ശിഥിലവീചികള്‍ -2

Author: ezhuthukaran / Labels:

2



(റസിയ ഇക്കാക്കക്ക് എഴുതി,
ഏനിക്ക് ഇവിടുമാണോ അതോ നാടാണോ ഇഷ്ടം എന്നു ഇക്കാക്കാ ചോദിച്ചില്ലേ?തീര്‍ച്ചയായും ഇപ്പോള്‍ ഇവിടം തന്നെ!)


റസിയ തന്റെ ബന്ധുക്കളെ രണ്ട് വിഭാഗത്തിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഒരു കൂട്ടര്‍ ഒരു വിധത്തിലുള്ള അടുപ്പത്തിനും വരാതെ ദൂരേക്കു തെറിച്ച് പോവുന്നു.വാപ്പായുടെയും ഉമ്മായുടെയും കൂടപ്പിറപ്പുകളെയും മക്കളെയും മാത്രം എണ്ണിയാലും അവള്‍ ഉള്‍പ്പെട്ടിരുന്നത് വളരെ വലിയ ഒരു കുടുംബത്തിലാണു.എന്നാല്‍ അവരില്‍ ഏറിയ പങ്കും ഈ പറഞ്ഞ ഗണത്തില്‍ പെടുന്നവരായിരുന്നു.ശേഷിച്ചവര്‍ തന്നെ അവള്‍ ആഗ്രഹിച്ച വിധത്തില്‍ ബന്ധുത്വം കാത്ത് സൂക്ഷിച്ചവര്‍ ആയിരുന്നില്ല.അവര്‍ക്കു പഥ്യം പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒക്കെയായിരുന്നു.അവരുടെ വീട്ടില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഉമ്മായുടെ കഷ്ടപ്പാടിനും മീതെ ആ പരിഹാസച്ചിരി മുഴങ്ങുന്നത് അവള്‍ കേട്ടിരുന്നു.കഷ്‌ടപ്പാടിന്റെ കാലത്ത് വാപ്പയെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത് ഉമ്മ പറഞ്ഞ് അവള്‍ക്കറിയാം.


വാപ്പക്ക് അടുപ്പമുണ്ടായിരുന്നത് മൂത്ത ഇത്തത്തായോട് മാത്രമാണ്‌.ആ മൂത്തുമ്മായുടെ വീട്ടില്‍ തന്നെ ഒരിക്കലെ അവള്‍ പോയിട്ടുള്ളൂ.ചെറുപ്പത്തില്‍ ഇക്കാക്കാ ഇടയ്ക്കൊക്കെ അവിടെ പോവുമായിരുന്നു.തിരികെ വരുമ്പോള്‍ മൂത്തുമ്മാ എടുത്തു കൊടുത്ത പുതിയ വസ്ത്രങ്ങളും കൊണ്ട് വരും .അങ്ങനെ അവളൊരിക്കല്‍ വഴക്കുണ്ടാക്കി പോയതാണ്‌.അവിടെ വലിയ വീടിനുള്ളില്‍ ചെന്നപ്പോള്‍ പരിഭ്രാന്തയായി, നാണത്തോടെ വാപ്പായുടെ പാന്റില്‍ പിടിച്ച് കാലിന്റെ മറവില്‍ ഒളിച്ചു.അത് മാത്രമാണ്‌ ഓര്‍മ്മ.മൂത്തുമ്മ പണ്ട് ഒരു പാട് സഹായിച്ചിട്ടുണ്ടെന്നു ഉമ്മാ പറയാറുണ്ട്.വാപ്പാക്ക് വിസ എടുത്ത് പോവാന്‍ പണം കൊടുത്തത് മൂത്തുമ്മയാണ്‌.

മറ്റുളള ബന്ധുക്കളില്‍ നിന്നൊക്കെയും കളിയാക്കലുകളാണ്‌ അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുളളത്.നേരെ ചിരിച്ച് കാണിക്കുന്നവരില്‍ നിന്നു തന്നെ വളഞ്ഞ വഴിയില്‍ അവളത് അഭിമുഖീകരിച്ചിട്ടുണ്ട്.നമ്മെ ഇച്‌ഛാഭംഗത്തിലേക്ക് താഴ്ത്തി വിടുന്ന രീതിയിലുളള പരിഹാസം.അതില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു.ഇവിടെ ഇത്തിരി പോന്ന സ്വന്തം സാമ്രാജ്യത്തില്‍ അവള്‍ക്ക് സ്വച്‌ഛന്ദമായി രാജകുമാരിയെ പോലെ നടക്കാം.

സ്കൂളില്‍ നിന്നും കോര്‍ണിഷിന്റെ കരയിലൂടെ ഇളം നീല നിറത്തിലുളള ഓളങ്ങള്‍ കൂര്‍ത്ത അഗ്രങ്ങളുണ്ടാക്കി ചാഞ്ചാടുന്നത് നോക്കി കൊണ്ട് മടങ്ങവേ, അവളുടെ ഓര്‍മ്മകള്‍ ഉണര്‍ന്നു.അസ്ഥിയിലൂടെ പിടിച്ച് കയറുന്ന സങ്കോചങ്ങളുടെ എത്രയധികം വലകള്‍ മുറിച്ച് കടന്നായിരുന്നു മുമ്പ് തന്റെ മടക്കയാത്ര.

സ്കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ ബസ്സിനു വേണ്ടിയുളള കാത്തുനില്പ്പാണ്‌.ചെറുപ്പത്തില്‍ ഇയ്ക്കാക്കയും അവളും സ്കൂള്‍ വണ്ടിയിലാണ്‌ പൊയ്ക്കൊണ്ടിരുന്നത്.കുറച്ച് മുതിര്‍ന്ന് ഇക്കാക്ക ബസ്സില്‍ പോയി തുടങ്ങിയതോടെ അവള്‍ക്കും അതിനായി താത്പര്യം.ഇക്കാക്കയുടെ പ്രവര്‍ത്തികളും അനുഭവങ്ങളും ആയിരുന്നല്ലോ അവള്‍ മാതൃക ആക്കിയിരുന്നത്!എന്നാല്‍ അന്നതിനു ഉമ്മാ സമ്മതിച്ചില്ല.'നീ പെണ്ണല്ലേ?ബസ്സിലൊന്നും വലിഞ്ഞു കയറി വരേണ്ട' എന്നതായിരുന്നു ന്യായം.ഇക്കാക്ക താന്‍ വലിയ ആളായി എന്നതിന്റെ ബഹുമതിയായി അത് കൊണ്ട് നടക്കുകയും ചെയ്തു.പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇക്കാക്ക ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയതിനും ശേഷമാണ്‌ അവള്‍ ബസ്സില്‍ പോയി തുടങ്ങിയത്.പത്താം ക്ലാസിലായതോടെ സ്പെഷ്യല്‍ ക്ലാസ് മൂലം സ്കൂള്‍ വണ്ടിയില്‍ പോവാന്‍ സാധ്യമല്ലാതാവുകയായിരുന്നു.

ഒരു മാസം കൊണ്ട് അവള്‍ ബസ്സ് യാത്ര പാടെ മടുത്തു.സ്കൂള്‍ വിട്ട് നാലര തൊട്ട് തുടങ്ങുന്ന കാത്ത് നില്പ്പാണ്‌.'എസ് റ്റി' പിള്ളേരെ കണ്ട് ഒരൊറ്റ ബസ്സ് പോലും നിര്‍ത്തില്ല.ചില ബസ്സുകള്‍ നിര്‍ത്താനെന്ന ഭാവേന മെല്ലെ വന്നെത്തുന്നു.കുട്ടികള്‍ കയറുവാന്‍ ഓടി ചെല്ലുമ്പോള്‍ സ്പീട് കൂട്ടി പാഞ്ഞ് കളയുന്നു.ഈ ക്രൂര വിനോദം തുടര്‍ന്ന് കൊണ്ടിരിക്കും .അവരെ സംബന്ധിച്ചിടത്തോളം ഈ പിള്ളേര്‍ വലിയ ബാഗുകളുമായി കയറി രണ്ട് പേര്‍ക്കുളള സ്ഥലം അപഹരിക്കുന്നു.ഒരു ഒറ്റ തുട്ടോ മറ്റോ മാത്രമാണ്‌ കിട്ടുക.എന്തിനാണീ വയ്യാവേലി?

അങ്ങനെ മുഷിപ്പോടെ ഒന്നൊന്നര മണിക്കൂര്‍ നിന്ന് കഴിയുമ്പോള്‍ കനിവ് തോന്നി ഏതെങ്കിലും ബസ്സുകാരന്‍ വണ്ടി നിര്‍ത്തുന്നു.പിന്നെ ഉന്തും തള്ളുമാണ്‌.ബസ്സിനുള്ളിലേക്ക് ചെന്നെത്താനുളള ശ്രമകരമായ നിമിഷങ്ങള്‍.അപ്പോഴേക്കും ആ ബഹളത്തിനിടയിലൂടെ നിങ്ങള്‍ അകത്തേക്ക് ഞെരുക്കപ്പെട്ട് കഴിഞ്ഞിരിക്കും.ഒരിഞ്ച് സ്ഥലം കൂടി ബാക്കിയില്ലാതെ നിറയ്ക്കപ്പെട്ട് കഴിയുമ്പോള്‍ ബസ്സ് മെല്ലെ യാത്ര തുടങ്ങുന്നു.

ബസ്സിനുള്ളില്‍ മുഷിഞ്ഞ ഒരു ചൂട് വായു നിറഞ്ഞിട്ടുണ്ടാവും ഏതെങ്കിലും കമ്പിയില്‍ മുറുകെ പിടിച്ച് കൊണ്ട് അവള്‍ നില്ക്കും.ബസ്സില്‍ നിന്നും ഇറങ്ങി കഴിഞ്ഞാലും ആ ഇരുമ്പിന്റെ ഗന്ധം കയ്യില്‍ ബാക്കി കിടക്കുന്നു.തുടക്കത്തില്‍ അവള്‍ക്കത് തലകറക്കം നല്കുന്ന മണമായിരുന്നു.പിന്നെ ശീലമായി.മുറുകെ പിടിച്ച് നിന്നാലും ഓരോ ബ്രേക്കിങ്ങിനും ചരിഞ്ഞ് വീഴാതെ നില്ക്കുക ശ്രമകരമാണ്‌.അതു പോലെയുളള പോക്കാണ്‌!ഓരോരുത്തരേയും അസഹ്യതയോടെ തള്ളീ മാറ്റി കൊണ്ടും ശകാരിച്ച് കൊണ്ടും കണ്‍ടക്ടര്‍ ഇടയിലൂടെ വിരകി നടക്കുന്നുണ്ടാവും.അയാളുടെ കണ്ണുകളിലെ അമര്‍ഷവും വെറുപ്പും കാണുമ്പോള്‍ ബസ്സില്‍ കയറിയത് വലിയൊരു കുറ്റമായെന്ന് തോന്നി പോവും.

ഇറങ്ങാനുളള സ്ഥലം അടുക്കാറാവുന്നതോടെ റസിയയുടെ നെഞ്ചിടിപ്പ് കൂടുന്നു.തന്റെ സ്‌റ്റോപ്പില്‍ മറ്റാരെങ്കിലും കൂടി ഇറങ്ങാനുണ്ടാവണേ എന്നവള്‍ പ്രാര്‍ത്ഥിക്കുന്നു.തിരക്കിനിടയിലൂടെ സാഹസപ്പെട്ട വാതിലിനടുത്തേക്ക് നീങ്ങുന്നു.മിക്കവാറും ആ സ്‌റ്റോപ്പില്‍ അവള്‍ മാത്രമേ ഇറങ്ങാന്‍ ഉണ്ടാവാറുള്ളൂ.വാതിലിനടുത്ത് അവള്‍ ആശയറ്റ് നില്ക്കുന്നു.'ഇവിടെ ആളിറങ്ങാനുണ്ട്'.

'കിളി' അവള്‍ പറയുന്നത് വ്യക്തമായി കേട്ടിട്ടുണ്ടെങ്കിലും ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഒന്നുമറിയാത്തത് പോലെ രസിച്ച് നില്ക്കും.തന്റെ സ്‌റ്റോപ്പ് ഇതാ അടുക്കുന്നു..അവള്‍ വീണ്ടും ആളിറങ്ങാനുണ്ടെന്ന് അറിയിക്കും.അയാള്‍ ബസ്സ് നിര്‍ത്താനുളള ബെല്ലു കൊടുക്കാതെ അവളുടെ ദീനതയെ നിശബ്‌ദമായി പരിഹസിച്ച് നില്ക്കുന്നു.അവള്‍ക്ക് വല്ലാത്ത അപകര്‍ഷത തോന്നുന്ന നേരമാണത്.ഒരു വാക്കും പുറത്ത് വരാത്ത നിലയില്‍ അവളുടെ ലോകം ആ ബോധത്താല്‍ നട്ടം തിരിയുന്നു.എന്നും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യമാണത്.അതിനായാണ്‌ അവള്‍ അവിടെ ഇറങ്ങാനുളള മറ്റൊരു യാത്രികനെ പ്രതീക്ഷിക്കുന്നത്.സ്‌റ്റോപ്പ് കഴിഞ്ഞ് പിന്നേയും കുറേ ദൂരം മുന്നോട്ട് പോയി കഴിയുമ്പോള്‍ അയാള്‍ അവളെ നോക്കി പുകയില കറ പുരണ്ട വിടവുളള പല്ലു കാട്ടി ഒരു അശ്ലീല ചിരി പൊഴിക്കുന്നു.അതിന്റെ ചൂടില്‍ അവള്‍ വിളറി നില്ക്കവേ അയാള്‍ വിജയിയുടെ ഭാവത്തില്‍ വണ്ടി നിര്‍ത്താനുളള ബെല്ലു കൊടുക്കുകയായി.'ഉമ്മൂമ്മ ഇറങ്ങിക്കോട്ടെ'.വണ്ടി നിര്‍ത്തി നിര്‍ത്തിയില്ല എന്ന നിലയില്‍ പതിയെയാവുന്ന അവസരത്തില്‍ അവള്‍ ആശ്വാസത്തോടെ ചാടിയിറങ്ങും.

ഈ കളി ആവര്‍ത്തിക്കുന്ന ഒന്നു രണ്ട് കിളികളുണ്ട്!വല്ലാത്ത വെറുപ്പാണ്‌ അവള്‍ക്കുളളത്.എന്തിനാണ്‌ അവര്‍ ഇങ്ങനെ പെരുമാറുന്നത്?തലയില്‍ മഫ്ത ഉളളത് കൊണ്ടാവണം തന്നെ ഉമ്മൂമ്മാ എന്ന് വിളിച്ച് കളിയാക്കിയത്.അതില്‍ അവള്‍ക്ക് വിഷമമില്ല.അതിനെ

നേരിടാന്‍ വാപ്പായില്‍ നിന്നും പകര്‍ന്ന് കിട്ടിയ ശക്തമായ മതനിഷ്‌ഠയുടെ ബലമുണ്ട്.ഫ്രാന്‍സില്‍ മഫ്ത ഇട്ടതിന്റെ പേരില്‍ കുട്ടികളെ സ്കൂളുകളില്‍ നിന്നും പുറത്താക്കുന്നതിന്റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും വരാറുണ്ട്.എന്തിനാണ്‌ എല്ലവരും ഇങ്ങനെ പെരുമാറുന്നത്?

ഇത്തരത്തിലുളള ഓരോ കാര്യങ്ങള്‍ ചിന്തിച്ച് കൊണ്ട് അവള്‍ വീടിന്റെ നേരെ നടക്കും .പട്ടി തോമന്റെ വീടിനു മുന്നിലൂടെ കടന്ന് പോവുമ്പോള്‍ പരിഭ്രമത്തോടെ ഒളികണ്ണിട്ട് ഗെയ്റ്റിനകത്തേക്ക് നോക്കും.അയാളുടെ കറുത്ത ഭീമാകാരനായ നായ നെഞ്ചിനുള്ളില്‍ ആഴത്തില്‍ പുളിപ്പ് അനുഭവപ്പെടുത്തുന്ന പല്ലും ഇളിച്ച് കാട്ടി മുറ്റത്ത് നില്പ്പുണ്ടോ?അവളുടെ പരിഭ്രമത്തിനൊരു കാരണമുണ്ട്.കുറച്ച് നാള്‍ മുന്പ് വാപ്പ ലീവില്‍ വന്നിട്ട് പോയ സമയം.അങ്ങനെ വാപ്പ പോയി കഴിഞ്ഞ് ഉടനെയുള്ള കുറച്ച് നാളുകളില്‍ അവളും ഉമ്മായും അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്.ഉമ്മായുടെ ഭീതിയും ആഴത്തില്‍ വേദനിക്കുന്ന വിരഹാര്‍ത്തമായ മുഖവുമാണ്‌ അവള്‍ക്കാ വികാരം സമ്മാനിക്കുന്നത്.അന്നും അതേ പോലെ വീട്ടിലെ നിശബ്‌ദതയില്‍ നിന്നും ഒന്നിനും ഉത്സാഹമില്ലാതെ അവള്‍ സ്കൂളിലേക്ക് ഇറങ്ങി തിരിച്ചു.മതിലുകളിലൊക്കെ ഒരു ചുവരെഴുത്ത് കണ്ടു.'ദളിത് യുവതിയെ ബലാത്സംഗം ചെയ്ത പട്ടി തൊമ്മനെ അറസ്റ്റ് ചെയ്യുക.'അത് വായിക്കുമ്പൊള്‍ അവള്‍ക്കുണ്ടായ ഞെട്ടല്‍ എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെയും ബലാത്സംഗം ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ അവള്‍ ദിവസവും പത്രങ്ങളില്‍ വായിക്കാറുണ്ട്.എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു സംഭവം ഞങ്ങളുടെ ഇത്രയും തൊട്ടടുത്ത്!അവള്‍ക്ക് വിശ്വസിക്കാനായില്ല.

സാധാരണ അവള്‍ രാവിലെ സ്കൂളിലേക്ക് പോവുമ്പോള്‍ തോമ്മാ വീടിന്റെ മുറ്റത്ത് പല്ലു തേച്ച് കൊണ്ട് നില്ക്കുന്നത് കാണാറുണ്ട്.കൈലിയും കൈയില്ലാത്ത ഒരു വെളള ബനിയനും ആയിരിക്കും വേഷം.അയാളുടെ ഭാര്യ ജര്‍മ്മനിയില്‍ നഴ്സാണ്‌.അങ്ങേര്‍ക്കു കൂട്ടായി വീട്ടില്‍ ആ പട്ടി മാത്രമേയുള്ളൂ.അതൊരു ഒന്നാന്തരം പട്ടിയാണ്‌ആരും കണ്ടാല്‍ ഭയന്ന് പോവുന്ന ഇനം.എന്ത് വലുപ്പം!റസിയക്ക് അതിനെ കാണുന്നതേ ഭയങ്കര പേടിയായിരുന്നു.അതിന്റെ കുര ഉയര്‍ന്നു കേട്ട വേളയിലൊക്കെ വിറച്ച് കൊണ്ട് അവള്‍ ഓടിയിട്ടുണ്ട്ചുവരെഴുത്ത് വായിച്ച് കഴിഞ്ഞപ്പോഴും അതേ വിറയല്‍!ആ നായയുടെ കൂര്‍ത്ത പല്ലും തൂങ്ങിയാടുന്ന നാവും തന്റെ നഗ്നശരീരത്തിനു നേരെ പാഞ്ഞു വരുന്നത് പോലെ അവള്‍ക്ക് തോന്നി.ആ പല്ലു ഒരു പുളിപ്പ് ഉണ്ടാക്കി നെഞ്ചിലേക്ക് ആഞ്ഞ് കയറുന്നു.ഉള്ളില്‍ ഭീതിയുടെ കാറ്റഴിച്ച് വിട്ട അവസ്ഥ.ഉമ്മായും ഞാനും ഇവിടെ ഒറ്റക്കാണല്ലോ എന്ന ചിന്ത ഒരു പുതിയ അറിവ് പോലെ ഗ്രസിച്ചു.തന്റെ സ്ത്രീ ശരീരത്തിനു നേരെ എവിടെ നിന്നൊക്കെയോ തുറിച്ച് നോക്കുന്ന ചെന്നായ കണ്ണുകളെ അവള്‍ ഭയന്നു.

ആ സമയത്ത് തോന്നിയ ഭയപ്പാടുകള്‍ ക്രമേണ മാഞ്ഞ് പോയെങ്കിലും ഇന്നും തിരിച്ചറിയാനാവാത്ത ഒരു പരിഭ്രമം ബാക്കിയുണ്ട്.ജാമ്യത്തിലിറങ്ങിയ 'പട്ടി തൊമ്മന്' ആ
വീട്ടിനുള്ളില്‍ തന്നെ അടച്ചിരിപ്പുണ്ടല്ലോ.റസിയ അയാളെ പിന്നീട് പുറത്ത് കണ്ടിട്ടില്ല.എന്നാല്‍ എല്ലവരേയും പേടിപ്പെടുത്തി കൊണ്ട് ആ നായ ഇപ്പോഴുമുണ്ട്.അതിന്റെ കൂര്‍ത്ത പല്ലുകളും.

വീട്ടിലേക്ക് തിരിയുന്ന കലിങ്കിന്റെ വക്കില്‍ ,കൈലി മടക്കി കുത്തി തുട വികൃതമായി പുറത്ത് കാട്ടി കൊണ്ട് നാലഞ്ച് പൂവാലന്മാര്‍ ഇരിപ്പുണ്ട്.നായയുടെ കൂര്‍ത്ത പല്ലുകള്‍ ആഴ്ന്നിറങ്ങുന്നതിന്റെ പുളിപ്പ് വീണ്ടും തികട്ടി വരും.അവള്‍ തല കുനിച്ച് അവര്‍ ഇരിക്കുന്നതിന്റെ മറുകര പറ്റി ഒതുങ്ങി നടക്കും.അവരുടെ നോട്ടവും കോപ്രായങ്ങളും ചിലപ്പോള്‍ വന്നു വീഴാവുന്ന ഒറ്റപ്പെട്ട കമന്റുകളും!കണ്ണും കാതും അടച്ച് പിടിച്ച് എത്രയും വേഗം ആ ചുറ്റുപാടില്‍ നിന്നും ഓടിയകലാനുളള വ്യഗ്രതയോടെ വേഗം കൂട്ടും.വെപ്രാളത്തില്‍ ചിലപ്പോള്‍ ഏതെങ്കിലും കല്ലില്‍ കാലു തട്ടി വീഴാന്‍ പോവുന്നു.അപ്പോള്‍ നട്ടെല്ലിനു പുറത്ത് കൂടി പരിഭ്രമത്തിന്റെ ചാലുകള്‍ കീറി വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടിറങ്ങും.

അവരുടെ കാഴ്ചപ്പുറത്ത് നിന്നും മറയുന്നതോടെ അവള്‍ക്ക് ആശ്വാസമാവുന്നു.പിന്നെ മനസിനൊരു കുളിര്‍മ്മയാണ്.ഞാനിതാ വീട്ടിലേക്ക് എത്തുന്നു.ഗയ്റ്റ് തുറക്കുമ്പോള്‍ വാതില്ക്കല്‍ കാത്ത് നില്ക്കുന്ന ഉമ്മായെ കാണാം .അകത്ത് മേശപ്പുറത്ത് നാഡികളുടെ പിരിമുറുക്കം കുറക്കുന്ന ഒരു ഗ്ലാസ് ചായ ആവി പറത്തി ഇരിപ്പുണ്ട്.അതും മോന്തി അവള്‍ കസാരയില്‍ സ്വസ്ഥത തേടുന്നു.

പുറന്തോടിനുളളിലേക്ക് തല വലിച്ച് പതുങ്ങിയിരിക്കുന്ന ഒരു ആമയുടെ വേഷമായിരുന്നു അവളന്ന് അണിഞ്ഞിരുന്നത്.അവളുടെ സങ്കീര്‍ണ്ണമായ മാനസിക ലോകം വീടിനു പുറത്തെ വന്യതയില്‍ ഹിംസൃജന്തുക്കളുടെ കാല്പ്പാടുകളെ തിരഞ്ഞ് ഭയന്ന് നടന്നു.വീടിനകവും സുരക്ഷിതമായിരുന്നില്ല!സന്ധ്യ കഴിയുമ്പോഴേ ഉമ്മാ ഭയപ്പാടുകളോടെ വാതിലുകള്‍ അടച്ച് പൂട്ടി ഓതി ഊതുന്നു.അപ്പോള്‍ അല്ലാഹു മലക്കുകളെ കാവലിനയക്കും എന്ന് പറയും.ആണുങ്ങളില്ലാത്ത വീട്ടില്‍ കടന്ന് കവര്‍ച്ചയും കൊലയും നടത്തി പോവുന്ന കള്ളന്മാരുടെ കഥയും വാര്‍ത്തകളും ഉമ്മയുടെ ബോധമണ്ഡലത്തില്‍ ഭീതി സ്പര്‍ശമായി വീശിയടിച്ചിരുന്നു.അര്‍ത്ഥശൂന്യമായ ഭയപ്പാടുകളായിരുന്നു അവരുടേത്.റസിയ രാത്രി പുറത്തേക്ക് തുറന്ന് കിടക്കുന്ന ജനല്‍ പാളികള്‍ അടക്കാനായി ഇരുളിലേക്ക് കൈ നീട്ടുന്നത് കൂടി പേടിയോടെയായിരുന്നു.ഈയൊരു നിസാര കാര്യത്തിനു ഞാനെന്തിന് ഭയപ്പെടുന്നു എന്നവള്‍ എപ്പോഴും സ്വയം ചോദിക്കും .പുറത്തെ ഇരുള്‍ ശൂന്യമാണ്‌.എന്റെ കരങ്ങള്‍ കവര്‍ന്നെടുക്കുന്ന യാതൊന്നും അവിടെയില്ല.ഇങ്ങനെയൊക്കെ സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തും.എന്നാലും വീണ്ടും ജനലടക്കാന്‍ ചെല്ലുമ്പോള്‍ അപരിചിതമായ ആ ഭീതിയില്‍ മനസ് പുതഞ്ഞ് പോവുന്നു.

ഇന്നീ കോര്‍ണിഷിന്റെ കരയിലൂടെ സ്കൂളില്‍ നിന്നു മടങ്ങുമ്പോള്‍ മനസ് എത്ര മാത്രം തെളിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.തന്റെ ആന്തരിക ലോകം പഴയ മിഥ്യാ കല്പനകളുടെയെല്ലാം ബന്ധനത്തില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു.വിഹ്വലതകളുടെ മാറാലകള്‍ ഒഴിഞ്ഞ് വെടിപ്പായി അത് ആത്മവിശ്വാസത്തോടെ ജ്വലിച്ച് നില്ക്കുന്നു. കൂസലൊന്നും കൂടാതെ ചുറ്റുമുള്ളതെല്ലാം കണ്ട് രസിക്കാനും ,മറ്റാരെയും അളന്ന് മനസിലാക്കാനും പ്രാപ്തി നേടിയ ആത്മവിശ്വാസം.

തീര്‍ച്ചയായും എനിക്ക് ഇവിടം തന്നെയാണ്‌ ഇഷ്ടം .ഇവിടെ ആരും ആരെയും ശ്രദ്ധിക്കാനും അപമതിക്കാനും പോവുന്നില്ലല്ലോ?ആശങ്കകളുടെ ചീളുകള്‍ വാരിയെറിയുന്ന ആ പഴയ കാലം വീണ്ടും എന്റെ നേര്‍ക്ക് നീണ്ട് വരാതിരിക്കട്ടെ!

To be continued