകളുടെ അസ്ഥികൂടങ്ങള്‍!തന്റെ പുഴയും രക്ഷക്കായി കേഴുന്നുണ്ടോ?ഈ ചോദ്യങ്ങള്‍ക്കപ്പുറം ലോണിന്റെയും സാമ്പത്തിക കഷ്‌ടപ്പാടുകളുടേയും സമ്മര്‍ദ്ദം വില്ലയുടെ നിര്‍മാണത്തെ സംബന്ധിച്ച ആശങ്കകളില്‍ അഭിരമിക്കുന്നതിനാണ് തീര്‍ച്ചയായും ഇഷ്‌ടപ്പെട്ടത്.അതാണ് സത്യം.
അപ്പോഴും ഭാവനയുടെ അടിത്തട്ടില്‍ നിന്നും അതൃപ്തിജനകമായ ഒരു രേഖാചിത്രം തിരിതെളിക്കുന്നുണ്ടായിരുന്നു.വറ്റി വരണ്ട് വിണ്ടു കീറിയ ഭൂമിക്ക് അരികിലായി വെയിലില്‍ നിറം മങ്ങി നില്ക്കുന്ന ഒരു വീടിനു മുന്നില്‍ സ്വപനഭംഗത്തിന്റെ, ഏകാന്തതയുടെ താഢനമേറ്റ് നില്ക്കുന്ന ഒരു മനുഷ്യന്‍.
പക്ഷെ താന്‍ ഞെരുക്കം സഹിച്ച് എത്ര കഷ്‌ടപ്പെട്ടാണ്,ഈ ലോണ്‍ അടച്ച് തീര്‍ക്കുന്നത്!ആ പണം മുഴുവന്‍..?ഈ നശിച്ച പ്രകൃതി സ്നേഹികള്‍!!
(© ഹസീം മുഹമ്മദ്-)
കുമിളകള്‍. (ചെറുകഥ)
Author: ezhuthukaran / Labels: shortstoryഉറങ്ങാന്‍ കിടക്കുന്നത് വരെ യാതൊന്നുമില്ല.കിടന്നു കഴിഞ്ഞാല്‍ അപ്പോഴതാ മൂക്ക് അടയുന്നു.കോര്‍ക്കു വച്ച് അടച്ച പ്രതീതി.വായിലൂടെ ശ്വാസം എടുക്കില്ല എന്നുറച്ച് മൂക്ക് വിടര്‍ത്തി എല്ലാ ശക്തിയും പിടിക്കും .തടി അറുക്കുന്ന മാതിരി ശബ്‌ദകോലാഹലങ്ങളുടെ ഒടുവില്‍ അല്പം പ്രാണനു വേണ്ടിയുള്ള നെഞ്ചിന്റെ പിടച്ചിലില്‍ വായ തുറന്ന് കൊടുക്കും .അത് മൂലം കുറെ കഴിയുമ്പോള്‍ വായ ഉണങ്ങി ദുസ്വാദ് നിറയുന്നു.വീണ്ടും മൂക്ക് വിടര്‍ത്തി ശ്വസിക്കാന്‍ ശ്രമിക്കും .ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥത പെരുത്ത് ഞാന്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേല്ക്കുന്നു.ദേഷ്യത്തോടെ തല കുടയുന്നു.മുറിയില്‍ അങ്ങുമിങ്ങും നടക്കുന്നു.ശാപവാക്കുകള്‍ ഉരുവിട്ട് പോവുന്നു.
ഇതിപ്പോള്‍ പതിവായി.ഇന്നലെ രാത്രി, ഇങ്ങനെ നട്ടം തിരിഞ്ഞ് ഒടുവില്‍ ഉറങ്ങിയത് രാവിലെ മൂന്നരക്കാണ് .മുന്‍പ് ഒരു ജലദോഷം പോലും ഉണ്ടായിരുന്നില്ല .ഇപ്പോള്‍ എന്താണ് ഇങ്ങനെയൊരു ശ്വാസം മുട്ടല്‍ ?ഇവിടുത്തെ ഈ അന്തരീക്ഷം വിട്ട് പോവാമെന്നു വെച്ചാല്‍ ലോകം അത്രക്ക് വിശാലമൊന്നുമല്ലല്ലോ?ഭീരുത്വത്തിന്റെ മൂടുപടം ചീന്തുവാന്‍ എനിക്ക് കഴിയുമോ?അല്ലെങ്കിലും ഞാനെന്തിനു ഈയൊരു മൂക്കടപ്പ് ഭയന്ന് ഓടി പോവണം ?
_ ഉം ...എഴുത്തിന്റെ തുടക്കം ഇങ്ങനെയാണോ? --_
ഒന്ന് കേള്‍ക്കൂ,ഇത് വായിച്ച് തീരുമ്പോള്‍ ഇതെന്ത് കഥ എന്നോ മറ്റോ തോന്നിയാല്‍ ക്ഷമിക്കുക!മൂക്ക് അടഞ്ഞ് പ്രാണവായുവിനു വേണ്ടി നാക്ക് നീട്ടിയ കോലത്തില്, ഉറക്കം പോലും നഷ്‌ടപ്പെട്ടവന്‍ പൂണ്ട അസ്വസ്ഥതയൊടെ ഇരുന്നെഴുതിയതാണ് എന്നോര്‍ത്തെങ്കിലും ക്ഷമിക്കുക!ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്.ചെറുപ്പം മുതലേ എന്തെങ്കിലും അസുഖം ബാധിച്ചാല്‍ ബഹളം കൂട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിക്കുമായിരുന്നു.ചുറ്റുമുള്ളവരുടെയെല്ലാം ശ്രദ്ധയും പരിചരണവും എനിക്ക് വേണം .എന്റെ വിഷമതകള്‍ മുഴുവനായി മനസിലാക്കപ്പെടണം എന്ന ശാഠ്യം .ഇത്തരം മനശാസ്ത്രമായിരിക്കും എന്നെ കൊണ്ട് ഇതെല്ലാം എഴുതിക്കുന്നത്!ഇവിടെ ഈ ഏകാന്തതയില്‍ മറ്റെന്താണ് ഞാന്‍ ചെയ്യുക?ക്ഷമിക്കണം ..
-_ശരി...ശരി...കഥ കേള്‍ക്കട്ടെ._
അങ്ങനെയങ്ങ് പറയാന്‍ പറഞ്ഞാല്‍ അത്രയൊന്നുമില്ല.ഇന്നലെ ഞാന്‍ ഉറങ്ങിയപ്പോള്‍ മൂന്നരയായി എന്ന് പറഞ്ഞല്ലോ?അവധി ആയിരുന്നത് കൊണ്ട് അത് സുഖകരമായി രാവിലെ പതിനൊന്നര വരെ നീണ്ടു.പിന്നെ പതിവ് പോലെ ഒടുങ്ങിയ ദിനത്തിനു മീതെ രാവ് വന്നെത്തിയപ്പോള്‍ ചില അസ്വസ്ഥതകള്‍ നിമിത്തം ഡയറി എഴുതാന്‍ ഇരുന്നു. പതിവുകളും പതിവില്ലായ്മയും മനസിലൂടെ കടന്ന് പോയി.പലതും എഴുതണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല.ഒടുവില്‍ ഡയറി മടക്കി വച്ച് കിടന്നപ്പോള്‍ പതിവുകാരന്‍ ആയുധം മൂര്‍ച്ച കൂട്ടി ഇരുളിന്റെ മറവില്‍ നിന്നും ഇറങ്ങി വന്നു.ഏറെ കഴിയുമ്പോഴും അത്യന്തം രോഷത്തോടെ ഞാന്‍ മൂക്കിന്റെ ദ്വാരങ്ങള്‍ തുറന്ന് കിട്ടാന്‍ സര്‍വ്വശക്തിയുമെടുത്ത് വലിക്കുകയാണ്.ഞാന്‍ വിചാരിച്ചിരുന്നത് മോഹന്‍ലാലില്‍ നിന്നും കഥ എഴുതി തുടങ്ങാമെന്നാണ്.പതിവ് കൃത്യങ്ങളുടെ ചിത്രീകരണത്തോടെ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ ടി പി ബാലഗോപാലന്‍ എം എ ഓര്‍മ്മയില്ലേ?അങ്ങനെ ഒരു തുടക്കം .അതെ,ചോദിക്കണമെന്ന് കരുതിയിരുന്നതാണ്.ഇപ്പോഴാണ് ഓര്‍ത്തത്.ബ്രീത്ത് ഈസി എന്നൊരു വാക്കും കടിച്ച് പിടിച്ച് മോഹന്‍ലാല്‍ ഒരു മരുന്നിനെ പറ്റി പറയുന്നുണ്ടല്ലോ?അതെങ്ങനെ?മൂക്കടപ്പിനു വളരെ ഫലപ്രഥമാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ?ശരിയാണോ?
_ആവോ,എനിക്കറിയില്ല.നിങ്ങളൊന്നു വേഗം പറഞ്ഞ് തീര്‍ക്കുമോ?_
ശരി, ശരി.. ഞാന്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് കഥയില്‍ പരാമര്‍ശിക്കണമല്ലോ?ബാംഗ്ലൂരില്‍ നിന്നും തുംകൂറിലേക്ക് നീളുന്ന ദേശീയപാതയിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇരു വശവും പൊടിയും ബഹളവും നിറഞ്ഞ അന്തരീക്ഷത്തില്‍ കടകളുടെ നിര കാണാം .കൂറ്റന്‍ ജന്തുക്കളെ പോലെ വരിവരിയായി ഭാരം വഹിച്ച് തളര്‍ന്ന ലോറികള്‍ കിടപ്പുണ്ടാവും .അവയുടെ ഡ്രൈവര്‍മാര്‍ കൊച്ച് ചായകടകളുടെ മുന്നിലെ കല്‍ബഞ്ചുകളിലിരുന്ന് മസാലച്ചായക്കൊപ്പം സിഗരറ്റ് പുക വലിച്ച് കയറ്റുകയാണ്.കടക്കുള്ളില്‍ നിന്നു ബഹുവര്‍ണങ്ങളിലുള്ള പാന്‍മസാലകളും ചില്ലുഭരണിയില്‍ നിറച്ച പലഹാരങ്ങളും അവരെ നോക്കി ചിരിക്കുന്നു.പിന്നെയും ചിലര്‍ സമീപത്തുള്ള ദുര്‍ഗന്ധം പേറുന്ന തല്ലിപ്പൊളി ബാറുകളുടെ ഇരുണ്ട അന്തരീക്ഷത്തിലേക്ക് നൂണ്ട് കയറുന്നു.ദുര്‍ബലരാവാതെ അവരെ വിട്ട് മുന്നോട്ട് നീങ്ങുക.ചൂടും പൊടിയും നിറഞ്ഞ ഈ പീഠഭൂമിയിലെ വേനലിന്റെ പരുക്കന്‍ പ്രഹരങ്ങള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നുണ്ടാവും . ചിലപ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും നാസാഗ്രങ്ങളില്‍ ചൂടും അസ്വസ്ഥതയും തോന്നാം .അങ്ങനെയാണെങ്കില്‍ മൂക്കടപ്പിനുള്ള മുന്നറിയിപ്പുകളാണ് എന്നോര്‍ക്കുക.വെയില്‍ വീണ് പഴുത്ത് കിടക്കുന്ന പെരുമ്പാതയിലൂടെ ശരം വിട്ട പോലെ വാഹനങ്ങള്‍ ചീറി പായുന്നത് കാണാം .ഇടയ്ക്കിടെ നിങ്ങളുടെ കാലുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പായുന്ന മെലിഞ്ഞു വൃത്തികെട്ട തെരുവ് നായ്ക്കളെ ശ്രദ്ധിക്കേണ്ട.നിങ്ങള്‍ കാലൊന്നു കുതറിയാല്‍ അവ ഭയന്ന് ചാടി ഏതെങ്കിലും വാഹനങ്ങളുടെ ടയറിനടിയില്‍ കുരുങ്ങാനും മതി!
ബസ് സ്റ്റോപ്പില്‍ നിന്നും നടന്ന് മൂന്നാമത്തെ ഇടവഴിയിലൂടെ ഉള്ളിലേക്ക് തിരിയുക.ഉള്ളില്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മാതിരിയുള്ള വീടുകള്‍ അടുക്കിയിരിക്കുന്നത് കാണാം . ഏതോ സ്കൂള്‍ അസംബ്ലിയിലെ ഉത്സാഹം നഷ്‌ടപ്പെട്ട കുട്ടികളെ പോലെയാണ് അവയുടെ നില്പ്പ്.മുന്നോട്ട് ചെല്ലുമ്പോള്‍ ഒരു ബേക്കറിയുണ്ട്.വെയില്‍ മറക്കാന്‍ അതിന്റെ മുന്നില്‍ തുണി തൂക്കിയിട്ടുണ്ടാവും .ഉള്ളിലുള്ള മുറിച്ചുണ്ടന്‍ കൈയിലുള്ള തുണി ചുഴറ്റി ഈച്ചകളെ ആട്ടുന്ന കാഴ്ചയും കാണാം .ബേക്കറിയുടെ പിന്നിലൂടെ പടികള്‍ കയറി മൂന്നാമത്തെ നിലയില്‍ എത്തുക.അവിടെ ഒടുവിലത്തെ മുറിയിലാണ് കഴിഞ്ഞ ഒരു കൊല്ലമായി എന്റെ താമസം .
മുറിയുടെ മുന്നിലുള്ള ചെറിയ ബാല്‍ക്കണിയിലിരുന്ന് കാഴ്ചകളിലേക്കും സ്വപ്നങ്ങളിലേക്കും മുഴുകുവാന്‍ എനിക്ക് വലിയ ഇഷ്‌ടമാണ്.ദൂരെ വീടുകളുടെയെല്ലാം പിന്നിലുളള പാഴ്നിലങ്ങളുടെ മദ്ധ്യത്തില്‍ നീണ്ട് കാണുന്ന പാതയിലൂടെ രാവിലെ ഫാക്‌ടറി ജോലിക്കാര്‍ തിക്കി തിരക്കി പോവുന്നത് കാണാറുണ്ട് .എല്ലാവരും ധൃതിയിലായിരിക്കും .വൈകുന്നേരം തളര്‍ന്നിട്ടാണെങ്കിലും ആശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളോടെ മെല്ലെയാവും അവരുടെ മടക്കം .അപ്പോള്‍ സൂര്യന്‍ അവര്‍ക്ക് പിന്നില്‍ നിറകോലാഹലങ്ങളോടെ അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും .എന്റെ കാര്യം ചിന്തിക്കുക.ഇതേ പോലെ ആശ്വാസത്തോടെ വിശ്രമിക്കാന്‍ തയാറെടുത്ത് ഓഫീസില്‍ നിന്നും തിരിച്ചെത്തുമ്പോഴാവും മൂക്കടപ്പ് തുടങ്ങുക.പിന്നെ അതുമായി മല്ലിട്ട് വിഷമിച്ച് എന്റെ നല്ല ബോധം തന്നെ പോകും .നിസ്സഹായനായി ഞാന്‍ ദേഷ്യത്തോടെ ഇരിക്കും .
_നിങ്ങളീ മൂക്കടപ്പിന്റെ കാര്യം തന്നെ ആവര്‍ത്തിച്ചിരിക്കാനാണോ ഉദ്ദേശിക്കുന്നത്?_
ഞാന്‍ പറഞ്ഞല്ലോ,ശാരീരിക അസ്വാസ്ഥ്യങ്ങളുടെ അവസരത്തില്‍ ഇതെന്റെ ശീലമായി പോയി.ക്ഷമിക്കണം .എന്നാല്‍ ശ്വാസം മുട്ടല്‍ വിചാരിക്കുന്ന പോലെ നിസാരമല്ല എന്ന് മനസിലാക്കണം കെട്ടോ!...അത് പോട്ടെ,ഇന്ന് രാവിലെ പതിനൊന്നിന് എണീറ്റ ശേഷമുളള കാര്യങ്ങളാണല്ലോ പറയണമെന്ന് ഉദ്ദേശിച്ചത്.അലസമായ വിധത്തില്‍ പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് തീര്‍ത്ത ശേഷം ഞാന്‍ ഹോട്ടല്‍ ചോയിസിലേക്ക് ചെന്നു.അവിടെ ചോര്‍ തയാറാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഹോട്ടലിന്റെ മൂലയില്‍ മുകളിലായി വച്ചിരിക്കുന്ന ടീവിയില്‍ ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ്.പഴയ സര്‍ക്കാര്‍ സ്കൂളിനെ അനുസ്മരിപ്പിച്ച കറുത്ത ബഞ്ചില്‍ അമര്‍ന്നിരുന്ന് സമയം കളയാന്‍ ഞാനത് നോക്കിയിരുന്നു.
കുറെ കഴിഞ്ഞപ്പോള്‍ നെഞ്ചത്തും നെറ്റിയിലും ഉരുണ്ടിറങ്ങുന്ന വിയര്‍പ്പ് തുള്ളികളുമായി ഹോട്ടല്‍ ജീവനക്കാരന്‍ വന്നു.ചോറു നിറച്ച ആവി പറക്കുന്ന പ്ളേറ്റ് ഒരോരുത്തരുടേയും മുന്നില്‍ ശബ്‌ദത്തോടെ വച്ച് അവനും ടീവിയിലേക്ക് കണ്ണോടിച്ചു.പിന്നെ കളിയുടെ നില നിറഞ്ഞ രസത്തോടെ നോക്കി നിന്നു.ചേട്ടാ ആ കറികളും കൂടി തരുമോ എന്ന് ഞാന്‍ അവശ്യപ്പെട്ട ശേഷം മാത്രമാണ് നിരാശയോടെ അവന്‍ അകത്തേക്ക് പോയത്.ബാക്കി എല്ലാവരും ചോറില്‍ വെറുതെ വിരല് കൊണ്ട് വരഞ്ഞ് കളിയില്‍ മറന്നിരിക്കുകയാണ്.ജോലിക്കാരന്‍ കറികള്‍ വിളമ്പിയ ശേഷവും അവര്‍ ടീവിയില്‍ തന്നെ കണ്ണും നട്ട് കുറച്ച് മാത്രം ചോര്‍ മണികള്‍ വായിലിട്ട് മെല്ലെ മെല്ലെ ചവച്ചു കൊണ്ടിരുന്നു.ഞാന്‍ കഴിച്ച് തീര്‍ത്ത് ഇറങ്ങുമ്പോള്‍ കളി ലഞ്ചിനു പിരിയുകയായിരുന്നു.അപ്പോഴാണ് ഹോട്ടലിന്റെ അടക്കി പിടിച്ചിരുന്ന അന്തരീക്ഷം ഇളകി തുടങ്ങിയത്.
ഞാന്‍ ഹോട്ടലില്‍ നിന്നിറങ്ങി സുഹൃത്തുക്കളുടെ മുറിയിലേക്കാണ് നടന്നത്.അവധി ആയത് കൊണ്ട് അവിടെ സൊറ പറഞ്ഞും ചീട്ട്കളിച്ചും നേരം പോക്കാമെന്ന് കരുതി.ഹൈവേക്ക് സമാന്തരമായുളള കൊച്ച് ചന്തയുടെ ഉള്ളിലൂടെ കയറണം .അവിടെ പച്ചക്കറികളും പഴങ്ങളും നിറച്ച ഉന്തുവണ്ടിയും സോപ്പ്-ചീപ്പ് പൊലെ തുഛമായ സാമാനങ്ങളും പാത്രങ്ങളും പണിയായുധങ്ങളും ഉടമപ്പെടുത്താന്‍ വന്നെത്തുന്നവരെ കാത്തിരിക്കുന്നു.വെള്ളവും എണ്ണയും കാണാത്ത വരണ്ട മുടിയും ശരീരവുമായി കറുത്ത പൂക്കാരികള്‍ .തുകല്‍ മാതിരിയുള്ള തൊലിയും ചുളിവുകള്‍ നിറഞ്ഞ മുഖവുമായി ചെരിപ്പ്കുത്തികള്‍ .കാലുകളില്‍ തട്ടി വിളിച്ച് കൊണ്ട് പിച്ചയെടുക്കുന്ന എല്ലുന്തിയ കൊച്ചുകുട്ടികള്‍ .എല്ലാവരും തിരക്കിലാണ്.അവരുടെ ജീവിതത്തിന് മീതെ അടയിരിക്കുന്ന തീ വെയില്‍ .അസ്വസ്ഥത പെരുപ്പിക്കാന്‍ നിറയുന്ന പൊടി .അതിനെ പിന്നെയും പതിന്മടങ്ങ് വര്‍ധിപ്പിച്ച് അന്തരീക്ഷത്തിന് മീതെ ആവരണമാക്കി ഒരു ജാഥ കടന്ന് പോയി.മുന്നിലുണ്ടായിരുന്നവര്‍ വിതരണം ചെയ്ത നോട്ടീസ് എനിക്കും കിട്ടി.അച്ചടിച്ച ഭാഷ മനസിലാക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ മടക്കി കൈയില്‍ വച്ചു.
ഞാന്‍ ചെന്നെത്തുമ്പോള്‍ ലഞ്ചിന് ശേഷം പുനരാരംഭിച്ച ക്രിക്കറ്റിന് മുന്നില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന സുഹൃത്തുക്കളെയാണ് കണ്ടത്.ഇത് തീരാതെ ഇനി ആരും എഴുന്നേല്‍ക്കാന്‍ പോവുന്നില്ല.വരുമ്പോള്‍ കളിയുടെ കാര്യം പെട്ടെന്ന് ഓര്‍ത്തിരുന്നില്ല.കുറെ നേരം അങ്ങനെ ചടഞ്ഞിരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ താഴേക്ക് ഇറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.രാത്രിയിലെ മൂക്കടപ്പ് കാരണം പുകവലി നിര്‍ത്തിയതായിരുന്നു.നേരത്തെ കിട്ടിയ നോട്ടീസ് അവിടെയും ഇരിക്കുന്നത് കണ്ട് തമിഴയനായ കടയുടമയോട് അതിനെ പറ്റി ആരാഞ്ഞു.അതീ പെണ്‍കുഴന്തകളെ കാതല്‍ നടിച്ച് കടത്തി പോണതിനെ കുറിച്ച് തെര്യപ്പെടുത്തുന്നതാ..ഉങ്കളുടെ ഊരിലൊക്കെയുണ്ടല്ലോ?ലൌ ജിഹാദ്!
എന്റെ ഉള്ളില്‍ കൊച്ച് കൊച്ച് കുമിളകളായി ഉയര്‍ന്ന് വന്നു, എന്തൊക്കെയോ അങ്കലാപ്പുകള്‍ .വല്ലാത്ത ക്ഷീണം .സിഗരറ്റിന്റേതാണോ? വലിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ല.ഛെ!വയ്യെന്ന് മനസിലാക്കി അവസാനിപ്പിച്ച് കഴിഞ്ഞിട്ടും എന്തിനാണാവോ ഈ ദുശ്ശീലം ആവര്‍ത്തിക്കാന്‍ തുനിയുന്നത്? പകുതി പോലുമാവാത്ത കുറ്റി ദൂരേക്ക് എറിഞ്ഞു.സ്വന്തം മുറിയിലേക്ക് തിരികെ ചെന്ന് വിശ്രമിക്കാന്‍ കൊതിച്ചു.പക്ഷെ പൊള്ളുന്ന വെയില്‍ വെല്ലുവിളിയോടെ തെരുവ് നീളെ മലര്‍ന്ന് കിടക്കുന്നു. തിരികെ മുകളിലേക്ക് കയറി.കളിയില്‍ മുഴുകിയിരിക്കുന്ന സുഹൃത്തുക്കളുടെ അരികിലൂടെ അകത്തെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് ചാഞ്ഞു.വെയിലില്‍ നിന്നും കയറിയത് കൊണ്ടാണോ കണ്ണിനു മുന്നില്‍ വെളിച്ചത്തിന്റെ കുമിളകള്‍ ?തല തിരിയുന്നോ?മയങ്ങാന്‍ ശ്രമിച്ച് കണ്ണുകള്‍ പൂട്ടി.
മയങ്ങാന്‍ മടിക്കുന്ന ചില ഭീതികള്‍ !എന്നെയീ പീഠഭൂമിയുടെ പരുഷതയില്‍ തളച്ചിടുന്ന ഭീരുത്വത്തിന്റെ ആത്മനിന്ദ വളര്‍ത്തുന്ന ദൈന്യത.മഴ പെയ്താല്‍ വെള്ളം ചാല് കീറി ഒഴുകി തോട് പോലെയാവുന്ന ഒരു ടാറിടാത്ത റോഡിന്റെ അരികിലായിരുന്നു അവളുടെ വീട്.കാറ്റില്‍ കസവ് നൂലുകള്‍ പോലെ പറക്കുമായിരുന്നു അവളുടെ മുടി.എന്റെ ഉള്ളില്‍ കുളിര്‍ മഞ്ഞായി പെയ്യുമായിരുന്നു ആ പൊട്ടിച്ചിരി.ആ സാമീപ്യത്തില്‍ എന്റെ ഒരായിരം കവിതകള്‍ പിറക്കുമായിരുന്നു.പക്ഷെ ലോകം മുഴുവന്‍ എന്നെ ക്രൂരതയോടെ നോക്കിയ ആ ദിവസം ഞാന്‍ ഭയപ്പാടുകളോടെ വിറക്കുകയായിരുന്നു.അടിയേറ്റ് മണ്ണില്‍ മുഖം കുത്തി വീണ എന്റെ നേരെ ആരോ ആഘ്രോശിച്ചു."എടാ മേത്തച്ചെറുക്കാ,ഞങ്ങളുടെ സമുദായത്തില്‍ നിന്നു തന്നെ നിനക്ക് പെണ്ണ് വേണമല്ലേ? അവളുടെ നിലവിളികള്‍ ഭീരുതയോടെ പ്രകമ്പനം കൊണ്ട എന്റെ ആത്മാവ് കേട്ടതേയില്ല.ഞാന്‍ ഓടി.വീടും നാടും വിട്ട് ഓടി.
അസ്വസ്ഥതയുടെ നിഴല്‍ കൂട്ടങ്ങള്‍ എനിക്ക് ചുറ്റും നാവിളക്കി ആടുന്നു. ഉറക്കത്തിനും ഉണര്‍വിനും മദ്ധ്യേയുള്ള ആ അവസ്ഥയില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ കളിയുടെ അവസാനഘട്ടം എത്തിയിരുന്നു.ഉദ്വേഗം പേറി ഇരിക്കുകയാണ് സുഹൃത്തുക്കള്‍ .പ്രവചനാതീതമായ ഫലങ്ങള്‍ കാത്ത് വച്ചിരിക്കുന്ന കുറെ ബോളുകള്‍ .സന്നിഗ്ദമായ നിമിഷങ്ങള്‍.ശേഷം ഇന്ത്യ തോറ്റു.രാവിലെ മുതല്‍ സൂക്ഷിച്ചിരുന്ന ആവേശത്തിന്റെ ഒടുവില്‍ നിരാശയോടെ അവര്‍ എഴുന്നേറ്റു.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ന്യായമായും പരിഗണിക്കേണ്ട ചില നിരീക്ഷണങ്ങള്‍ ഒരോരുത്തരും ഉയര്‍ത്തി.മ്ലാനത നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ചാനലുകളിലൂടെ സഞ്ചരിക്കവേ ഇടക്ക് ഒരിടത്ത് ബ്രേക്കിങ് ന്യൂസ്.ലൌ ജിഹാദ്-അന്വേഷണങ്ങള്‍ക്ക് കോടതി ഉത്തരവ്.
ലൌ ജിഹാദ്,മാങ്ങാത്തൊലി.-ഞാന്‍ അറിയാതെ മന്ത്രിച്ചു.
അതെന്താ അങ്ങനെ പറയുന്നത്?ഒരു സുഹൃത്ത് ഉടനെ ചോദിച്ചു.
യഥാര്‍ത്ഥത്തില്‍ ഇത്തരം തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ തയാറാവണം .മറ്റൊരാള്‍ പറഞ്ഞു.
അതെയതെ നാം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം ഇത്തരം തീവ്രവാദം തന്നെ.-മൂന്നമന്‍
ഓ-ദൈവമേ കുമിളകള്‍ ഒടുങ്ങുന്നില്ല!
--_കഴിഞ്ഞോ?_
ഇതൊക്കെ തന്നെയേ ഉള്ളൂ...! ഡയറിയില്‍ എഴുതാന്‍ തുനിഞ്ഞത് ഇത് തന്നെ.
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
എന്തേ?
ഒന്നുമില്ല എങ്കില്‍ ഞാന്‍ ....(ഇറങ്ങാന്‍ ഭാവിക്കുന്നു)
ഓ..
ആയാള്‍ പോയി.അങ്ങേര്‍ക്ക് ശ്വാസം മുട്ടലിനെ കുറിച്ച് കേള്‍ക്കുന്നതേ പുച്‌ഛമാണ്.ഞാനീ രാത്രി പൈപ്പിന്റെ ചുവട്ടില്‍ മൂക്ക് ചീറ്റി കൊണ്ട് എത്ര നേരമായി നില്ക്കുന്നു.ഇടക്കിടെ മൂക്കള കുമളിച്ച് വരുന്നതല്ലതെ ഈ അടഞ്ഞ മൂക്ക് തുറന്ന് കിട്ടുന്ന ലക്ഷണമേയില്ല.
ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.സ്കൂള്‍ അസംബ്ലിയില്‍ നിരന്ന വീടുകളൊക്കെയും ഉറങ്ങി കിടക്കുകയാണ്.സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ വെളിച്ചം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഏതോ ഫാക്ടറി പുകയും വഹിച്ച് ഒഴുകി വന്ന കാറ്റ് എന്റെ മുഖത്ത് തട്ടി കടന്ന് പോയി.ഇല്ല,മൂക്ക് തുറക്കുന്നില്ല.ഇനി എന്നായിരിക്കും സുഖമായി ശ്വാസം എടുത്ത് കൊണ്ട് ഉറങ്ങാന്‍ കഴിയുക?
------
കഥ-അച്‌ഛന്‍
വികാരങ്ങളുടെ വേലിയേറ്റത്തില്‍ കടിഞ്ഞാണ്‍ നഷ്‌ടപ്പെട്ട് പോയിരുന്ന മനസ് ഒരു ഞെട്ടലോടെ ഉണര്‍ന്നത് ഇപ്പോഴാണ്.അത് വഴി വന്നെത്തിയ ആക്ഷേപകരമായ നിലയില്‍ മനസ് പട പട ഇടിച്ചു.ചുറ്റും ഇരുട്ടായിരുന്നു.ചുക്കിരിയും പൊടിയും തന്നെ പൊതിയുന്നു.തലയ്ക്കുള്ളില്‍ തീയാളി.
വൈകിട്ട് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു."അച്‌ഛന്റെ അസുഖം കൂടുതലാണ്.നിന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുണ്ട്.നീ ഇന്നു തന്നെ കയറുമോ?"
"ഓഫീസില്‍ ഒഴിവാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.അത് തീര്‍ത്ത് നാളെ കയറും ."
"എത്രയും വേഗം എത്താന്‍ നോക്കൂ."അമ്മയുടെ ശബ്‌ദത്തിലെ ഇടര്‍ച്ച അയാളെ അസ്വസ്‌ഥനാക്കി.ഇന്ന് തന്നെ പോകേണ്ടതുണ്ടോ?സമയം വൈകുന്നേരം നാലര മണി.ഫോണ്‍ വിളിച്ച് നോക്കിയാല്‍ ഏതെങ്കിലും ട്രാവല്‍സില്‍ രാത്രിയൊരു ടിക്കറ്റ് കിട്ടാതിരിക്കില്ല.പക്ഷെ ഇന്ന് പോവുക എന്നത്....?തീരുമാനം എടുക്കാനാവാതെ അയാളുടെ മനസ് മലക്കം മറിഞ്ഞ് കൊണ്ടിരുന്നു.
ബൈക്കില്‍ റൂമിലേക്ക് പൊവുമ്പോഴും മനസ് ഇരു ദിശയിലേക്കും കുതറി നടന്നു...നാളെ പോവാം .ഉച്ച കഴിഞ്ഞ് മഴ പെയ്തിരുന്നു.ചെറിയ മഴ പോലും റോഡിനെ ചെളിക്കുണ്ടാക്കുന്നു.!അത് മൂലം ഡ്രൈവിങ്ങില്‍ പുലര്‍ത്തേണ്ടി വരുന്ന സൂക്ഷ്മത അയാളുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു.
മുറിയിലേക്ക് തിരിയുന്ന വളവിനോട് ചേര്‍ന്ന് നിര്‍ത്തി.തൊട്ടടുത്ത ബേക്കറിയില്‍ കയറി ഒരു ചായയും സിഗരറ്റും പറഞ്ഞു."എന്തൊക്കെയുണ്ട് വിശേഷം ?ഒരു ചൂട് പപ്സ് എടുക്കട്ടെ?"
"ചൂടാണെങ്കില്‍ ഒന്ന് താ...പിന്നെ നാളെ നാട്ടില്‍ പോവ്വാ."
"ഉം ..എന്താ വിശേഷിച്ച്?"
"അച്‌ഛന്‍ സുഖമില്ല!"
"അയ്യോ,എന്തു പറ്റി?"
"കിടപ്പിലായിട്ട് കുറച്ച് നാളായി.ഇടയ്ക്ക് അസുഖം കൂടും ."
ബേക്കറിയില്‍ നിന്നും പുറത്തിറങ്ങി സിഗരറ്റുമായി ബൈക്കിനടുത്തേക്ക് ചെന്നു.പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.മെസേജ് വന്നിട്ടുണ്ട്.അത് വായിച്ച് പൂര്‍ത്തിയാക്കി പുക വിടാനെന്ന ഭാവത്തില്‍ തല ഉയര്‍ത്തുമ്പോള്‍ കണ്ടു.രാധാനിലയത്തിന്റെ മൂന്നാം നിലയിലെ ബാല്ക്കണിയില്‍ നിന്നും തിളങ്ങുന്ന കണ്ണുകള്‍ മിന്നിമറയുന്നു .അയാള്‍ മെസേജ് ടൈപ് ചെയ്തു."നാട്ടില്‍ നാളെയാണ് പോവുന്നത്".പിന്നെ ഒഴിഞ്ഞ ബാല്ക്കണിയില്‍ നിന്നു കണ്ണുകള്‍ പറിച്ച് വണ്ടിയെടുത്തു.
മുറിയില്‍ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ടായിരുന്നു.അവര്‍ ടീവിയിലേക്ക് കണ്ണും നട്ട് മെത്തയില്‍ നീണ്ട് നിവര്‍ന്ന് കിടപ്പാണ്.സ്ക്രീനില്‍ ഏതോ അവതാരികയുടെ ഫോണിലൂടെയുള്ള കൊഞ്ചല്‍ ."ഉം ഉം ..ആര്‍ക്കാണ് ഡെഡിക്കേറ്റ് ചെയ്യേണ്ടത്?"കൈയിലെ റിമോട്ട് നീട്ടി പിടിച്ച് അടുത്ത ചാനലിലേക്ക് ചാടണോ എന്ന് തീരുമാനിക്കാനാവാതെ ഒരുവന്‍ .മറ്റവന്‍ ചോദിച്ചു.
"നീ ഇന്ന് പോവുന്നുണ്ടോ?"
"ഇല്ല...നാളെയാണ്"
"എന്ത് പറ്റി?"
"ഓഫീസില്‍ നിന്നും നാളെ മാറാന്‍ പറ്റില്ല."
രാത്രി പുകഞ്ഞു തീര്‍ന്ന കൊതുക് തിരിയുടെ മണം ഇപ്പൊഴും മുറിയില്‍ തങ്ങി നില്ക്കുന്നുണ്ട്.നോക്കുമ്പോള്‍ മുറിയുടെ മൂലയില്‍ എരിഞ്ഞമര്‍ന്ന ചാരം തിരിയുടെ ആകൃതിയില്‍ തന്നെ അവശേഷിക്കുന്നു.അയാള്‍ അത് കടലാസില്‍ പൊതിഞ്ഞെടുത്ത് പുറത്തേക്കെറിഞ്ഞു.ഈ ഗന്ധത്തോടുള്ള മടുപ്പ് മൂലം രാത്രി സ്വസ്ഥതയോടെ ഉറങ്ങാന്‍ കൂടി കഴിയുന്നില്ല.എന്തു ചെയ്യാം കൊതുകുകളെ കൊണ്ട് നിവൃത്തിയില്ലാതെ വരുമ്പോള്‍ കത്തിക്കും .ഒരു ലിക്കുടേറ്റര്‍ വാങ്ങണം എന്ന് ആ നേരത്ത് മാത്രം വിചാരിക്കും .പകലോ മറക്കും .ഇനി നാട്ടില്‍ നിന്നു വന്നിട്ടവട്ടെ!
അയാള്‍ വസ്ത്രങ്ങള്‍ മാറി കുളിച്ചു.പുതിയ പിയേഴ്സ് ഉപയോഗിച്ചായിരുന്നു കുളി.അതിനു ശേഷം പതിവിന് വിപരീതമായി ദേഹം മുഴുവന്‍ പൌഡര്‍ പൂശി.പുതിയ ബോഡി സ്പ്രെ അടിച്ചു.കണ്ണാടിക്ക് മുന്നില്‍ ഏറെ നേരം ചിലവഴിച്ചു.എത്രയോ കാലമായി ആവര്ത്തിച്ച് കണ്ട് കൊണ്ടിരിക്കുന്ന സ്വന്തം മുഖം പല കോണുകളിലും ഭാവങ്ങളിലും നോക്കി രസിച്ചു.ഇടക്ക് അച്ഛന്റെ ചുക്കി ചുളിഞ്ഞ പഴയ മുഖം തെളിഞ്ഞു വന്നു.അയാളില്‍ അസ്വസ്ഥത വീണ്ടും ഉയിരെടുത്തു.സമയം നോക്കി.ഇന്നിനി പോക്ക് നടക്കില്ല.അല്ല,വേണമെങ്കില്‍ പോകാവുന്നതേയുള്ളൂ.പക്ഷെ...ചിന്തകളെ മനപൂര്‍വ്വം അമര്‍ത്തി കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.
ഒരുവന്‍ ഉറങ്ങുകയാണ്.അപരന്‍ ചാനലുകളിലൂടെ ഓട്ടപ്രദിക്ഷണം നടത്തുന്നു.കോമഡി കിറ്റുകള്‍ ,എവിടെയുമെത്താത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ ,റിയാലിട്ടി ഷോകള്‍ ,അങ്ങനെ പോയി ചാനല്‍ കാഴ്ചകള്‍ .അയാള്‍ക്ക് ഒരു സമാധാനവും തോന്നിയില്ല.സമയം ഒന്നു വേഗം കടന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.ഒന്നു ഉറങ്ങി എഴുന്നേറ്റാലോ എന്നു കരുതി കണ്ണടച്ചു.എങ്ങനെയാണ് ഉറങ്ങാനാവുക?.
ഒരു വിധത്തില്‍ ആ ഇരുപ്പ് ഏഴര വരെ ദീര്‍ഘിപ്പിച്ചു.പിന്നെ എഴുന്നേറ്റ് പോയി പുതിയ വസ്ത്രങ്ങള്‍ എടുത്തിട്ടു.കണ്ണാടിക്ക് മുന്നില്‍ ഭംഗി ഒന്ന് കൂടി ഉറപ്പ് വരുത്തി.സുഹൃത്ത് ചോദിച്ചു."നീ എങ്ങോട്ടാ?ഇന്നു പോവുന്നില്ല എന്നല്ലേ പറഞ്ഞത്?"
"ഞാനൊന്നു പുറത്ത് പോവുന്നു.ചിലപ്പോള്‍ ഇന്നു വരില്ല.."
"എങ്ങോട്ടാ..?"
"നാട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങണം .ഇന്ന് സിറ്റിയില്‍ ഒരു നാട്ടുകാരന്റെ കൂടെ തങ്ങും ."
അയാള്‍ പുറത്തിറങ്ങി അരണ്ട വെളിച്ചത്തിലൂടെ നടന്നു.കടന്ന് പോവുന്ന ക്ഷീണവും തിരക്കും ബാധിച്ച മനുഷ്യര്‍ അയാളുടെ കണ്ണില്‍ പെട്ടില്ല.വഴുക്കുള്ള ഒരു പ്രതലത്തിലൂടെ അയാളുടെ മനസ് ഊര്‍ന്നു പോവുകയാണ്.താന്‍ ബൈക്ക് എടുത്തില്ല എന്നോര്‍ത്തു.അതിന് പറ്റിയ ഒരു കള്ളം കണ്ട് പിടിക്കണം .
ഏറെ നേരം ആ നടപ്പ് തുടര്‍ന്നു.ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങിയാണ് പോക്ക്.വെളിച്ചം കുറഞ്ഞ ഈ പാതകള്‍ മഴക്ക് ശേഷം ചെളിയില്‍ മുങ്ങി കിടപ്പാണ്.ആരോ നിരത്തിയ കരിങ്കല്ലുകളിലൂടെ ചാടി ചാടിയുള്ള സഞ്ചാരം .ഇരു വശത്തും ഏച്ച് കെട്ടിയ വീടുകളില്‍ നിന്നും കുട്ടികളുടെ കരച്ചിലും മുതിര്ന്നവരുടെ അടക്കം പറച്ചിലുകളും .ഈ വന്‍നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള ജീവിതവര്‍ത്തമാനങ്ങള്‍ !
ഇങ്ങനെ നടന്നത് കൊണ്ടു കാര്യമില്ല.ഏറെ ദൂരം പോയാലും പ്രശ്നമാണ്.കൂട്ടുകാര്‍ തന്നെ കാണാന്‍ ഇട വരരുത്!മൊബൈല്‍ നിശബ്‌ദമാണ്.എപ്പൊഴാണോ ആ കാള്‍ വരിക?ദൂരെ ഒരു വൃത്തികെട്ട ബാര്‍ കാണാം .അതിന് മുന്നിലെ നിറം പിടിപ്പിച്ച ഇറച്ചിയും മീനും വില്‍ക്കുന്ന തട്ട് കട കടന്ന് അയാള്‍ നീങ്ങി.അവിടെ ഒരു ഇന്റര്നെറ്റ് കഫെ ശ്രദ്ധയില്‍ പെട്ടു.അതിനുള്ളില്‍ കയറി സമയം കൊല്ലാം എന്ന് തീരുമാനിച്ചു.പരിചയക്കാരാരും വരുന്ന സ്ഥലമല്ല.
അവിടെയും അയാള്‍ക്ക് താത്‌പര്യം തോന്നിയില്ല.ഒരോ സൈറ്റുകള്‍ തോറും വെറുതെ അലഞ്ഞു.മടുപ്പ് തോന്നി.പക്ഷെ പുറത്തിറങ്ങി എന്ത് ചെയ്യാന്‍ ?ഒടുവില്‍ മൊബൈല്‍ ശബ്‌ദിച്ചു.മിസ്ഡ് കാള്‍ ...ശേഷം എസ് എം എസ് വന്നു."വേഗം വന്നോളൂ."
അയാള്‍ പുറത്തിറങ്ങി പായുകയായിരുന്നു.ആരെങ്കിലും കണ്ടാലോ എന്ന ഭീതി അമര്‍ത്തി കടകളിടെ മറ പറ്റി കുതിച്ചു.നേരം ഇരുട്ടിയത് കൊണ്ട് ആളുകള്‍ കുറവായിരുന്നു.
പൂട്ടാന്‍ തയാറെടുക്കുന്ന ബേക്കറിക്കരന്റെ കണ്ണില്‍ പെടാതെ രാധാനിലയത്തെ ചൂഴ്ന്ന് നില്ക്കുന്ന ഇരുളിലെത്തി.പിന്നെ നിശബ്‌ദത മുറ്റുന്ന മൃദുവായ കാലടികളോടെ മൂന്നാം നിലയിലേക്ക് കയറി.വതിലില്‍ മുന്പ് പറഞ്ഞുറപ്പിച്ച പോലെ അടയാളത്തിന്‍ മൂന്ന് തവണ കോട്ടി.പിന്നെ മൊബൈലില്‍ മിസ്ഡ് അടിച്ചു....അവള്‍ വാതില്‍ തുറന്നു.! ഇപ്പോള്‍ കണ്ണുകള്‍ മാത്രമല്ല ,അവളുടെ വസ്ത്രങ്ങളും മുഖത്തെ മേക്കപ്പും തിളങ്ങുന്നു.
"ഭര്‍ത്താവ് നേരത്തെ പോയി.മോനെ ഉറക്കാനാണ് ബുദ്ധിമുട്ടിയത്."
അയാളുടെ ഉള്ളില്‍ ഒരു ആന്തലുണ്ടായി .
"ഞാന്‍ കരുതി നിങ്ങള്‍ വരില്ലെന്ന്."അവള്‍ പറഞ്ഞു.
വരാന്‍ പാടില്ലായിരുന്നു.!തന്നെ കരവലയത്തിലാക്കിയ ആ സ്ത്രീയെ അതു വരെ നയിച്ച മൃഗീയ ആകര്‍ഷണത്തിന്റെ പൂര്‍ത്തീകരണത്തിനായി അമര്‍ത്തുമ്പോയും മനസ് തരിച്ച് നിന്നു.ജീവിതത്തിലെ ആദ്യ സ്ത്രീ സ്പര്‍ശ്ത്തിന്റെ, അല്ല എത്തിപ്പെട്ട അപരിചിതമായ സന്ദര്‍ഭത്തിന്റെ ആശങ്കയോ?സുഹൃത്തുക്കള്‍ പോലും അറിയാതെ വളര്‍ത്തിയെടുത്ത ആ ബന്ധം പൂര്‍ത്തീകരിക്കുന്ന സന്ദര്ഭത്തിനായി ഒരു ജാരന്റെ എല്ലാ ആകാംഷയോടും കാത്തിരുന്ന തനിക്കോ?അവളാവട്ടെ കൊഞ്ചിക്കുഴയുകയാണ്.തന്നെ ആസക്തിയുടെ ഉന്മത്തതയിലേക്ക് നയിക്കുന്ന പ്രകടനമ്.അത് മനസില്‍ മുള പൊട്ടിയ വെറുപ്പിനെ കൂടി മറികടക്കുന്നു.
സമയം അതിന്റെ മായികഭാവങ്ങളോടെ കടന്ന് പോവുകയായിരുന്നു.വാതിലിലെ മുട്ട് തീര്‍ത്തും അപ്രതീക്ഷിതമായി.കാര്യങ്ങള്‍ എത്ര വേഗമാണ് കീഴ്മേല്‍ മറിഞ്ഞത്.വാതില്‍ പഴുതിലൂടെ പുറത്തേക്ക് കണ്ണയച്ച അവളുടെ മുഖം വിവര്ണമായി."അയ്യോ..എന്ന മൊറവിളിയോടെ അവള്‍ വെപ്രാളപ്പെട്ടു.പിന്നെ അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.അരാണു..അവളുടെ ഭര്‍ത്താവോ?ഇരുളില്‍ വര്‍ധിക്കുന്ന അയാളുടെ നെഞ്ചിടിപ്പിന്റെ ഗതിവേഗം .
എത്ര നേരം കടന്ന് പൊയി എന്നറിയില്ല.അല്പം പോലും അവശേഷിക്കാതെ ഉരുകിയൊളിച്ച് പോയിരുന്നെങ്കില്‍ എന്നാശിച്ചു.തന്റെ മേല്‍ വന്നു ഭവിക്കാന്‍ പോവുന്ന അവസ്ഥ എത്ര ദാരുണമായിരിക്കും ?ഓര്ക്കുമ്പോളെ വിറച്ച് പോവുന്നു.
ഒന്നും ചെയ്യാനില്ല.പൊടിയും ചുക്കിരിയും മൂടി ചവറ് പോലെയായ നഗ്ന ശരീരം ഒന്നു ചെറുതായി ഇളക്കാന്‍ പോലും ധൈര്യമില്ല.എവിടെയാണ് തന്റെ വസ്ത്രങ്ങള്‍ ?മന്സിനെ കടിച്ചമര്‍ത്തി നിര്‍ത്താനായിരുന്നു പ്രയാസം .ഒന്നു തേങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു.അപ്പോഴാണ് ഒരു കരസ്‌പര്‍ശത്തിന്റെ അനുഭവം നിറഞ്ഞത്!അത് ഇരുളിലെ ശൂന്യതയില്‍ നിന്നോ തന്റെ മീതെ വീഴുന്നു?
പനി പിടിച്ച് കിടന്ന ഒരു പഴയ രാവ്.അന്ന് താന്‍ ദൃഢഗാത്രനായ ഈ യുവാവല്ല.പനിയുടെ തീവ്രത വര്‍ധിച്ച ഉണര്‍വ്വിന്റെ ഏതോ യാമത്തില്‍ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു.തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ അറിയുന്നത് ആശ്വാസം പകര്‍ന്ന് കൊണ്ട് നെറ്റിയിലൂടെ പായുന്ന കരസ്‌പര്‍ശം ആണ്.കട്ടിലിന്റെ അരികില്‍ അച്‌ഛന്‍ ഇരിപ്പുണ്ടായിരുന്നു.ഉറങ്ങിക്കോ...അച്‌ഛന്‍ തലോടി കൊണ്ടിരുന്നു.
അതേ കരസ്‌പര്‍ശം .ഇതൊരു മിഥ്യാബോധമോ?അയാളുടെ ഭീതി അപരിചിതമായ ഉത്കണ്ഠകള്‍ക്ക് വഴി മാറി.
ശ്..ശ്...അവളാണ്."വേഗം പൊയ്ക്കോളൂ.കള്ളു കുടിച്ച് തലക്ക് പിടിച്ചപ്പോള്‍ യാത്ര മാറ്റി അങ്ങേര്‍ മടങ്ങി വന്നിരിക്കുന്നു.അകത്ത് കിടത്തിയിരിക്കുകയാണ്.പോ"
വസ്‌ത്രങ്ങള്‍ വലിച്ച് കയറ്റി കൊണ്ട് അയാള്‍ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി ഓടി.ആത്മാവില്‍ കോരിച്ചൊരിയുന്ന ആത്മനിന്ദയോടെ ചെളിയില്‍ പൂഴ്ന്ന് കൊണ്ടിരിക്കുന്ന കാലുകള്‍ വലിച്ചൂരി കൊണ്ടുള്ള പാച്ചില്‍ .വികാരാവേശത്തിന്റെ നികൃഷ്‌ടതയില്‍ താനൊരു പുഴുവായിരിക്കുന്നു.ചെളിയില്‍ പുളയ്ക്കുന്ന പുഴു.മനസില്‍ ഭയാനകമായ ആ ഉത്കണ്ഠ വീണ്ടും നിറയുന്നു.അയാള്‍ മൊബൈല്‍ എടുത്ത് സ്വിച്ച് ഓണ്‍ ചെയ്ത് വീട്ടിലേക്ക് ഡയല്‍ ചെയ്തു.ലൈന്‍ കിട്ടുന്നില്ലല്ലോ?സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.ഈ സമയം വീട്ടിലെ ഫോണ്‍ എന്തേ ബിസി ആവാന്‍ ?.
തെരുവ് വിജനമായിരുന്നു.ആ വിജനതയില്‍ ചിണുങ്ങി കരയണമെന്നും അല്പം മുന്പ് സ്വപ്നത്തിലെന്ന പോലെ തഴുകി പോയ ആ കരസ്‌പര്‍ശം വീണ്ടും അനുഭവിക്കണമെന്നും ആഗ്രഹിച്ചു.പക്ഷെ ഒരു ഇളം കാറ്റ് പോലും വന്നില്ല. .ആരെങ്കിലും തന്നെ വിളിച്ചിരുന്നോ ആവോ?ഫോണ്‍ ഓഫാക്കിയിരുന്നല്ലോ!വല്ലാത്ത ഉത്കണ്ഠയുടെ വീര്പ്പ്മുട്ടല്‍ .വീണ്ടും വീട്ടിലേക്ക് ഡയല്‍ ചെയ്തു.ഹാവൂ!,ഇത്തവണ ബെല്‍ കേള്‍ക്കുന്നുണ്ട്.അപ്പുറത്ത് ഫോണ്‍ എടുത്തത് തിരിച്ചറിഞ്ഞ ക്ഷണത്തില്‍ ,ഉഛസ്ഥായിലായ ശ്വാസോച്‌ഛാസം പിടിച്ച് നിര്‍ത്താന്‍ പാടു പെട്ടു കൊണ്ട് അയാള്‍ ആരാഞ്ഞു.
"ഞാനാ.....അച്‌ഛന്‍ ??"