ആടുജീവിതം-അനുഭവങ്ങളുടെ കരുത്ത്.

Author: ezhuthukaran / Labels: ,

ഉള്ളിലുയരുന്ന സ്തോഭജനകമായ പ്രകമ്പനത്തിനു കാതോര്‍ത്തു കൊണ്ട് മാത്രമേ ആടുജീവിതം എന്ന നോവല്‍ വായിച്ച് തീര്‍ക്കാനാവൂ.ഇത്ര മേല്‍ വിമലീകരണ ശക്തിയുള്ള ഒരു സാഹിത്യകൃതി അടുത്ത കാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല.നിത്യജീവിതത്തിന്റെ അല്പം ഞെരുക്കങ്ങളില്‍ നിരാശനാവുന്ന ശരാശരി മനുഷ്യര്‍ക്ക് മുന്നില്‍ നജീബിന്റെ ജീവിതം വെറുമൊരു കൌതുകം മാത്രമല്ല,തിരിച്ചറിവിന്റെ നിമിഷങ്ങളാണ്.

നജീബിന്റെ കഥ നൂറ്‌ ശതമാനവും സത്യമാണ്‌ എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചിരുന്നില്ലെങ്കില്‍ ,ഇതൊരു പൊടിപ്പും തൊങ്ങലും വച്ച ഭാവനാ സൃഷ്‌ടിയെന്ന്‌ വിശ്വസിക്കാന്‍ തന്നെ നാം ഇഷ്‌ടപ്പെടുമായിരുന്നു.അതിജീവനത്തിന്റെ കഥകള്‍ ലോകസാഹിത്യത്തിലും സിനിമയിലും ഒരു പാട് നാം കേട്ടിട്ടുണ്ട്.ലോകമഹായുദ്ധങ്ങളുടേയും ,ഹോളോകാസ്റ്റിന്റെയും ,സൈബീരിയന്‍ ജയിലറകളുടേയും,വംശഹത്യയുടേയും ,അധിനിവേശങ്ങളുടെയും പശ്ചാത്തലത്തിലുള്ള നിരവധി ആഖ്യാനങ്ങള്‍.അവയോടെല്ലാം കിടപിടിക്കാന്‍ കഴിയുന്ന അനുഭവങ്ങളുടെ ശക്തി ആടുജീവിതത്തിനുണ്ട്!

ബെന്യാമിന്റെ ഭാഷ ലളിതവും മൂര്‍ച്ചയുള്ളതുമാണ്‌.വരികളില്‍ പതിയിരിക്കുന്ന കറുത്ത ഹാസ്യം ,വിവരിക്കപ്പെടുന്ന വര്‍ണ്ണനാതീതമായ ദുരിതങ്ങളുടെ മധ്യേയും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവത്തിലൂടെ വായനക്കാരെ കൊണ്ട് പോവുന്നു.ദുരിതങ്ങളുടെ കാഠിന്യം ഒരിക്കലും വായനക്ക് ഭാരമാവുന്നില്ല.ഒപ്പം തന്നെ നജീബിന്റെ കഷ്‌ടപ്പാടുകളും,ഏകാന്തതയും,നൈരാശ്യവും,വിശ്വാസവും ആരേയും തരളിതമാക്കുന്നു.ഇബ്രാഹീം ഖാദിരിയെ പോലെ നിഗൂഢ സ്വഭാവത്തോടെയുള്ള കഥാപാത്രങ്ങളും ഇസ്രായീല്യരുടെ വിമോചനം പോലെയുള്ള ബിംബങ്ങളും കഥാതന്തുവില്‍ സ്വാഭാവികതയോടെ ഇഴകി ചേരുന്നു.

ലോറന്‍സ് ഓഫ് അറേബ്യ, റിച്ചാര്‍ഡ് ബര്‍ട്ടന്‍,മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുള്ള മരുഭൂമിയെ മലയാള ഭാഷയില്‍ ഇങ്ങനെ അതിന്റെ തീവ്രതയോടു കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതും ആനന്ദദായകമാണ്‌.അവരുടെ കാല്‍പ്പനികമായ അന്വേഷണങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും ഒരു പാട് അന്തരമുണ്ടെങ്കിലും രക്ഷതേടി ഉഴലുന്ന നജീബിലൂടെ ആടുജീവിതം നല്കുന്ന വ്യതിരികതതയുള്ള ഒരു കാഴ്ച തന്നെയാണത്!

അരനൂറ്റാണ്ട് പിന്നിടുന്ന ഗള്‍ഫ് പ്രവാസത്തിന്റെ ചൂളയില്‍ നിന്നും ഉരവം കൊണ്ട ജീവിതത്തിന്റെ ഒരു അടരാണ്‌ ആടുജീവിതം.അതൊരു പ്രതീകമാണ്-അര്‍ബാബും,കുബ്ബൂസും,പത്താക്കയും,ജയിലും ഇഴചേരുന്ന പ്രവാസജീവിതങ്ങളുടെ പ്രതീകം. എത്രയെത്രെ മസറകളില്‍ ,കൃഷിയിടങ്ങളില്‍,ലേബര്‍ക്യാമ്പുകളില്‍,അറബി നഗരങ്ങളില്‍ എഴുതപ്പെടാത്ത എത്രയധികം അനുഭവങ്ങളുണ്ട് എന്ന് അത് നമ്മോട് സൂചിപ്പിക്കുന്നു.

0 comments:

Post a Comment