അവാര്‍ഡ് സിനിമ എന്ന പേരിലെ വിഭാഗീകരണത്തിന്റെ നാട്യമോ കാപട്യമോ അടൂരിന്റെ കാര്യത്തിലെങ്കിലും നീക്കി വയ്ക്കുക.സാധാരണ ബുദ്ധിയോട് സങ്കീര്ണ സ്വഭാവത്തോടെ ഇളിച്ച് കാട്ടാന്‍ വെമ്പുന്ന കലാഭാസത്തോടാണ് നാമിത് പറയുന്നത് എങ്കില്‍ ശരി,പക്ഷെ നല്ല സിനിമകള്‍ കാണാനും രസിക്കാനുമുള്ള അവസ്ഥക്ക് അത് വിലങ്ങുതടി ആവേണ്ടതുണ്ടോ.?
പരാമൃഷ്‌ട ചിന്തകള്‍ 'നാലു പെണ്ണുങ്ങള്‍' കണ്ട് കഴിഞ്ഞപ്പോഴാണ് അകമേ തെളിഞ്ഞത്.ബഹളങ്ങളും സങ്കീര്‍ണതകളും ഇല്ലാത്ത അയത്നലളിതമായ ചില ക്യാമറകാഴ്ചകളിലൂടെ ശക്തനായ ഒരു ചലചിത്രകാരന്‍ സൃഷ്ടിക്കുന്ന സൌകുമാര്യം മനസ്സില്‍ തുളുമ്പി നിന്നു.ഏതൊരു സാധാരണക്കാരനും പങ്ക് വയ്ക്കാവുന്ന ഗതാനുസ്മൃതികളുടെ ലാളിത്യം തന്നെയാണ് അവയുടെ ശക്തി.(ഒരു പക്ഷെ തകഴി കഥകളുടെ സാന്നിദ്ധ്യമാണോ ഒരു കാരണം?) അപ്പോള്‍ എന്തിന് ഇത്തരം ചിത്രങ്ങളെ ലേബലുകളൊട്ടിച്ച് മാറ്റി നിര്‍ത്തണം.
മറ്റെന്തിനും മീതെ കഥാപാത്രങ്ങളുടെ അസ്പഷ്‌ടമായ ചേഷ്‌ടകളിലൂടെ വെളിപ്പെടുന്ന ലോകമാണ് നാലു പെണ്ണുങ്ങളെ കഥയുടെ സ്ഥൂല ശരീരത്തിനപ്പുറത്തേക്ക് കൊണ്ട് പോവുന്നത്.അടൂര്‍ എന്ന സംവിധായകന്റെ കരുത്ത് ഞാന്‍ കണ്ടതും അവിടെയാണ്.കഥാപാത്രങ്ങള്‍ കഥയെ വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു.പ്രേക്ഷകനായി പുതിയ തിരിച്ചറിവുകള്‍ ബാക്കിയാക്കുന്നു.സിനിമ എന്ന മാധ്യമം കരുത്ത് നേടുന്നു.
മുന്പ് ഞാന്‍ ഈ സിനിമയെ കുറിച്ച് വായിച്ചറിഞ്ഞ ഒരു മുഖ്യവിമര്‍ശനം അത് പഴയ അഭിരുചികളില്‍ തന്നെ കുടുങ്ങി കിടക്കുന്നു എന്നതാണ്.പുതിയ കാലത്തിന്റെ പ്രശ്ന പരിസരങ്ങളെ സമീപിക്കാനുള്ള കരുത്ത് സംവിധായകന്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് നിരൂപകര്‍ സംശയിക്കുന്നു.വ്യക്തമായ മറുപടി എന്റെ പക്കലില്ല.പക്ഷെ ഒന്നുണ്ട്,കാലാതിവര്‍ത്തിയായ മനുഷ്യാവസ്ഥയെ ഉയര്‍ത്തി പിടിക്കുന്നുണ്ട് ഇതിലെ കഥകള്‍.പിന്നെ മുഖ്യധാര കാണിച്ച് തരുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഊറി ചിരിച്ച് പോവുന്നു.അതെ പോലെ ഗൃഹാതുരതയുടെ പേരില്‍ നമ്മുടെ സിനിമകളില്‍ പേര്‍ത്തും പേര്‍ത്തും ഉദാത്തീകരിക്കപ്പെടുന്ന പൈങ്കിളി.ഇവയൊക്കെ വിടുതല്‍ സ്വപ്നം കാണാന്‍ പോലുമാവാതെ വീണ് കിടക്കുന്ന തടവറയുടെ ഇരുളുകളെ ഈ ചിത്രം ഏതായാലും അതിജയിക്കുന്നുണ്ട്!
Subscribe to:
Post Comments (Atom)
1 comments:
തീര്‍ച്ചയായും മാഷേ, നാല് പെണ്ണുങ്ങള്‍ ഒരു നല്ല സിനിമയാണ്, അടൂരിന്‍റെ ഏറ്റവും മികച്ചതല്ലെങ്കിലും. പിന്നെ പഴഞ്ചനാണെന്ന ആരോപണം. പശ്ചാത്തലം പഴയതാണെങ്കിലും മിക്ക കഥകളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ഒരു പക്ഷെ തകഴി അവ എഴുതിയ കാലത്തേക്കാള്‍ ഏറെ. ഉദാഹരണത്തിന് സ്ത്രീ-പുരുഷ ബന്ധത്തില്‍ സമൂഹം ഇടപെടുന്നതിനെ കുറിച്ചുള്ള ആദ്യ കഥ. അങ്ങനെയൊരു പ്രശ്നം കഥയെഴുതിയ കാലത്തേക്കാള്‍ ഇന്നാണ് സാര്‍ത്ഥകമെന്നു തോന്നുന്നു.
Post a Comment