ശിഥിലവീചികള്‍ -1

Author: ezhuthukaran / Labels:

ഭാഗം ഒന്ന്. ©



1

(ഗള്‍ഫില്‍ ചെന്ന ശേഷം ഇക്കാക്കക്കു ആദ്യമായി അയച്ച കത്തില്‍ റസിയ ഇങ്ങനെ എഴുതി..

'എല്ലാത്തിനും ഇവിടെ എണ്‍തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍ ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ള മനോഹരമായ വീഥികള്‍.പല പല ദേശക്കാരും വര്‍ണക്കാരും വര്‍ഗക്കാരും അതിലെ നിറഞ്ഞു കവിയുന്നു.')



ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്ന നഗരത്തിന്റെ പ്രൌഡമായ ഉത്സവച്ചായ അവള്‍ക്കു ഏറെ പുതുമയായിരുന്നു.ആദ്യത്തെ പ്രഭാതത്തില്‍ ഫ്ലാറ്റിന്റെ ബാല്‍കണിയില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന പുതിയ കാഴ്ചകളിലേക്കു അവള്‍ ഉറ്റു നോക്കി.കണ്ണുകളില്‍ വിടരുന്ന കൌതുകം.ആ നഗരദ്രിശ്യം അവളുടെ ബോധമണ്ഡലത്തില്‍ നവ്യാനുഭൂതികളുടെ കലഹം തന്നെ ഉണ്ടാക്കി.



നഗരം,റോഡ്‌,വാഹനങ്ങള്‍,കെട്ടിടങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്‌.മൂന്നോ നാലോ വട്ടം എറണാകുളത്തെക്കു നടത്തിയിട്ടുള്ള യാത്രകളോടു ബന്ധപ്പെട്ടാണു മുന്‍പു ഇവയെല്ലാം നിലനിന്നിരുന്നത്‌.അതല്ലെങ്കില്‍ കോട്ടയം ടൌണിലേക്കു അപൂര്‍വം നടത്തുന്ന ഷോപ്പിംഗ്‌ യാത്ര.ഓര്‍ക്കുന്നു,അത്തരം യാത്രകള്‍ക്കു വേണ്ടിയുള്ള ഉള്‍പുളകത്തോടെയുള്ള ഒരുക്കം.അത്ഭുതകരമായ കാഴ്ചകള്‍ക്കു വേണ്ടി കണ്ണും മനവും തുറന്നുള്ള കാത്തിരുപ്പു.പിന്നെ,തിരക്കില്‍ പെട്ടുള്ള മുഷിപ്പു.യാത്രാക്ഷീണം.ഒടുവില്‍ വീടിന്റെ മൂടിപൊതിഞ്ഞ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തുമ്പോഴുള്ള ശാന്ധത.ഇക്കാക്ക കൂടെയുണ്ടെങ്കില്‍ ജ്ഞാനിയുടെ സ്വരത്തില്‍ പറയും.



"നാട്യ പ്രധാനം നഗരം ദരിദ്രം

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം"



മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ഈ വരികള്‍ അവള്‍ക്കും നല്ല ഓര്‍മ്മ ഉണ്ട്‌.ഇങ്ങനെ അവളുടെ നഗരവിവക്ഷകളും അനുഭവങ്ങളും ഇത്തരം യാത്രകളോടും അവ മനസില്‍ വീഴ്തിയ ചിത്രങ്ങളൊടും കൂടി അവസാനിക്കുന്നതായിരുന്നു.



ഇവിടെയിതാ തേച്ചു മിനുക്കിയെടുത്ത മറ്റൊരു ലോകം. നാലുപാടും ആകാശം വിഴുങ്ങി വളര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍.അവയുടെ കണ്ണാടി ഭിത്തികളില്‍ തട്ടിച്കിതറി തല ഉയര്‍ത്തുന്ന പ്രഭാതത്തെ ആവേശത്തോടെയും ഒതുങ്ങാത്ത അമ്പരപ്പോടെയും റസിയ ബാല്‍ക്കണിയില്‍ നിന്നും കണ്ടു.



താഴെ ഭംഗിയോടെ ക്രമത്തില്‍ അടുക്കിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ട നിര.പുലരിയിലെ തണുത്ത തെരുവിലൂടെ നടന്നു പോവുന്നവരെല്ലാം ബാഹ്യമോടികള്‍ ശരിയാംവണ്ണം പഠിച്ചു വെച്ചവരാണു.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യതിരിക്തത കാണാനാവുന്നു.അവരെ കടന്നു വിശാലമായ റോഡിലൂടെ ഒഴുകുന്ന വാഹനങ്ങള്‍.



എല്ലാറ്റിനേയും ചൂഴ്ന്നു നില്‍ക്കുന്ന ഒരു മാസ്മരികത.ഈ അന്ധരീക്ഷത്തിനു പോലും ആകര്‍ഷകമായ ഒരു സുഗന്ധമുണ്ട്‌.കോട്ടയം ടൌണിലെ പേരെടുത്ത വമ്പന്‍ തുണിക്കടകളുടെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ മുന്‍പ്‌ അവള്‍ ഇതേ ഗന്ധം അനുഭവിച്ചിട്ടുണ്ട്‌.ഇതേ ഗന്ധവും ഇതേ കൌതുകവും കുട്ടിക്കാലത്തു മറ്റൊരിക്കല്‍ അനുഭവിച്ചത്‌ മൂത്തുമ്മായുടെ വീട്ടില്‍ ചെല്ലുമ്പോഴാണു.ആ വമ്പന്‍ മാളികയുടെ ഉള്ളിലെ ലൊകം അന്നവള്‍ക്കു വിസ്മയം ആയിരുന്നു.കൊത്തുപണി ചെയ്ത ഫര്‍ണീച്ചറുകളും തീരെ മൃദുലമായ കുഷ്യനുകളും അലങ്കാരവസ്തുക്കള്‍ നിറഞ്ഞ ഷെല്‍ഫും മൂത്തുമ്മ കയ്യില്‍ വെച്ചു തന്ന സ്പടികം പോലെ തൊന്നിച്ച ജ്യൂസ്‌ നിറച്ക ഗ്ലാസും എല്ലാം അമ്പരപ്പുളവാക്കാന്‍ പോന്നതായിരുന്നു.എറ്റുമാനൂരിലെ അവരുടെ ദരിദ്രമായ വാടകവീടിന്റെ മങ്ങിയ ചുവരുകളുടെ നാലതിരില്‍ നിന്നും വരുമ്പോള്‍ അങ്ങനെയാവാനെ തരമുള്ളൂ.അന്നു തന്റെ കൊച്ചു ലോകത്തിലെ കൊച്ചു ബുദ്ധിയില്‍ തോന്നിയ അദ്ഭുതത്തിന്റെ മറ്റൊരു വലിയ ആവര്‍ത്തനമാണു ഈ നഗരത്തിന്റെ പണക്കൊഴുപ്പിന്റെ മുന്നില്‍ നില്‍ക്കുമ്പൊഴും അനുഭവപ്പെടുന്നതെന്ന് ബാല്‍ക്കണിയില്‍ നിന്നും കാഴ്ചകള്‍ കാണവേ അവള്‍ തിരിച്ചറിഞ്ഞു.



വലതു വശത്തു തിക്കിത്തിരക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ ഒരു ജലാശയത്തിന്റെ തുണ്ടു കാണാം.ഭൂപടം നൊക്കി അതു ഖാലിദ്‌ ലഗൂണ്‍ എന്ന തടാകമാണു എന്നവള്‍ ഊഹിച്ചു.കോര്‍ണിഷ്‌ എന്നാണു എല്ലാവരും ആ പ്രദേശത്തെ പറയുന്നത്‌.വേലി കെട്ടിത്തിരിച്ചു അതിന്റെ കരയിലൂടെ കൊണ്‍ക്രീറ്റ്‌ കല്ലുകള്‍ പാകിയ ഒരു നടപ്പാത പണിതിട്ടുണ്ട്‌. നടപ്പാതയ്ക്കും റോഡിനുമിടയില്‍ വിശാലമായ പുല്‍ത്തകിടി.അതിനെ അതിരിട്ട്‌ ഈന്ധപ്പനയുടെ നിരകള്‍.പുല്‍ത്തകിടിയുടെ മധ്യത്തില്‍ വിവിധ ആകൃതിയിലും വര്‍ണത്തിലുമുള്ള മനോഹരമായ പൂക്കള്‍.വൈകുന്നേരമാവുമ്പോള്‍ ആളുകള്‍ അവരുടെ വീടിന്റെ കുടുസില്‍ നിന്നും പുറത്തു കടന്നു,കൊര്‍ണിഷിലെ തണുത്ത കാറ്റിന്റെയും ശുദ്ധവായുവിന്റെയും തലോടല്‍ കൊതിച്ചു പുല്‍ത്തകിടിയില്‍ വന്നിരിക്കും.അറബി കുടുംബങ്ങള്‍ മടക്കിയെടുക്കാവുന്ന മേശയും കസാരയും,വലിയ ബാഗില്‍ നിറയെ ഭക്ഷണപദാര്‍ത്ടങ്ങളും കരുതിയാണു വരിക.എന്നിട്ട്‌ മുതിര്‍ന്നവര്‍ വട്ടത്തിലിരുന്ന് ആഹാരം കഴിക്കുകയും സംസാരത്തിലേര്‍പ്പെടുകയും ചെയ്യുന്നു.അപ്പൊള്‍ അവരുടെ കൊച്ചു കുട്ടികള്‍പുല്‍ത്തകിടിയിലൂടെ തലകുത്തി മറിഞ്ഞു കളിക്കുന്നുണ്ടാവും. മലയാളികളടക്കം ലോകത്തെമ്പാടും നിന്നുള്ള ഒരു പാട്‌ പ്രവാസികള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ടുകളുടെ ഭാരവും പേറി നടക്കുന്നതും കാണാം.



വ്യായാമത്തിനും ഈവനിംഗ്‌ വാക്കിനും വരുന്നവര്‍,മറുകരയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്നവര്‍,അടുത്ത പള്ളിയിലേക്കു നിസ്ക്കാരത്തിനു നീങ്ങുന്നവര്‍,സൈക്കിള്‍ ഒോടിക്കുന്ന കുട്ടികള്‍..അങ്ങനെ സന്ധ്യ വരെ നടപ്പാതയിലൂടെ ആള്‍ക്കൂട്ടം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നടപ്പാതയുടെ അരികില്‍ നിരത്തിയിട്ടുള്ള ബഞ്ചുകളില്‍ ഒന്നിലിരുന്ന് ഇതൊക്കെ ആദ്യമായി കണ്ട വൈകുന്നേരത്തിന്റെ നിറവിലാണു 'പല പല ദേശക്കാരും വര്‍ഗക്കാരും വര്‍ണക്കാരും അതിലെ നിറഞ്ഞു കവിയുന്നു എന്നു റസിയ എഴുതിയത്‌.



അന്ന് അടുത്ത ബഞ്ചിലിരുന്നു വാപ്പായും ഉമ്മായും സംസാരിക്കുന്നത്‌ കൂടി ശ്രദ്ധിക്കാനാവാതെ അവള്‍ കോര്‍ണിഷിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി ഇരിപ്പായിരുന്നു.അവള്‍ കാഴ്ചകള്‍ കോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.ഓളം വെട്ടുന്ന വെട്ടുന്ന വെള്ളത്തിനു മീതെ പറന്നു പൊങ്ങുന്ന വെളുത്ത പ്രാവുകളുടെ ചിറകടി.വേലിയില്‍ പിടിച്ചു നിന്ന് കൌതുകത്തോടെ അവയ്ക്കു തീറ്റ എറിഞ്ഞു കൊടുക്കുന്ന ആളുകള്‍.വെള്ളത്തിലൂടെ മെല്ലെ ഒഴുകുന്ന പഴമയും പ്രൌടിയും തോന്നിപ്പിക്കുന്ന ബോട്ടുകള്‍. നടുവിലായി അസ്തമയ സൂര്യന്റെ ചമയങ്ങള്‍ എറ്റു വാങ്ങി കൊണ്ട്‌ ഉയരത്തില്‍ ചിതറുന്ന ഫൌണ്ടന്‍. ദൂരെ തടാകത്തിനപ്പുറം കെട്ടിടങ്ങളുടെ തിങ്ങി നിരങ്ങിയ രൂപരേഖകള്‍.ഇടയില്‍ ഉയര്‍ന്നു കാണുന്ന ഒരു പള്ളിയുടെ മിനാരം.അതിനു പിന്നിലൂടെ എല്ലാ രൌദ്രതയും കൈയൊഴിച്ച്‌ ,കടും ചുവപ്പു നിറമുള്ള തെളിഞ്ഞ വൃത്താകൃതിയില്‍ താഴ്ന്നിറങ്ങുന്ന സൂര്യന്‍. തന്റെ ഭാവനയിലെ ശൂന്യമായിരുന്ന ഒരു പാട്‌ മേഖലകള്‍ പൂരിപ്പിക്കപ്പെടുന്നതായി അവള്‍ക്കു തോന്നി.മുന്‍പ്‌ അവള്‍ വരച്ചിരുന്ന ചിത്രങ്ങളിലെല്ലാം വളഞ്ഞ തെങ്ങും,ഒരു കൊച്ചു വീടും,വീതിയില്ലാതെ നീളുന്ന വഴിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.



കോര്‍ണിഷിനപ്പുറം കാണുന്ന കെട്ടിടങ്ങളുടെ ഇടയിലാണു അവളുടെ സ്കൂള്‍ എന്നു വാപ്പ പറഞ്ഞു. രാവിലെയും വൈകുന്നേരവും ഈ നടപ്പതയിലൂടെ നടന്നു പോയി വരണം.അങ്ങനെ കോര്‍ണിഷും അതിന്റെ സൌന്ദര്യവും തണുത്ത കാറ്റും ആള്‍ തിരക്കും എല്ലാമവളുടെ നിത്യജീവിതത്തിന്റെ ഭാഗമാവുകയാണു.ഇതാണു ഇനിയവളുടെ ലോകം!അവള്‍ക്കു തോന്നിയ സതൊഷത്തിനു അതിരുകളില്ലായിരുന്നു.മനസ്‌ നിറയുന്നു..
to be continued...

3 comments:

യാരോ ഒരാള്‍ said...

മനോഹരമായ വിവരണം. റസിയയുടെ ലോകം കൂടുതല്‍ വര്‍ണ്ണാഭമാകട്ടെ എന്നു ആശംസിക്കുന്നു.

Dr.jishnu chandran said...

നന്നായിട്ടുണ്ട്..കുറച്ച് നീണ്ടു എന്ന് തോന്നുന്നു.

Dr.jishnu chandran said...

please remove word verification for comments

Post a Comment