'ഒരു നാള്‍ വരും'-എന്ന ഏര്‍പ്പാട്

Author: ezhuthukaran / Labels: , ,

ഒരു നാള്‍ വരും എന്ന പല്ലവി വിശ്വസിച്ചു കൊണ്ട് ആവര്‍ത്തിക്കുന്ന മലയാളസിനിമ മടുപ്പിനെ മറക്കാന്‍ ശീലിച്ച് നിശബ്‌ദരായി നിങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങി പോവാം.കഴിവുറ്റ ഒരു കൂട്ടായ്മയില്‍ നിന്നും ഗത്യന്തരമില്ലാത്ത വണ്ണം രൂപം പൂണ്ട ഒരു സിനിമാറ്റിക്ക് ഒടുക്കം കണ്ട് തീര്‍ത്തതിന്റെ മതിയായ ചാരിതാര്‍ഥ്യത്തോടെ!

അഴിമതിക്കാരനായുള്ള ഒരു ബില്‍ഡിങ് ഓഫീസറും അയാളുടെ പക്കല്‍ നിന്നും വീട് നിര്‍മാണത്തിനു അനുമതി തേടുന്ന കുളപ്പള്ളി സുകുമാരനേയും ചുറ്റി പറ്റിയാണ്‌ കഥ.എന്നാല്‍ വിഷയത്തിന്റെ കാതലില്‍ കേന്ദ്രീകരിക്കാനാവാതെ ഉഴറി മാറി ഉഴപ്പിയാണ്‌ അതിന്റെ സഞ്ചാരം.പ്രതിനായകനാവണോ മാപ്പുസാക്ഷിയാവണോ എന്ന ബില്‍ഡിങ് ഓഫീസര്‍ കഥാപാത്രത്തിന്റെ രൂപാന്തരപ്പെടുവാനുള്ള വൈഷമ്യം ശ്രീനിവാസന്റെ എഴുത്തുകാരന്‍/നടന്‍ സംഘര്‍ഷങ്ങളില്‍ നിന്നോ രൂപപ്പെടുന്നത്?താങ്കള്‍ ‘ഉയരം കുറഞ്ഞ’, ‘കറുത്ത’, സുന്ദരനായ ഒരു നടനാണ്‌.എന്നാല്‍ അതിനപ്പുറം അസാമാന്യനായ ഒരു തിരക്കഥകൃത്തായിരുന്നു എന്ന് ഞങ്ങള്‍ ഓര്‍ക്കുകയാണ്!

ഇതേ രൂപാന്തരപ്പെടാനുള്ള വൈഷമ്യം ലാലേട്ടന്റെ കഥാപാത്രത്തിനുമുണ്ട്.ആളുകള്‍ എന്നും ഓര്‍ക്കുന്ന ആ പഴയ സാധാരണക്കാരന്‍ അദ്ദേഹത്തിലെ താരത്തിന്റെ, മാറിയ ശരീരഭാഷയുടെ, പുതിയ കാലത്തിന്റെ മതില്‍ക്കെട്ടുകളില്‍ തല്ലി തകര്‍ന്ന് പോവുന്നു.കഥാപാത്രത്തിനു മറ്റൊരു പരിണാമം സാധ്യമല്ല!അദ്ദേഹത്തിലെ കരുത്തുറ്റ അഭിനേതാവിനു മാറ്റുരയ്ക്കാന്‍ തക്കതായ ഒന്നും സിനിമയിലില്ല താനും.

കുളപ്പുള്ളി സുകുമാരന്റെ കുടുംബ വര്‍ത്തമാനങ്ങളാണ്‌ രസകരം.ഭാര്യയായി എത്തുന്ന സമീറയുമായുള്ള പിണക്കത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെയും ഊഹിക്കുകയേ നിര്‍വാഹമുള്ളൂ.ഒടുവിലാവട്ടെ സംവിധായകന്‍ പറഞ്ഞത് അങ്ങനെ ചെയ്യാനാണല്ലോ എന്ന മട്ടിലൊരു ഇണക്കവും ഒത്തുചേരലും.ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രമായ ദേവയാനിയാവട്ടെ നിഷ്കളങ്കതയുടെ ഒരു കാരിക്കേച്ചര്‍ പോലെ കടന്ന് പോവുന്നു.സിദ്ദീഖിനെ പോലെയുള്ള ശക്തരായ വില്ലന്‍ വേഷങ്ങള്‍ക്ക് ഒടുവില്‍ കടലാസ് പുലികളേക്കാള്‍ അപ്രധാനമായ ഗതികെട്ട പരിണാമം.ഇനി പറയൂ ഇത്തരത്തിലൊരു കഥ രാജീവ് കുമാറിന്റെ ശരാശരി നിലവാരം മാത്രമുള്ള സംവിധാനം കൊണ്ട് എങ്ങനെയാവും?
തുടക്കത്തിലെ മോഹന്‍ലാലിന്റെ കുറേ ഭാവങ്ങള്‍ ,ശ്രീനിയുടെ കുറേ ഡയലോഗുകള്‍,സുരാജിന്റെ/കോട്ടയം നസീറിന്റെ തമാശകള്‍ ഒക്കെയാണ്‌ ഒരാശ്വാസമെന്ന നിലയ്ക്ക് വേണമെങ്കില്‍ ചൂണ്ടി കാണിക്കാവുന്നത്.

Verdict-മോഹന്‍ലാല്‍ -ശ്രീനി കൂട്ടു കെട്ടിന്റെ പഴയ നല്ല സിനിമകളെ ഗൃഹാതുരമായ ഓര്‍മ്മയായി സൂക്ഷിക്കുന്ന മലയാളിയെ ലക്ഷ്യം വച്ച ഒരു ഏര്‍പ്പാട്.....വല്ലാത്തയൊരു ഏര്‍പ്പാട്!

ആടുജീവിതം-അനുഭവങ്ങളുടെ കരുത്ത്.

Author: ezhuthukaran / Labels: ,

ഉള്ളിലുയരുന്ന സ്തോഭജനകമായ പ്രകമ്പനത്തിനു കാതോര്‍ത്തു കൊണ്ട് മാത്രമേ ആടുജീവിതം എന്ന നോവല്‍ വായിച്ച് തീര്‍ക്കാനാവൂ.ഇത്ര മേല്‍ വിമലീകരണ ശക്തിയുള്ള ഒരു സാഹിത്യകൃതി അടുത്ത കാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല.നിത്യജീവിതത്തിന്റെ അല്പം ഞെരുക്കങ്ങളില്‍ നിരാശനാവുന്ന ശരാശരി മനുഷ്യര്‍ക്ക് മുന്നില്‍ നജീബിന്റെ ജീവിതം വെറുമൊരു കൌതുകം മാത്രമല്ല,തിരിച്ചറിവിന്റെ നിമിഷങ്ങളാണ്.

നജീബിന്റെ കഥ നൂറ്‌ ശതമാനവും സത്യമാണ്‌ എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചിരുന്നില്ലെങ്കില്‍ ,ഇതൊരു പൊടിപ്പും തൊങ്ങലും വച്ച ഭാവനാ സൃഷ്‌ടിയെന്ന്‌ വിശ്വസിക്കാന്‍ തന്നെ നാം ഇഷ്‌ടപ്പെടുമായിരുന്നു.അതിജീവനത്തിന്റെ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും ഒരു പാട് നാം കേട്ടിട്ടുണ്ട്.ലോകമഹായുദ്ധങ്ങളുടേയും ,ഹോളോകാസ്റ്റിന്റെയും ,സൈബീരിയന്‍ ജയിലറകളുടേയും,വംശഹത്യയുടേയും ,അധിനിവേശങ്ങളുടെയും പശ്ചാത്തലത്തിലുള്ള നിരവധി ആഖ്യാനങ്ങള്‍.അവയോടെല്ലാം കിടപിടിക്കാന്‍ കഴിയുന്ന അനുഭവങ്ങളുടെ ശക്തി ആടുജീവിതത്തിനുണ്ട്!

ബെന്യാമിന്റെ ഭാഷ ലളിതവും മൂര്‍ച്ചയുള്ളതുമാണ്‌.വരികളില്‍ പതിയിരിക്കുന്ന കറുത്ത ഹാസ്യം ,വിവരിക്കപ്പെടുന്ന വര്‍ണ്ണനാതീതമായ ദുരിതങ്ങളുടെ മധ്യേയും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവത്തിലൂടെ വായനക്കാരെ കൊണ്ട് പോവുന്നു.ദുരിതങ്ങളുടെ കാഠിന്യം ഒരിക്കലും വായനക്ക് ഭാരമാവുന്നില്ല.ഒപ്പം തന്നെ നജീബിന്റെ കഷ്‌ടപ്പാടുകളും,ഏകാന്തതയും,നൈരാശ്യവും,വിശ്വാസവും ആരേയും തരളിതമാക്കുന്നു.ഇബ്രാഹീം ഖാദിരിയെ പോലെ നിഗൂഢ സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളും ഇസ്രായീല്യരുടെ വിമോചനം പോലെയുള്ള ബിംബങ്ങളും കഥാതന്തുവില്‍ സ്വാഭാവികതയോടെ ഇഴകി ചേരുന്നു.

ലോറന്‍സ് ഓഫ് അറേബ്യ, റിച്ചാര്‍ഡ് ബര്‍ട്ടന്‍,മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുള്ള മരുഭൂമിയെ മലയാള ഭാഷയില്‍ ഇങ്ങനെ അതിന്റെ തീവ്രതയോടു കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതും ആനന്ദദായകമാണ്‌.അവരുടെ കാല്‍പ്പനികമായ അന്വേഷണങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും ഒരു പാട് അന്തരമുണ്ടെങ്കിലും രക്ഷതേടി ഉഴലുന്ന നജീബിലൂടെ ആടുജീവിതം നല്കുന്ന വ്യതിരികതതയുള്ള ഒരു കാഴ്ച തന്നെയാണത്!

അരനൂറ്റാണ്ട് പിന്നിടുന്ന ഗള്‍ഫ് പ്രവാസത്തിന്റെ ചൂളയില്‍ നിന്നും ഉരവം കൊണ്ട ജീവിതത്തിന്റെ ഒരു അടരാണ്‌ ആടുജീവിതം.അതൊരു പ്രതീകമാണ്-അര്‍ബാബും,കുബ്ബൂസും,പത്താക്കയും,ജയിലും ഇഴചേരുന്ന പ്രവാസജീവിതങ്ങളുടെ പ്രതീകം. എത്രയെത്രെ മസറകളില്‍ ,കൃഷിയിടങ്ങളില്‍,ലേബര്‍ക്യാമ്പുകളില്‍,അറബി നഗരങ്ങളില്‍ എഴുതപ്പെടാത്ത എത്രയധികം അനുഭവങ്ങളുണ്ട് എന്ന് അത് നമ്മോട് സൂചിപ്പിക്കുന്നു.