Showing posts with label review. Show all posts
Showing posts with label review. Show all posts

'ഫ്രാന്‍സിസ് ഇട്ടിക്കോര' -

Author: ezhuthukaran / Labels: ,

ഉമ്പര്‍ട്ടോ എക്കോ-യുടെ കൃതികളിലും സമീപകാലത്തിറങ്ങിയ ഡാവിന്ചി കോഡ് പോലെയുള്ള ജനപ്രിയ നോവലുകളിലും കണ്ടെത്താവുന്ന ചില സൌന്ദര്യ ശിക്ഷണങ്ങളില്‍ നിന്നും ആര്‍ജിച്ചു എന്ന് കരുതാവുന്ന ഒരു മാതൃകയെ പിന്‍പറ്റുന്ന 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ വര്‍ത്തമാന കാലത്തിന്റെ ഹിംസാത്മകതയെ പ്രമേയമാക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. യുക്തിചിന്തയുടെ സോപാനങ്ങളില്‍ നിന്നും അക്രമോല്‍സുകമായ ലൈംഗികതയിലേക്കും നരമാംസഭോജനത്തിലേക്കും അനായാസം ചാഞ്ചാടുന്ന ഹിംസാത്മകതയുടെ ബീഭല്‍സമായ ദംഷ്‌ട്രകള്‍!

സൈബര്‍ ലോകം-

മലയാളത്തിന്റെ പശ്ചാത്തലത്തില്‍ ഒതുങ്ങി നില്ക്കുന്ന ഒരു അഖ്യാനമല്ല,വിരല്‍തുമ്പിലേക്ക് ദേശഭേദങ്ങള്‍ മറികടന്ന് ഒഴുകി വന്നെത്തുന്ന ഒരു സൈബര്‍ സ്പേസിന്റെ മാതൃകയാണ്‌ നോവല്‍ പിന്തുടരുന്നത്.ലോകം ഇനിയൊരിക്കലും ഒറ്റപ്പെട്ട ഒരിടമല്ല!ദൂരങ്ങളെ ഭേദിക്കുന്ന വിധം അനുഭവങ്ങള്‍ ഐക്യരൂപം പ്രാപിക്കുന്നത് നാം കാണുന്നു.തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളും ജപ്പാനിലും ,പെറുവിലും ,ന്യൂയോര്‍ക്കിലുമായി വികസിക്കുന്ന ഗതിവിഗതികളും ഒരു പോലെ സ്വാഭാവികവും സ്വകീയവുമാകുന്നു.

ചരിത്രം,ഗണിതം,സംഗീതം-

ഇവയാണ്‌ നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.

ചരിത്രമെന്നാല്‍ ഇത് ചരിത്രമല്ല.ചരിത്ര നോവലുമല്ല!ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂര്‍ണമായ വിധം കെട്ട്കഥകളോട് കൂട്ടിച്ചേര്‍ക്കുന്ന അപനിര്‍മാണം.യഥാര്‍ത്ഥ ചരിത്രം തന്നെ ഭാവനാവിലാസങ്ങളുടെ അധികാരത്തിന്റെ ഉപോല്‍പ്പന്നമാണെന്ന് കരുതുന്ന ഉത്തരാധുനികതയുടെ അവിശ്വാസത്തിന്‌ അപനിര്‍മ്മാണം ഒരു അന്വേഷണ ഉപാധിയാണെന്ന് ചിന്തകര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ?ആരാണ്‌ ഇട്ടിക്കോര?നോവല്‍ പറയുന്ന ചരിത്രം അതാണ്‌!ഇട്ടിക്കോരയുടെ ചരിത്രം ,കുന്നംകുളത്തിന്റെയും ,ഫ്ളോറന്സിന്റെയും ,യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും,മൈക്കളാഞ്ചലോയുടെ 'പിയാത്ത'യുടേയും ചരിത്രമാണ്‌!ഈ രസകരമായ നിഗൂഢതകളുടെ വൈവിധ്യപൂര്‍ണമായ സമ്മേളനമാണ്‌ നോവലിന്റെ ഉദ്വേഗത്തെ നിലനിര്‍ത്തുന്നത്.

എല്ലാ ശാസ്ത്രവും പരമമായ സത്യത്തെ തൊടുന്നത് ഗണിതത്തിലൂടെയാണ്‌.അതേ പൊലെ സംഗീതം കലകളില്‍ ഗണിതത്തെ പിന്തുടരുന്നു.പക്ഷെ നോവലില്‍ ഇവ രണ്ടും പ്രത്യക്ഷപ്പെടുന്നത് മനുഷ്യ മഹത്വത്തിന്റെ വിപര്യയങ്ങളെ കൂടി സൂചിപ്പിക്കാനാണ്‌.സംഗീതത്തിന്‌ അക്രമോല്‍സുകതയുടെ ഉത്തേജക ശ്രോതസ്സാവാന്‍ കഴിയുന്നത് ലളിത വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല!റിസര്‍വോയര്‍ ഡോഗ്സ് എന്ന ചിത്രത്തില്‍ സംഗീതം ഓണ്‍ ചെയ്ത ആസ്വദിച്ച് ആ താളത്തിനൊത്ത് ഇരയുടെ ചെവി മുറിച്ച് രസിക്കുന്ന ഒരു കഥാപാത്രമുണ്ട്.അത്തരം ഭാവങ്ങള്‍ നോവലിലും കണ്ടെത്താന്‍ കഴിയും.

ഗണിതമാവട്ടെ അനന്തതയെ എത്തി പിടിക്കാനുള്ള ത്വരയോടൊപ്പം ലാഭനഷ്‌ടങ്ങളുടെ കണക്കുകളിലൂടെ മുതലാളിത്തശക്തികളുടെ നിയന്ത്രണത്തിന്റെ ഉപാധിയുമാകുന്നു.ഇട്ടിക്കോര ഗണിതം വ്യാപാരത്തിന്റെ ഫലപ്രാപ്തിക്ക് പ്രയോജനപ്പെടുത്താനാണ്‌ ഉപദേശിക്കുന്നത്.ആ തത്ത്വചിന്ത വിവരിക്കുന്നിടത്ത് സമീപകാല കമ്പോള വ്യവസ്ഥയെ കുറിച്ച ചില ഉള്‍കാഴ്ചകളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ട് പോവുന്നു.പുതിയ ഒരു സുവിശേഷത്തിന്റെ കാലം.ആ കഥ കൂടിയാണ്‌ ഫ്രാന്സിസ് ഇട്ടിക്കോര

മലയാള നോവലിന്റെ ആവര്‍ത്തനവിരസമായ പ്രമേയ പശ്ചാത്തലത്തിലൂടെ നിരാശനായി ഉഴലുന്ന ഒരു പഥികന്‌ 'ഫ്രാന്സിസ് ഇട്ടിക്കൊര' തീര്‍ച്ചയായും മാറ്റത്തിന്റെ ഭാവുകത്വം പ്രദാനം ചെയ്യും.ആത്മാന്വേഷണങ്ങളുടെയോ അനുഭവ കഥകളുടെയോ ഗൃഹാതുരത്വത്തിന്റെയൊ നാട്യങ്ങളും ഭാരങ്ങളുമില്ലാതെ വായിച്ച് രസിക്കാവുന്ന പൊലിപ്പിച്ചെടുത്ത കഥ എന്ന്പരിചയപ്പെടാവുന്ന ഈ നോവല്‍ ആരിലും താത്പര്യം ഉണര്‍ത്തുന്നതാണ്‌. ആദ്യാവസാനം രസകരമായി തന്നെ വായിച്ച് പോകാവുന്നതാണ്‌.

ഫ്രാന്‍സിസ് ഇട്ടിക്കോര
Novel by T D Ramakrishnan
DC BOOKS.
price-150Rs

'ഒരു നാള്‍ വരും'-എന്ന ഏര്‍പ്പാട്

Author: ezhuthukaran / Labels: , ,

ഒരു നാള്‍ വരും എന്ന പല്ലവി വിശ്വസിച്ചു കൊണ്ട് ആവര്‍ത്തിക്കുന്ന മലയാളസിനിമ മടുപ്പിനെ മറക്കാന്‍ ശീലിച്ച് നിശബ്‌ദരായി നിങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങി പോവാം.കഴിവുറ്റ ഒരു കൂട്ടായ്മയില്‍ നിന്നും ഗത്യന്തരമില്ലാത്ത വണ്ണം രൂപം പൂണ്ട ഒരു സിനിമാറ്റിക്ക് ഒടുക്കം കണ്ട് തീര്‍ത്തതിന്റെ മതിയായ ചാരിതാര്‍ഥ്യത്തോടെ!

അഴിമതിക്കാരനായുള്ള ഒരു ബില്‍ഡിങ് ഓഫീസറും അയാളുടെ പക്കല്‍ നിന്നും വീട് നിര്‍മാണത്തിനു അനുമതി തേടുന്ന കുളപ്പള്ളി സുകുമാരനേയും ചുറ്റി പറ്റിയാണ്‌ കഥ.എന്നാല്‍ വിഷയത്തിന്റെ കാതലില്‍ കേന്ദ്രീകരിക്കാനാവാതെ ഉഴറി മാറി ഉഴപ്പിയാണ്‌ അതിന്റെ സഞ്ചാരം.പ്രതിനായകനാവണോ മാപ്പുസാക്ഷിയാവണോ എന്ന ബില്‍ഡിങ് ഓഫീസര്‍ കഥാപാത്രത്തിന്റെ രൂപാന്തരപ്പെടുവാനുള്ള വൈഷമ്യം ശ്രീനിവാസന്റെ എഴുത്തുകാരന്‍/നടന്‍ സംഘര്‍ഷങ്ങളില്‍ നിന്നോ രൂപപ്പെടുന്നത്?താങ്കള്‍ ‘ഉയരം കുറഞ്ഞ’, ‘കറുത്ത’, സുന്ദരനായ ഒരു നടനാണ്‌.എന്നാല്‍ അതിനപ്പുറം അസാമാന്യനായ ഒരു തിരക്കഥകൃത്തായിരുന്നു എന്ന് ഞങ്ങള്‍ ഓര്‍ക്കുകയാണ്!

ഇതേ രൂപാന്തരപ്പെടാനുള്ള വൈഷമ്യം ലാലേട്ടന്റെ കഥാപാത്രത്തിനുമുണ്ട്.ആളുകള്‍ എന്നും ഓര്‍ക്കുന്ന ആ പഴയ സാധാരണക്കാരന്‍ അദ്ദേഹത്തിലെ താരത്തിന്റെ, മാറിയ ശരീരഭാഷയുടെ, പുതിയ കാലത്തിന്റെ മതില്‍ക്കെട്ടുകളില്‍ തല്ലി തകര്‍ന്ന് പോവുന്നു.കഥാപാത്രത്തിനു മറ്റൊരു പരിണാമം സാധ്യമല്ല!അദ്ദേഹത്തിലെ കരുത്തുറ്റ അഭിനേതാവിനു മാറ്റുരയ്ക്കാന്‍ തക്കതായ ഒന്നും സിനിമയിലില്ല താനും.

കുളപ്പുള്ളി സുകുമാരന്റെ കുടുംബ വര്‍ത്തമാനങ്ങളാണ്‌ രസകരം.ഭാര്യയായി എത്തുന്ന സമീറയുമായുള്ള പിണക്കത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെയും ഊഹിക്കുകയേ നിര്‍വാഹമുള്ളൂ.ഒടുവിലാവട്ടെ സംവിധായകന്‍ പറഞ്ഞത് അങ്ങനെ ചെയ്യാനാണല്ലോ എന്ന മട്ടിലൊരു ഇണക്കവും ഒത്തുചേരലും.ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രമായ ദേവയാനിയാവട്ടെ നിഷ്കളങ്കതയുടെ ഒരു കാരിക്കേച്ചര്‍ പോലെ കടന്ന് പോവുന്നു.സിദ്ദീഖിനെ പോലെയുള്ള ശക്തരായ വില്ലന്‍ വേഷങ്ങള്‍ക്ക് ഒടുവില്‍ കടലാസ് പുലികളേക്കാള്‍ അപ്രധാനമായ ഗതികെട്ട പരിണാമം.ഇനി പറയൂ ഇത്തരത്തിലൊരു കഥ രാജീവ് കുമാറിന്റെ ശരാശരി നിലവാരം മാത്രമുള്ള സംവിധാനം കൊണ്ട് എങ്ങനെയാവും?
തുടക്കത്തിലെ മോഹന്‍ലാലിന്റെ കുറേ ഭാവങ്ങള്‍ ,ശ്രീനിയുടെ കുറേ ഡയലോഗുകള്‍,സുരാജിന്റെ/കോട്ടയം നസീറിന്റെ തമാശകള്‍ ഒക്കെയാണ്‌ ഒരാശ്വാസമെന്ന നിലയ്ക്ക് വേണമെങ്കില്‍ ചൂണ്ടി കാണിക്കാവുന്നത്.

Verdict-മോഹന്‍ലാല്‍ -ശ്രീനി കൂട്ടു കെട്ടിന്റെ പഴയ നല്ല സിനിമകളെ ഗൃഹാതുരമായ ഓര്‍മ്മയായി സൂക്ഷിക്കുന്ന മലയാളിയെ ലക്ഷ്യം വച്ച ഒരു ഏര്‍പ്പാട്.....വല്ലാത്തയൊരു ഏര്‍പ്പാട്!

ആടുജീവിതം-അനുഭവങ്ങളുടെ കരുത്ത്.

Author: ezhuthukaran / Labels: ,

ഉള്ളിലുയരുന്ന സ്തോഭജനകമായ പ്രകമ്പനത്തിനു കാതോര്‍ത്തു കൊണ്ട് മാത്രമേ ആടുജീവിതം എന്ന നോവല്‍ വായിച്ച് തീര്‍ക്കാനാവൂ.ഇത്ര മേല്‍ വിമലീകരണ ശക്തിയുള്ള ഒരു സാഹിത്യകൃതി അടുത്ത കാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല.നിത്യജീവിതത്തിന്റെ അല്പം ഞെരുക്കങ്ങളില്‍ നിരാശനാവുന്ന ശരാശരി മനുഷ്യര്‍ക്ക് മുന്നില്‍ നജീബിന്റെ ജീവിതം വെറുമൊരു കൌതുകം മാത്രമല്ല,തിരിച്ചറിവിന്റെ നിമിഷങ്ങളാണ്.

നജീബിന്റെ കഥ നൂറ്‌ ശതമാനവും സത്യമാണ്‌ എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചിരുന്നില്ലെങ്കില്‍ ,ഇതൊരു പൊടിപ്പും തൊങ്ങലും വച്ച ഭാവനാ സൃഷ്‌ടിയെന്ന്‌ വിശ്വസിക്കാന്‍ തന്നെ നാം ഇഷ്‌ടപ്പെടുമായിരുന്നു.അതിജീവനത്തിന്റെ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും ഒരു പാട് നാം കേട്ടിട്ടുണ്ട്.ലോകമഹായുദ്ധങ്ങളുടേയും ,ഹോളോകാസ്റ്റിന്റെയും ,സൈബീരിയന്‍ ജയിലറകളുടേയും,വംശഹത്യയുടേയും ,അധിനിവേശങ്ങളുടെയും പശ്ചാത്തലത്തിലുള്ള നിരവധി ആഖ്യാനങ്ങള്‍.അവയോടെല്ലാം കിടപിടിക്കാന്‍ കഴിയുന്ന അനുഭവങ്ങളുടെ ശക്തി ആടുജീവിതത്തിനുണ്ട്!

ബെന്യാമിന്റെ ഭാഷ ലളിതവും മൂര്‍ച്ചയുള്ളതുമാണ്‌.വരികളില്‍ പതിയിരിക്കുന്ന കറുത്ത ഹാസ്യം ,വിവരിക്കപ്പെടുന്ന വര്‍ണ്ണനാതീതമായ ദുരിതങ്ങളുടെ മധ്യേയും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവത്തിലൂടെ വായനക്കാരെ കൊണ്ട് പോവുന്നു.ദുരിതങ്ങളുടെ കാഠിന്യം ഒരിക്കലും വായനക്ക് ഭാരമാവുന്നില്ല.ഒപ്പം തന്നെ നജീബിന്റെ കഷ്‌ടപ്പാടുകളും,ഏകാന്തതയും,നൈരാശ്യവും,വിശ്വാസവും ആരേയും തരളിതമാക്കുന്നു.ഇബ്രാഹീം ഖാദിരിയെ പോലെ നിഗൂഢ സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളും ഇസ്രായീല്യരുടെ വിമോചനം പോലെയുള്ള ബിംബങ്ങളും കഥാതന്തുവില്‍ സ്വാഭാവികതയോടെ ഇഴകി ചേരുന്നു.

ലോറന്‍സ് ഓഫ് അറേബ്യ, റിച്ചാര്‍ഡ് ബര്‍ട്ടന്‍,മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുള്ള മരുഭൂമിയെ മലയാള ഭാഷയില്‍ ഇങ്ങനെ അതിന്റെ തീവ്രതയോടു കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതും ആനന്ദദായകമാണ്‌.അവരുടെ കാല്‍പ്പനികമായ അന്വേഷണങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും ഒരു പാട് അന്തരമുണ്ടെങ്കിലും രക്ഷതേടി ഉഴലുന്ന നജീബിലൂടെ ആടുജീവിതം നല്കുന്ന വ്യതിരികതതയുള്ള ഒരു കാഴ്ച തന്നെയാണത്!

അരനൂറ്റാണ്ട് പിന്നിടുന്ന ഗള്‍ഫ് പ്രവാസത്തിന്റെ ചൂളയില്‍ നിന്നും ഉരവം കൊണ്ട ജീവിതത്തിന്റെ ഒരു അടരാണ്‌ ആടുജീവിതം.അതൊരു പ്രതീകമാണ്-അര്‍ബാബും,കുബ്ബൂസും,പത്താക്കയും,ജയിലും ഇഴചേരുന്ന പ്രവാസജീവിതങ്ങളുടെ പ്രതീകം. എത്രയെത്രെ മസറകളില്‍ ,കൃഷിയിടങ്ങളില്‍,ലേബര്‍ക്യാമ്പുകളില്‍,അറബി നഗരങ്ങളില്‍ എഴുതപ്പെടാത്ത എത്രയധികം അനുഭവങ്ങളുണ്ട് എന്ന് അത് നമ്മോട് സൂചിപ്പിക്കുന്നു.

'ബൃഹത്തായ പോക്രിത്തരം'

Author: ezhuthukaran / Labels: ,

നിരൂപക ശ്രേഷ്‌ഠന്‍ ശ്രീമാന്‍ 'സി ബി' കഴിഞ്ഞ ദിവസം പോക്കിരി രാജ എന്ന ചിത്രം കണ്ടു.എന്നിട്ട് 'മാസ് മസാല',എന്റെര്‍ടെയിനര്‍ ,തുടങ്ങിയ പഴകിയ വിശേഷണങ്ങളെ വീണ്ടും പൊടി തട്ടി ഉപയോഗിക്കാനുള്ള മടി കൊണ്ട് അങ്ങനെ വിഷണ്ണനായി ഇരുന്നു.ഒരേ മാതിരി സിനിമകള്‍ ഇറക്കി വിടാന്‍ സിനിമാക്കാര്‍ക്കും കാണാന്‍ കാഴ്ചക്കാര്‍ക്കും മടി ഉണ്ടാവില്ലായിരിക്കാം.എന്നാല്‍ ഒരേ മാതിരി നിരൂപണങ്ങള്‍ എഴുതി കൊണ്ടിരിക്കാന്‍ തനിക്കില്ലേ വിരസത!അങ്ങനെ കലിപ്പോടെ വിശേഷിപ്പിച്ചു.'ബൃഹത്തായ പോക്രിത്തരം'.

രാജമാണിക്യാനന്തര മമ്മൂട്ടി മാസ് ചിത്രങ്ങളുടെ ഫോര്‍മുലയില്‍ മറ്റൊരെണ്ണം കൂടി.സംഗതി കൊള്ളാമെന്ന് തോന്നി-മമ്മൂട്ടിയുടെ ചില പഞ്ച് സീനുകളില്‍ തീയേറ്റര്‍ ഇളകി മറിയുന്നത് കണ്ടപ്പോള്‍!...ആഹാ താരാഹ്ലാദം!.എന്നാല്‍ ബെല്ലാരിരാജയുടെ പാത്ര സൃഷ്‌ടിയിലെ കരുത്ത് പതിവ് പോലെ ഇതിലും ആവര്‍ത്തിക്കാനായില്ല.സംഘട്ടന രംഗങ്ങളിലെ തീ പാറുന്ന പുതിയ മുഖമായ പൃഥ്‌വി.ഇവര്‍ ചേരുമ്പോള്‍ മറ്റെന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുക എന്ന്‌ എല്ലാവരും ചോദിക്കുന്നു..പ്രതീക്ഷിക്കുന്നത് വിളമ്പി കൊടുക്കുന്ന ഒരു പരിപാടി ആണല്ലോ ഇപ്പോള്‍ സിനിമ..

യഥാര്‍ത്ഥ പോക്കിരികള്‍ രണ്ട് പേരാണ്‌.ഉദയ്-സിബി!!!യൂ ഡൂ,ഐ ഡൂ.എന്ന മമ്മൂക്കായുടെ ഇംഗ്ലീഷ് പോലെയാണ്‌ ഈ ഗജപോക്കിരികളുടെ തിരക്കഥ.പുകഴ്ത്താനാണെങ്കില്‍ ഇങ്ങനെ പുകഴ്ത്താം.തിരക്കഥയുടെ യമണ്ടന്‍ നിയമാവലികളൊക്കെ തിരുത്തി കുറിക്കാന്‍ കെല്പ്പുള്ള 'സിംഗങ്ങള്‍'..ആദിമദ്യാന്ത പൊരുത്തമുള്ള ഒരു കഥ സിനിമകള്‍ക്ക് ആവശ്യമാണെന്ന അന്തവിശ്വാസമൊക്കെ തിരുത്തി കുറിക്കാന്‍ ധൈര്യം കാട്ടുന്ന ഉത്പതിഷ്ണുക്കള്‍.നിലവാരമില്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും ആസ്വദിക്കാന്‍ കെല്പില്ലാത്തവരുടെ വിമര്‍ശനശരങ്ങളെ മുഖവിലക്കെടുക്കാത്ത രചനാപാടവം!!!ആഹാ?

വൈശാഖ്‌.അദ്ദേഹം സ്വന്തം ജോലി ഭംഗിയായിട്ട് തന്നെ നിര്‍വഹിച്ചു.സിനിമയെ ആസ്വദിക്കാനാവുന്ന ഒരു ഉത്പന്നമാക്കി കയ്യില്‍ തന്നു.പിന്നെ താങ്കളെ പോലെ നല്ല സംവിധായകരില്‍ നിന്നും മഹനീയമായ ഒരു ആദ്യ സൃഷ്‌ടി പ്രതീക്ഷിക്കുന്നു എന്നൊന്നും പറയാനുള്ള കരളുറപ്പ് വര്‍ത്തമാന മലയാളസിനിമക്ക് ഇല്ലല്ലോ?ജീവിച്ച് പോട്ടെ ചേട്ടാ എന്നാവും മറുപടി എന്ന് ഊഹിക്കുന്നു.

ഇതിന്റെ എഡിറ്റിങ്ങില്‍ ചില വ്യത്യസ്ഥതകള്‍ പുലര്‍ത്തി കണ്ടപ്പോള്‍ എഡിറ്ററുടെ പേര്‌ വായിക്കാതെ പോയതില്‍ സങ്കടപ്പെട്ടു.

Verdict-മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന് മാര്‍ക്സ് പറഞ്ഞു.മിക്ക സിനിമയും ഇന്ന് അങ്ങനെ തന്നെ.എന്നാല്‍ കറുപ്പ് വലിക്കുന്നതും ചില മിഥ്യാഭ്രമങ്ങളും തലവേദനയും ഒഴിച്ച് നിര്‍ത്തിയാല്‍ രസകരമായ ഏര്‍പ്പാട് തന്നെയാണല്ലോ.അതു കൊണ്ട് മടിക്കേണ്ട ധൈര്യമായിട്ട് ഇതിലേ ഇതിലേ...

ഖാനിന്റെ പ്രതിസന്ധികള്‍ .

Author: ezhuthukaran / Labels: ,

ഞാനൊരു തീവ്രവാദിയല്ല എന്നത് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യതയായി ഒരു മുസ്‌ലീമിന്‌ മേല്‍ വന്ന് ഭവിക്കുന്ന ദുരന്തകാലത്താണ്‌ നാം ജീവിക്കുന്നത്.പലരും കുറച്ച് ഭീകരരെ സൃഷ്‌ടിച്ചതിനുളള വിലയൊടുക്കലായി അതിനെ ചുരുക്കി കാണുമ്പോള്‍ ,ഭരണകൂടങ്ങള്‍ പോലും ഭീരുത്വത്തിന്റെ ഘനീഭവിച്ച മൌനത്തിനുള്ളില്‍ പതിയിരിക്കുമ്പോള്‍ ഇതൊരു കാലിക പ്രാധാന്യമുളള മാനുഷിക പ്രശ്നമണെന്ന തിരിച്ചറിവ് പുലര്‍ത്തിയതിനാണ്‌ മൈ നെയിം ഈ ഖാനിന്റെ ശില്പ്പികള്‍ ശ്ലാഘിക്കപ്പെടേണ്ടത്.യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരുടെയും സ്ഥാപിത താത്പര്യങ്ങളുടെയും മേശപ്പുറത്ത് ജനിക്കുന്ന സംസ്കാരങ്ങളുടെ സംഘട്ടനമല്ല യാഥാര്‍ത്യമെന്ന് സഹവര്‍ത്തിത്വത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തില്‍ നിന്നും വിളിച്ച് പറയാന്‍ ഇന്‍ഡ്യന്‍ സിനിമക്ക് കഴിയുമോ എന്ന് തന്നെയാണ്‌ ലോകം ഉറ്റ് നോക്കുന്നത്..

അസ്പ്രാഗ്രസ് സിന്ഡ്രോം ബാധിതനായ രിസ്‌വാന്‍ ഖാന്‍ എന്ന ഇന്ഡ്യന്‍ ചെറുപ്പക്കാരന്റെ 9/11-അനന്തര അമേരിക്കന്‍ ജീവിതമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം .മുസ്‌ലിം സ്വത്വത്തിന്റെ ഫലമായി സ്വന്തം പ്രണയവും ജീവിതവും പ്രതിസന്ധിയിലേക്ക് എറിയപ്പെടുന്ന ഒരു നിര്‍ദയ സാഹചര്യത്തെ അഭിമുഖീകരിച്ച് ചകിതനായി അയാള്‍ അലയുകയാണ്‌.അതിഭാവുകത്വപൂര്‍ണമായ ലക്ഷ്യവും നിഷ്കളങ്കമായ ആത്മഭാഷണവുമായി ആ അലച്ചില്‍ പുതിയ പ്രതീക്ഷകളിലേക്ക് വളരുന്നു.

രിസ്‌വാന്‍ ഖാനായി എത്തുന്ന ഷാരൂഖ് ഖാന്‍ മഹാനടനത്തിന്റെ മാതൃകയെന്നൊന്നും വിശേഷിപ്പിച്ച് കൂടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കൌതുകകരമായ ആകര്‍ഷണീയത ആദ്യന്തം പുലര്‍ത്തുന്നുണ്ട്.കജോള്‍ മികച്ച നടികള്‍ക്കൊരു മാതൃക തന്നെയാണ്‌.വിഷയത്തിന്റെ തിരഞ്ഞെടുപ്പിലെന്ന പോലെ ജനപ്രിയമായ ഒരു അവതരണരീതിയുടെ പിന്‍ബലം നല്കുന്നതിനും സംവിധായകന്‍ കരണ്‍ ജോഹര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വതസിദ്ധമായ ആ റൊമാന്റിക് ഭാവനയുടെ മധുരം ഇവിടെയും ഇതള്‍ വിരിയുന്നു.രാഷ്‌ട്രീയമോ മതപരമോ ആയ ചട്ടക്കൂടുകള്‍ക്കപ്പുറം സ്ത്രീ പുരുഷബന്ധങ്ങളിലെ സ്ഥായിയായ വികാരങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്‌ അദ്ദേഹം വിഷയത്തെ സമീപിക്കുന്നത്.ഇസ്‌ലാമിക സന്ദേശങ്ങളെ കുറിച്ച് വക്രീകരണത്തിനു വിധേയമാവാത്ത ഒരു ചിത്രം വരച്ചിടാനും അദ്ദേഹത്തിന്‌ സാധിക്കുന്നു.

തന്റെ അസുഖത്തെ കുറിച്ച് പരമര്‍ശിക്കുമ്പോള്‍ പുതിയ ആളുകളോടും വസ്തുക്കളോടും ശബ്‌ദങ്ങളോടുമുളള ഭീതിയെ നായകന്‍ സൂചിപ്പിക്കുന്നുണ്ട്.വ്യത്യസ്ഥമായ മതങ്ങളേയും സംസ്കാരങ്ങളേയുമൊക്കെ ഭയക്കുന്ന ഒരു സമൂഹവും മറ്റൊരര്‍ത്ഥത്തില്‍ രോഗാതുരമല്ലേ?പക്ഷെ ഇത്തരത്തിലൊക്കെ സൂചിപ്പിക്കാന്‍ കഴിയുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയുടെ തലത്തിലേക്ക് സിനിമ ഒരിക്കലും ഉയരുന്നില്ല.ആദ്യ പകുതിയിലെ സുന്ദരമായ ആരോഹണത്തിന്റെ സൌന്ദര്യം പിന്നീട് പൊയ്‌പോകുന്നു. ഏതൊരു പ്രണയ ചിത്രങ്ങളിലേയും പോലെയുളള സാധാരണമായ അന്ത്യത്തിനപ്പുറം സവിശേഷമായ ഒരു കല്പനയെ ചിത്രം കാംക്ഷിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. വളരാമായിരുന്ന കലാസുഭഗതയുടെ ഉയരങ്ങളിലേക്ക് എത്താനാവാതെ അത് പലപ്പോഴും തളര്‍ന്ന് പോവുന്നു.

അപ്പോഴും ഷാരൂഖ്-കാജോള്‍ ജോഡിയുടെ സാന്നിധ്യവും മത-വംശീയ വിഭാഗീയതകള്‍ക്കതീതമായ ലോകത്തെ കുറിച്ച് ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വര്‍ണ്ണാഭയും എല്ലാ ദൌര്‍ബല്യങ്ങളോടും ചിത്രത്തെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

അനന്തരം -ഈ ചിത്രം എന്ത് കൊണ്ട് ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ എടുത്തു കൂടാ എന്നു മുന്പ് ആരോ ചോദിച്ചത് വായിച്ചിരുന്നു.ആത്മവിമര്‍ശനം കൂടുതല്‍ ശ്രമകരമായ കൃത്യം ആയതിനാലാണോ? .ദേശക്കൂറു പോലും നിരന്തരം ആവര്‍ത്തിക്കേണ്ട വര്‍ത്തമാന സാഹചര്യമാണല്ലോ ഇന്‍ഡ്യന്‍ മുസ്‌ലീങ്ങളുടേത്.മുംബൈയില്‍ സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു എന്നു കൂടെ പരാമര്‍ശങ്ങള്‍ നടത്താന്‍ ഷാരൂക് ഖാനെ പോലുളള വ്യക്തി കൂടി നിര്‍ബന്ധിതനാവുന്നു.'ഐ ആം ഖാന്‍ ആന്ട് ഐ ലവ് ദിസ് നേഷന്‍' .കല ജീവിതത്തെ പ്രവചിക്കുകയാണോ?

'റിവോള്‍വ്'

Author: ezhuthukaran / Labels: ,

ചെക്കോസ്ലോവാകിയന്‍ നോവലിസ്റ്റ് സ്ദെനെര്‍ ഉര്‍ബനെക്( Zdener Urbanek) സ്റ്റാലിനിസ്റ്റ് ഏകാധിപത്യ കാലത്ത് ജോണ്‍ പില്ഗറുമായുള്ള ഒരു അഭിമുഖ വേളയില്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്."ഈ ബന്ധനസ്ഥ ഘട്ടത്തില്‍ ഞങ്ങള്‍ ഒരു കാര്യത്തില്‍ പാശ്ചാത്യരേക്കാള്‍ ഭാഗ്യവാന്മാരാണ്.ടെലിവിഷനില്‍ തെളിയുന്നതും പത്രങ്ങളില്‍ നിറയുന്നതും സ്ഥാപിതമായ പ്രചരണഘോഷങ്ങളും പച്ചക്കളവുകളുമാണെന്നു ഞങ്ങള്‍ക്ക് നല്ല വ്യക്തതയുണ്ട്."മറിച്ച് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ കാഴ്ചകളെ കബളിപ്പിച്ച് കൊണ്ട് വേഷപ്രഛന്നതയോടെ അധികാരഘടനയുടെ താത്പര്യങ്ങള്‍ക്ക് അഴിഞ്ഞാടുവാന്‍ അവസരം നിലനില്ക്കുന്നതിന്റെ വിരോധാഭാസത്തിലേക്ക് വിരള്‍ ചൂണ്ടുകയായിരുന്നു അദ്ദേഹം . അവിടെ തിരിച്ചറിവിന്റെ സാധ്യതകള്‍ പോലും ജലരേഖകള്‍ പോലെ നേര്‍ത്തതാവുന്നു എന്നതാണ്‌ ഭീതിതം.

സക്കരിയ എടയൂരിന്റെ 'റിവോള്‍വ്' എന്ന ലഘുചിത്രം കാഴ്ചക്കാരിലേക്ക് പ്രസരണം ചെയ്യാനുദ്ദേശിക്കുന്ന പ്രമേയം ഇത്തരുണത്തിലാണ്‌ ശ്രദ്ധേയമാവുന്നത്.ഇദ്ദേഹത്തിന്റെ മുന്‍കാലത്തെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സന്ദേശത്തിനപ്പുറം അവ അമച്വറിഷ് ആയി തോന്നിയിരുന്നു.പക്ഷെ ഇത്തവണ കൃത്യമായ സൂക്ഷമതയൊടെ ലക്ഷ്യ സ്ഥാനത്ത് ആഞ്ഞു തറക്കുന്ന ഒന്നായി-'റിവോള്‍വ്' .ക്യാമറ ആംഗിളുകളുടെ കാര്യത്തില്‍ ലൊക്കേഷന്‍ തിരഞ്ഞെടുപ്പില്‍ മുമ്പത്തേക്കാള്‍ ശ്രദ്ധാപൂര്‍വമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി വ്യക്തമാവുന്നു. ആശയങ്ങളെ ഊട്ടി ഉറപ്പിക്കുന്ന ബിംബങ്ങള്‍ സ്വച്‌ഛന്ദമായി കഥാഗതിയില്‍ കടന്നു വരുന്നുണ്ട്. അടിയന്തരാവസ്ഥയിലെ അസ്വാതന്ത്രത്തെ ബൂട്ടും വര്‍ത്തമാനകാലത്തെ കോര്‍പ്പൊറേറ്റ് മേധാവിത്തത്തെ ജനവിധി ബോര്‍ഡും യഥാവിധി പ്രതിനിധാനം ചെയ്യുകയാണ്.ഡബ്ബിങ്ങില്‍ കുറെ കൂടി അവധാനത പുലര്‍ത്താമായിരുന്നു.

സ്വാതന്ത്ര സിനിമാ നിര്‍മാണം ഒരിക്കലും നിറപകിട്ടിലോ അസാമാന്യമായ ടെക്നിക്കല്‍ മേധാശക്തിയിലോ അല്ല,വിഷയത്തിന്റെ കരുത്തിലാണ്‌ അളവ് വെക്കേണ്ടത് എന്ന് നമ്മുക്കറിയാം . ആ അര്‍ഥത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ സംവിധായകന്‍ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്ത സംരംഭം ഏറെ കുറെ വിജയിച്ചിരിക്കുന്നു എന്നു പറയാം.

ഫിലിം കാണുക....

ഗതാനുസ്മൃതികളുടെ ലാളിത്യം

Author: ezhuthukaran / Labels: ,

അവാര്‍ഡ് സിനിമ എന്ന പേരിലെ വിഭാഗീകരണത്തിന്റെ നാട്യമോ കാപട്യമോ അടൂരിന്റെ കാര്യത്തിലെങ്കിലും നീക്കി വയ്ക്കുക.സാധാരണ ബുദ്ധിയോട് സങ്കീര്ണ സ്വഭാവത്തോടെ ഇളിച്ച് കാട്ടാന്‍ വെമ്പുന്ന കലാഭാസത്തോടാണ്‌ നാമിത് പറയുന്നത് എങ്കില്‍ ശരി,പക്ഷെ നല്ല സിനിമകള്‍ കാണാനും രസിക്കാനുമുള്ള അവസ്ഥക്ക് അത് വിലങ്ങുതടി ആവേണ്ടതുണ്ടോ.?

പരാമൃഷ്‌ട ചിന്തകള്‍ 'നാലു പെണ്ണുങ്ങള്‍' കണ്ട് കഴിഞ്ഞപ്പോഴാണ്‌ അകമേ തെളിഞ്ഞത്.ബഹളങ്ങളും സങ്കീര്‍ണതകളും ഇല്ലാത്ത അയത്നലളിതമായ ചില ക്യാമറകാഴ്ചകളിലൂടെ ശക്തനായ ഒരു ചലചിത്രകാരന്‍ സൃഷ്ടിക്കുന്ന സൌകുമാര്യം മനസ്സില്‍ തുളുമ്പി നിന്നു.ഏതൊരു സാധാരണക്കാരനും പങ്ക് വയ്ക്കാവുന്ന ഗതാനുസ്മൃതികളുടെ ലാളിത്യം തന്നെയാണ്‌ അവയുടെ ശക്തി.(ഒരു പക്ഷെ തകഴി കഥകളുടെ സാന്നിദ്ധ്യമാണോ ഒരു കാരണം?) അപ്പോള്‍ എന്തിന്‌ ഇത്തരം ചിത്രങ്ങളെ ലേബലുകളൊട്ടിച്ച് മാറ്റി നിര്‍ത്തണം.

മറ്റെന്തിനും മീതെ കഥാപാത്രങ്ങളുടെ അസ്പഷ്‌ടമായ ചേഷ്‌ടകളിലൂടെ വെളിപ്പെടുന്ന ലോകമാണ്‌ നാലു പെണ്ണുങ്ങളെ കഥയുടെ സ്ഥൂല ശരീരത്തിനപ്പുറത്തേക്ക് കൊണ്ട് പോവുന്നത്.അടൂര്‍ എന്ന സംവിധായകന്റെ കരുത്ത് ഞാന്‍ കണ്ടതും അവിടെയാണ്‌.കഥാപാത്രങ്ങള്‍ കഥയെ വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു.പ്രേക്ഷകനായി പുതിയ തിരിച്ചറിവുകള്‍ ബാക്കിയാക്കുന്നു.സിനിമ എന്ന മാധ്യമം കരുത്ത് നേടുന്നു.

മുന്പ് ഞാന്‍ ഈ സിനിമയെ കുറിച്ച് വായിച്ചറിഞ്ഞ ഒരു മുഖ്യവിമര്‍ശനം അത് പഴയ അഭിരുചികളില്‍ തന്നെ കുടുങ്ങി കിടക്കുന്നു എന്നതാണ്‌.പുതിയ കാലത്തിന്റെ പ്രശ്ന പരിസരങ്ങളെ സമീപിക്കാനുള്ള കരുത്ത് സംവിധായകന്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് നിരൂപകര്‍ സംശയിക്കുന്നു.വ്യക്തമായ മറുപടി എന്റെ പക്കലില്ല.പക്ഷെ ഒന്നുണ്ട്,കാലാതിവര്‍ത്തിയായ മനുഷ്യാവസ്ഥയെ ഉയര്‍ത്തി പിടിക്കുന്നുണ്ട് ഇതിലെ കഥകള്‍.പിന്നെ മുഖ്യധാര കാണിച്ച് തരുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഊറി ചിരിച്ച് പോവുന്നു.അതെ പോലെ ഗൃഹാതുരതയുടെ പേരില്‍ നമ്മുടെ സിനിമകളില്‍ പേര്‍ത്തും പേര്‍ത്തും ഉദാത്തീകരിക്കപ്പെടുന്ന പൈങ്കിളി.ഇവയൊക്കെ വിടുതല്‍ സ്വപ്നം കാണാന്‍ പോലുമാവാതെ വീണ്‌ കിടക്കുന്ന തടവറയുടെ ഇരുളുകളെ ഈ ചിത്രം ഏതായാലും അതിജയിക്കുന്നുണ്ട്!