3
('ഉമ്മാ ഇക്കാക്കക്കു എഴുതി,
കഴിഞ്ഞ എഴു മാസം അവിടെ ഒറ്റക്ക് വലിയ ബുദ്ധിമുട്ടായിരുന്നോ?സാരമില്ല,ശരിക്കും പഠിക്കണം.ആറു മാസം കൂടി കഴിഞ്ഞാല്‍ കോഴ്സ് തീരുമല്ലോ?പിന്നെ ഇവിടെ വന്ന് ജോലി നോക്കാം..')
ഉമ്മയുടെ ഇപ്പോഴത്തെ പ്രധാന രണ്ടിനം പരിപാടികള്‍ ഷോപ്പിങ്ങും കുക്കിങ്ങുമാണ്.പുതിയ ജീവിതത്തിന്റെ സന്തുഷ്‌ടമായ രണ്ട് വഴികളാണ് അവ അടയാളപ്പെടുത്തുന്നത്.ദുബൈയുടെ ഉപഭോഗസാമ്രാജ്യം കുടികൊള്ളുന്ന വന്‍കിട മാളുകള്‍ ഉമ്മാക്ക് രാജകീയമായ ആതിഥ്യമരുളി.അവിടുത്തെ സാധനങ്ങളുടെ പ്രളയത്തില്‍ പരവശയായി,പുതിയ പുതിയ കെട്ടിലും മട്ടിലുമുളള പാക്കറ്റുകളും വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞ് പിടിക്കുന്നതില്‍ അവര്‍ ഹരം കൊണ്ടു.ഗോള്‍ഡ് സൂക്കിലും മത്സ്യ മാര്‍ക്കറ്റിലും ,ഷോപ്പിങ്ങ് ഫെസ്റ്റിവലുകളിലും കറങ്ങി നടന്ന് ഭര്‍ത്താവിനെ കൊണ്ട് ആഗ്രഹിച്ചതൊക്കെ വാങ്ങിപ്പിച്ചു.പുത്തന്‍ പരീക്ഷണങ്ങളിലൂടെ സ്വാദിഷ്‌ടമായ വിഭവങ്ങള്‍ തീന്‍മേശയിലേക്ക് ഒഴുക്കി.ഭര്‍ത്താവും മകളും അത് കഴിക്കുന്നത് കണ്ട് തൃപ്തിയടഞ്ഞു.സംതൃപ്തകരമായ കുടുംബജീവിതത്തിന്റെ സ്വസ്ഥതയിലും സുരക്ഷിതത്വത്തിലും മനസ് തുറന്ന് ജീവിച്ച് തുടങ്ങി.ഇടക്ക് മകനെ കുറിച്ചോര്‍ത്ത് വിഷമത്തോടെ റസിയയോട് പറയുമ്."പാവം നിന്റെ ഇക്കാക്കയുടെ കാര്യങ്ങളൊക്കെ എങ്ങനെയാണോ ആവോ?"
എളുപ്പം ദേഷ്യപ്പെടുന്ന,ഏറ്റവും നിസാരമായ സംഗതികള്‍ക്ക് കൂടി പിരിമുറുക്കത്തോടെ തല പുകയ്ക്കുന്ന,വിഷാദഛായയുളള ഉമ്മായുടെ പഴയ മുഖം മാഞ്ഞ് പോയിരിക്കുന്നു.ഇന്നവിടെ ശാന്തതയോടെ ഒഴുകി പോവുന്ന ഒരു പുഴയുടെ തിളക്കം.വര്‍ഷങ്ങള്‍ക്ക് മുമ്പ് വാപ്പാ ആദ്യമായി ഗള്‍ഫിലേക്ക് പോയ ദിവസം റസിയ ഓര്‍ക്കുന്നു.വീടിന്റെ മരണനിശബ്‌ദത അവളെ ഭയപ്പെടുത്തി.മിഴിച്ച കണ്ണുകളോടെ കിടപ്പുമുറിയുടെ വാതില്ക്കല്‍ ചെന്ന് നോക്കിയപ്പോള്‍ ഉമ്മാ കട്ടിലില്‍ കിടന്ന് കരയുകയാണ്.ഉമ്മയുടെ മനസില്‍ അപ്പോള്‍ വഹിക്കാന്‍ പറ്റാത്തൊരു വലിയ ശൂന്യതയായിരുന്നു. രണ്ട് ചെറിയ കുട്ടികളേയും കോണ്ട് താനിനി അങ്ങോട്ട് നയിക്കാന്‍ തുടങ്ങുന്ന ഏകാന്തജീവിതത്തിന്റെ വേനല്‍ക്കാലം മുന്നില്‍ തുടങ്ങുന്നു.തന്റെ പ്രിയതമന്റെ തിരിച്ച് വരവ് ഇനി എത്രയോ ഋതുക്കളുടെ അപ്പുറമാണെന്ന അറിവ് അവരുടെ മിഴികളെ നനച്ച് കൊണ്ടേയിരുന്നു.ബാങ്കുകാരെയും മറ്റ് കടക്കാരെയും ഒറ്റക്ക് എങ്ങനെ നേരിടും എന്നോര്‍ത്തപ്പോള്‍ തലക്കുള്ളില്‍ തീക്കാറ്റ് മൂളി.
നാളിതു വരെ ഒറ്റക്ക് വീട് വിട്ട് ഇറങ്ങുക കൂടി ചെയ്യാത്ത ഉമ്മാ അത്തരമൊരു സാഹചര്യത്തില്‍ പകച്ച് പോവുക സ്വാഭാവികം.അന്ന് തനിയെ കഴിയുക ഉമ്മയ്ക്ക് ഓര്‍ക്കാന്‍ കൂടി കഴിയാത്തൊരു കാര്യമായിരുന്നു.അതു കൊണ്ട് കൂട്ടിനായി നാട്ടില്‍ നിന്നും കൌവ്വാമ്മാ എന്നൊരു വേലക്കാരിയെ കൊണ്ട് വന്നു.അതൊരല്പ്പം രസമുളള കഥയാണ്.തലക്ക് ഒരല്പ്പം നോസ്സുണ്ടായിരുന്നു അവര്‍ക്കെന്ന് അറിയാമായിരുന്നില്ല.ക്രമേണ ആ തളള ഒരു ശല്യക്കാരിയായി തീര്‍ന്നു.ഒരു ദിവസം പാതിരാത്രിയില്‍ വലിയ വായില്‍ നിലവിളിച്ച് കൊണ്ട് അവര്‍ ഉമ്മായുടെ കാലില്‍ വന്ന് കെട്ടി പിടിച്ചു.ഈ വീട് മുഴുവനും ജിന്നുകളും പിശാചുക്കളും വിഹരിച്ച് നടക്കുകയാണെന്നും, ഇരുട്ടില്‍ നിന്നും എന്തോ ഒന്ന് തന്റെ നേരെ ചീറിയടുത്തുവെന്നും പറഞ്ഞാണ് കൌവ്വാമ്മ കരഞ്ഞത്.തല ശക്തിയോടെ കുലുക്കി മുടി ചിതറിച്ച് കൊണ്ട് അവര്‍ അലമുറയിട്ടു.'എനിക്കീ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ വയ്യേ..ബദ്‌രീങ്ങളേ കാത്തോളണേ!'ഒറ്റക്കാണെങ്കിലും സാരമില്ല, ഈ ഭ്രാന്തിയെ എങ്ങനേയും പറഞ്ഞു വിട്ടാല്‍ മതി എന്നായി ഉമ്മായ്ക്ക്.
മറ്റൊരു ദിവസം കൌവ്വാമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന ഉമ്മാ മൂക്ക് പൊത്തി.ഓക്കാനം തടുക്കാനായില്ല.മുറിയുടെ നിലത്ത് മലമൂത്ര വിസര്‍ജനം കഴിച്ച് അടുത്ത് മാറിയിരുന്ന് കരയുകയാണ് കൌവ്വാമ്മ.അബദ്ധം പറ്റിയതോ ഹാലിളക്കമോ?കലി കയറി ഉമ്മാ വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചു.ഞാനല്ല,മറ്റേതോ അദൃശ്യശക്തികളുടെ പണിയാണിത് എന്നാണ് കരച്ചിലിനിടയിലൂടെ കൌവ്വാമ്മ പറയുന്നത്. എന്തെങ്കിലും കൈയ്യില്‍ കിട്ടുകയാണെങ്കില്‍ ഈ അസത്തിനെ ഒറ്റ തല്ലിനു കൊന്ന് കളയാമായിരുന്നു എന്ന് ചിന്തിച്ച് പോയ വിധത്തിലാണ് ഉമ്മയ്ക്ക് ദേഷ്യം വന്നത്.'എങ്ങനെയെങ്കിലും ഇവരെ ഓടിച്ച് വിട്ടില്ലെങ്കില്‍ എനിക്കും ഭ്രാന്ത് വരും'.ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.അടുത്ത ദിവസം തനിയെ ആരോടും മിണ്ടാതെ സാധനങ്ങളും കെട്ടി പെറുക്കി കൌവ്വമ്മ സ്വന്തം വഴിക്ക് പോയി.
ഉമ്മയുടെ നാട്ടില്‍ അവര്‍ പറഞ്ഞ് നടന്നു.'യാതൊരു അടവും ഇല്ലാത്ത ആ വീട്ടില്‍ എങ്ങനെയാ മനഃസമാധാനത്തോടെ കഴിയുക?കഴിക്കാനോ പച്ചചോറും മുളക് ചമ്മന്തിയും മാത്രമേ കാണൂ.നമ്മക്ക് അതൊന്നും പറ്റൂല്ല.അതു കൊണ്ട് വിട്ട് പോന്നു.'
വാപ്പായ്ക്ക് ഗള്‍ഫില്‍ ജോലി സ്ഥിരതയാവാന്‍ ഏഴെട്ട് മാസം വേണ്ടി വന്നു.അത് വരെ ദൈനന്തിന ചിലവുകള്‍ ഒപ്പിച്ചെടുക്കുന്നതിന് കൂടി ഉമ്മാ വിഷമിച്ചിരുന്നു.ഭര്‍ത്താവ് ഉണ്ടായിരുന്നപ്പോള്‍ വീട്ട് കാര്യങ്ങളുടെ ഭാരം ഒരിക്കലും അവരുടെ തലയില്‍ തെളിഞ്ഞിരുന്നില്ല.ഇപ്പോഴതിന്റെ ആയാസം അതിന്റെ സര്‍വ്വ തീവ്രതയോടും കൂടി അവരുടെ ഇന്ദ്രിയങ്ങളില്‍ നിറയുന്നു.ഉമ്മയുടെ ചേട്ടത്തിയുടെ മുതിര്‍ന്ന മൂന്ന് ആണ്‍മക്കളുണ്ട്.എന്തെങ്കിലും അത്യാവശ്യത്തിന് അവരെയായിരുന്നു ആശ്രയിച്ചിരുന്നത്.'സ്വന്തം മകനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കുന്നത് ചെറിയുമ്മക്ക് നാണക്കേട് പോലെയാണ്.എന്തിനും നമ്മളെ ബുദ്ധി മുട്ടിച്ചോളും' എന്നുയരുന്ന പല്ലവികള്‍ വിഷമത്തോടെ ഉമ്മാ അറിയുന്നുണ്ടായിരുന്നു.
ഇക്കാക്ക അന്ന് നാലാം ക്ലാസിലാണ് പഠിക്കുന്നത്.റസിയയെ കഥകള്‍ പറഞ്ഞ് കേള്‍പ്പിക്കുക,ബാലമാസികകള്‍ അനുസരിച്ച് ചിത്രകഥകളും കുട്ടിക്കവിതകളും എഴുതി ഉണ്ടാക്കുക തുടങ്ങിയ വിനോദങ്ങളുമായി അവന്‍ വീട്ടിനുള്ളിലെ സ്വയം സൃഷ്‌ടിച്ച സുന്ദരലോകത്തിലിരുന്നു.അവനും റസിയയും ഉമ്മയുടെ മാനസിക സംഘര്‍ഷങ്ങളുടെ മേഖലകളെ കുറിച്ച് അജ്ഞരായിരുന്നു.അതു കൊണ്ട് തന്നെ ഒരോ ആവശ്യങ്ങള്‍ക്കും അവനെ പറഞ്ഞയക്കാന്‍ ഉമ്മയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.ശബ്‌ദമുയര്‍ത്തി പേടിപ്പിച്ചാല്‍ മാത്രം ചിണുക്കത്തോടെ അവന്‍ ഇറങ്ങി പോവും.അവന്റെ കൊച്ച് കരങ്ങളും വീശിയുള്ള വാപ്പയുടേത് പോലെയുള്ള നടപ്പ് കാണുമ്പോള്‍ ഉമ്മയ്ക്ക് സങ്കടം വരും.അവനാകട്ടെ തന്റെ അന്തര്‍ലോകത്തിന്റെ മറക്ക് പുറത്തുള്ള വൈവിദ്ധ്യപൂര്‍ണമായ ഇടപെടലുകളെ കുറിച്ചെല്ലാം ആശങ്കാകുലനായിരുന്നു.ചെയ്യാന്‍ പോവുന്ന കാര്യങ്ങളെ കുറിച്ചുള്ള ചിന്ത അവന്റെ തലയെ കാര്‍ന്ന് തിന്നും.ഉദാഹരണത്തിന്‍ ലോണിന്റെ കാര്യത്തിന് ഏതെങ്കിലും ബാങ്കില്‍ പോവണമെങ്കില്‍ ,അവിടെ ചെന്ന് എന്ത് പറയും? ,ആരെ കാണും ?തുടങ്ങിയ നൂറായിരം പരിഭ്രമങ്ങളോടെ , മനസില്‍ നിറയെ തയാറെടുപ്പുകള്‍ നടത്തിയാവും അവന്‍ ചെല്ലുക.നടത്തിയ തയാറെടുപ്പുകളെല്ലാം അവിടെ എത്തുമ്പോഴേക്കും ഒലിച്ച് പോയിരിക്കും.പിന്നെ ഉള്ളിലൂടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നടക്കുന്നു.ചുറ്റുമുള്ളവരെല്ലാം തന്റെ പരിഭ്രമങ്ങള്‍ കണ്ട് മനസിലാക്കുന്നു എന്ന ബോധത്തോടെ ,ചൂളിയ മനസുമായി അങ്ങനെ നടക്കുമ്പോള്‍ അവന്റെ കൈ വെള്ള വരെ വിയര്‍ത്ത് നനയുന്നു.ഒടുവില്‍ ആര്‍ജിച്ചെടുത്ത സ്വല്പം ധൈര്യം കൈമുതലാക്കി കൊണ്ട് ഏതെങ്കിലും കൌണ്ടറിന്റെ അടുത്തേക്ക് നനഞ്ഞ കൈപ്പിടിയിലെ കടലാസും നീട്ടി കൊണ്ട് ചെല്ലുമ്പോള്‍ അവിടെ ഇരിക്കുന്നവന്‍ നിഷേധത്തോടെ തല തിരിക്കുന്നു.'ഇവിടെയല്ല..'അതോടെ ചോദിക്കാന്‍ തുനിഞ്ഞതെല്ലാം തൊണ്ടയില്‍ കുരുങ്ങി പോവുന്നു.അവന്റെ ഉള്ളില്‍ ഒളിക്കാന്‍ ഇടം തേടി തല വെട്ടിച്ച് കൊണ്ട് പരക്കം പായുന്ന ഒരു പെരുച്ചായി ജനിക്കുന്നു.എല്ലാ നോട്ടങ്ങളില്‍ നിന്നും കുതറിയോടാന്‍ വിഭ്രാന്തിയോടെ അത് പരിശ്രമിക്കുന്നു.എഴുന്ന് നില്ക്കുന്ന രോമങ്ങളുമായി നികൃഷ്‌ടതയോടെ അതിന്റെ കുതിപ്പ്.അന്തര്‍ലോകത്തെ കലുഷമാക്കി കളയുന്ന ആ ചലനങ്ങളെ അവന് തടുക്കാനാവില്ല.
മീനും പച്ചക്കറിയും മറ്റും അവനെ കൊണ്ട് വാങ്ങിപ്പിക്കാന്‍ ഉമ്മയ്ക്ക് ഭയമായിരുന്നു.എപ്പോഴും കച്ചവടക്കാര്‍ അവനെ പറ്റിച്ച് കളയും.കേടായ മീനും പുഴു പിടിച്ച പച്ചക്കറികളും കൊണ്ട് അവന്‍ വരും.അത് കാണുമ്പോള്‍ ഉമ്മയുടെ ക്ഷമ നശിക്കും .നീ ആണൊരുത്തനായിട്ട് ഇങ്ങനെ കഴിവില്ലാതായാലെങ്ങനെ എന്ന് വിലപിച്ച് കൊണ്ട് കണക്കിന് ചീത്ത വിളിക്കും.ഒന്നിനും കൊള്ളാത്ത ചീഞ്ഞ മത്സ്യം കാണുമ്പോള്‍ വീണ്ടും കലിയടങ്ങാതെ അവനെ തല്ലാന്‍ ചെല്ലും.പിടി കൊടുക്കാതെ അവന്‍ വീടിനു പുറത്തേക്ക് ഓടുമ്പോള്‍ ഉമ്മാ വാതിലടച്ച് കുറ്റിയിടുന്നു.എന്നിട്ട് തന്റെ ദുര്യോഗങ്ങളെയെല്ലാം പഴിച്ച് ഒച്ചയിടും.ജീവിതത്തില്‍ അനുഭവവേദ്യമായി കൊണ്ടിരിക്കുന്ന മുഴുവന്‍ സംഘര്‍ഷങ്ങളും ഏകാന്തതയും കലപില കൂട്ടി സ്വൈര്യം നശിപ്പിച്ച് കൊണ്ട് ആ തലയില്‍ അപ്പോള്‍ അടയിരിപ്പുണ്ടാവും.കലങ്ങിയ കണ്ണുകളോടെ ദയനീയമായി മുറ്റത്ത് കൂടി പരുങ്ങി നടക്കുന്ന മകനെ കാണുമ്പോള്‍ ഉമ്മയുടെ വിഷമം ഇരട്ടിക്കും.കുഞ്ഞു റസിയ പരിഭ്രമത്തോടെ ഏതെങ്കിലും മൂലയില്‍ നില്പ്പുണ്ടാവും.കാരണമില്ലാത്ത ആ വിഷാദം അവരെ മുഴുവന്‍ ബാധിക്കുകയായി.
ഒറ്റപ്പെട്ട ഒരു തുരുത്തിലെ ഏകാന്തവാസം പോലെയായിരുന്നു അന്ന് ഉമ്മായുടെ ജീവിതം.കാലം ദിവസങ്ങളായി മാസങ്ങളായി ഭേദമന്യേ അവിടെ മാഞ്ഞ് പോവുന്നു.രാവിലെ എഴുന്നേറ്റ് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞ് വിട്ട് കഴിഞ്ഞാല്‍ മൂകത മൂടിയ പുതിയൊരു ദിവസം ആരംഭിക്കുകയായി. പിന്നെ വീട്ടിനുള്ളിലെ നിശ്ചലതയില്‍ എല്ലാം തളം കെട്ടി.ഉമ്മായും ,ഉമ്മായുടെ ചിന്തകളും ,ഭയങ്ങളും എല്ലാമവിടെ മരവിച്ച് കിടന്നു.വീട്ടിനുള്ളിലെ സ്വല്പം പണികള്‍ ,തുണിയലക്ക് ,വല്ലപ്പോഴും പുല്ലരിയാന്‍ വരുന്ന കൊല്ലന്റെ ഭാര്യയുമായി രണ്ട് വാക്ക് സംസാരം.അതൊക്കെ മാത്രമായിരുന്നു ആ ഗംഭീര നിശ്ചലതയെ പോറലേല്പ്പിക്കുന്ന ചില ചെറിയ ചലനങ്ങള്‍.ഭര്‍ത്താവിന്റെ കത്തോ ഫോണോ വരാന്‍ താമസിക്കുന്നതെന്ത്?അടുത്ത മാസത്തെ പൈസ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പിച്ച് കൃത്യമായി ചിലവൊഴിക്കുന്നത് എങ്ങനെ? ഇങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ച് കൊണ്ട് ഉച്ച കഴിയുമ്പോള്‍ കുറേ നേരം കിടക്കും.വൈകുന്നേരം ചെടികള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരിക്കുമ്പോള്‍ മക്കള്‍ സ്കൂളില്‍ നിന്നും മടങ്ങിയെത്തും.അതോടെ വീണ്ടും ഒരല്പം ഒച്ചയും ബഹളവും ആ ലോകത്ത് നിറയുന്നു.ഏറ്റവുമൊടുവില്‍ നിശ്ചലമായ ഒരു രാവ് കൂടി വന്ന് ചേരുന്നു.വീണ്ടും വീണ്ടും ഇങ്ങനെ ശൂന്യമായ ദിനങ്ങളുടെ ആവര്‍ത്തനം.
ഉമ്മയ്ക്ക് അന്ന് ഒന്നിനും താത്പര്യം ഉണ്ടായിരുന്നില്ല.രുചികരമായ ഒരു ആഹാരസാധനം ഉണ്ടാക്കാന്‍ കൂടി.ജീവിതത്തോടുള്ള തീവ്രമായ ആ വിരക്തിയില്‍ നിന്നും ഇപ്പോഴാണ് അവര്‍ പൂര്‍ണമായി മോചിതയായത്.ജീവിതത്തിന്റെ സകല സൌഭാഗ്യങ്ങളും ഇതാ തന്നെ തേടി മടങ്ങി വന്നിരിക്കുന്നു.ഇനിയൊരു ആഗ്രഹമേ ഉമ്മയ്ക്ക് ബാക്കിയുള്ളൂ.ബാംഗ്ലൂരില്‍ എന്‍ജിനിയറിങിന് പഠിക്കുന്ന മകന്‍ നല്ലൊരു നിലയിലായി കാണണം.അവന്റെ വാപ്പയ്ക്ക് ഇനിയല്പം വിശ്രമം കിട്ടണം.
പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ കാഠിന്യം വാപ്പായെ തളര്‍ത്തി കളഞ്ഞിരുന്നു.പ്രമേഹത്തിന്റെ ചൂര് ഞരമ്പുകളിലൂടെ ഊര്‍ജസ്വലതയെ കവര്‍ന്ന് കൊണ്ട് പടര്‍ന്നു.ഈയിടെ പ്രഭാതങ്ങളില്‍ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ കൈയുടെ തള്ളവിരലുകള്‍ നിവര്‍ത്താനാവത്ത വണ്ണം മരവിച്ചിരിക്കുന്നത് വാപ്പ അറിയുന്നു.നിവര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കരബലം അപ്പാടെ ചോര്‍ന്ന് പോവുന്ന പോലെയൊരു പ്രതീതി.പേശികള്‍ തളര്‍ച്ചയോടെ ഞരങ്ങുന്നു.ഏറെ നേരം തിരുമി കഴിയുമ്പോഴാണ് വിരലുകള്‍ വീണ്ടും അനക്കാന്‍ പറ്റുന്ന പരുവത്തിലെത്തുക.ഈ നിമിഷങ്ങളില്‍ രോഗപീഢകള്‍ നിറഞ്ഞ ഒരു ഭാവിയെ കുറിച്ചുള്ള ഇരുണ്ട ചിന്താശകലങ്ങള്‍ മനസില്‍ പൊന്തും.പറയാനോ കാണാനോ പറ്റുന്ന വിധമല്ല.നിരന്തരമായ അലട്ടലോ,ഭീതികരമായ പ്രവചനമോ പോലെ എന്തോ ഒന്ന്.തന്റെ ശരീരത്തിന്റെ ക്ഷീണാവസ്ഥ വാപ്പ തിരിച്ചറിയുന്നു.വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഓരൊ സന്ധികളിലും വേദനയും കടുകടുപ്പും നിറയുന്നത് പതിവായി.പഴയ ആരോഗ്യവും ഉന്മേഷവുമെല്ലാം കൊഴിഞ്ഞ് പോയി.
സിമന്റും , പൊടിയും ,യന്ത്രങ്ങളുടെ മുരള്‍ച്ചയും ,ശബ്‌ദകോലാഹലങ്ങളും നിറഞ്ഞ എത്രയെത്ര കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലാണ് തന്റെ വിയര്‍പ്പ് മുഴുവന്‍ വീണ് കിടക്കുന്നത്.കറുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കം കണ്ട് പാഞ്ഞെത്തിയ എത്രയധികം മനുഷ്യരെ അവിടെ കണ്ടു മുട്ടി.ആര്‍ക്കോ വേണ്ടി അംബരചുംബികളായ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോഴും അവരെല്ലാം സ്വപ്നം കണ്ടിരുന്നത് നാട്ടിലെ ഒരു കൊച്ചു കൂരയും ,അവിടെ അവരെ ആശ്രയിച്ച് കഴിയുന്ന കുറെ ജീവിതങ്ങളുടെ സന്തോഷവുമായിരുന്നു.കാതടപ്പിക്കുന്ന ആരവങ്ങളുടെ മനം മടുപ്പിക്കുന്ന ഘോഷയാത്രയോടെ ഉയരുന്ന ഓരോ കെട്ടിടങ്ങളുടേയും അസ്തിവാരത്തിനരികെ നില്ക്കുമ്പോള്‍ വാപ്പയും അങ്ങനെയായിരുന്നു.നഷ്‌ടപ്പെട്ട് പോവുന്ന ആയുസിന്റെ കണക്ക് കൂട്ടിയെടുക്കാനാവതെയുള്ള കുഴങ്ങളിലായിരുന്നു.ഏറ്റുമാനൂരിലെ കൊച്ചു വീട്ടിനുളളിലായിരുന്നു മനസ്.തനിക്ക് വേണ്ടി നിതാന്തമായി കാത്തിരിക്കുന്ന പ്രിയപ്പെട്ടവളെ ഓര്‍ക്കും.കളി ചിരികളോടെ പാറി നടക്കുന്ന കൊച്ചു മക്കളെ ഓര്‍ക്കും.എല്ലാം ഓര്‍മ്മകള്‍ മാത്രം!ഇവിടെയുളളത് പണിയെടുക്കുന്ന ഈ ആളുകളും അവരുടെ മീതെ തിളക്കുന്ന വെയിലും.പിന്നെ ഭൂമിക്ക് മേല്‍ വലിയ വലിയ ആണികള്‍ അടിച്ച് കയറ്റുന്നതിന്റെ ചെവി തുളക്കുന്ന ശബ്‌ദവും.അത് തലക്കുളളില്‍ നിലയ്ക്കാതെ മൂളുന്നു
അങ്ങനെ ജീവിതം കടന്ന് പോകവേ,കാലബോധം തന്നെ നഷ്‌ടപ്പെടുന്നു.വീട്ടിലെ ഏതെങ്കിലും പ്രത്യേകതയുള്ള വിശേഷങ്ങള്‍ അറിയുമ്പോഴാവും കടന്ന് പോവുന്ന സമയത്തെ കുറിച്ച് ഓര്‍മ്മ വരിക.മകന്‍ ഡിസ്‌റ്റിങ്ങ്ഷനോടെ പത്താം തരം പാസ്സായ സന്തോഷവാര്‍ത്ത കേട്ട വേളയിലാണ് വാപ്പ ഇത് തിരിച്ചറിഞ്ഞത്.ഞൊടിയിടയില്‍ എത്ര കാലമാണ് കടന്ന് പോയത്.താന്‍ പിന്നില്‍ വിട്ടേച്ച് പോന്ന കൊച്ചു മകന്‍ ഇപ്പോഴിതാ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നു.തന്റെ കണ്‍വെട്ടത്തില്‍ നിന്നും എത്രയോ അകലെ, അവന്റെ ലോകം വികസിക്കുന്നു.അതിലൊരു പങ്കുമില്ലാതെ,അവന്റെ വളര്‍ച്ചയുടെ ഗതി മനസിലാക്കാനാവാതെ,അനുഭവപരിചയത്തിന്റെ അവശ്യമായ ഉപദേശങ്ങള്‍ കൊണ്ടവനെ അലങ്കരിക്കാനാവാതെ, ഒന്നുമറിയാതെ ഒരു അപരിചിതനെ പോലെ താനിവിടെ.വാപ്പയ്ക്ക് അതില്‍ ഏറെ ആകുലതയുണ്ടായിരുന്നു.തന്റെ ആദ്യത്തെ പൊന്നോമന പുത്രനാണവന്‍.ചെറുപ്പത്തില്‍ കൊഞ്ചലോടെ വാപ്പ എന്നുരുവിട്ട് മാറാതെ കൂടെ നടന്നവന്‍.ഈ മരുഭൂമിയിലേക്ക് ആദ്യമായി ഇറങ്ങി തിരിച്ച ദിവസത്തെ വേര്‍പാടിന്റെ നിമിഷങ്ങള്‍ വാപ്പ ഓര്‍ക്കുന്നു.ഭാര്യ വീടിന്റെ വാതില്ക്കല്‍ വേദന ഒതുക്കാനാവാതെ തല താഴ്ത്തി നിന്നു.വാടിയ മുഖത്തോടെ ഉമ്മയുടെ പിന്നില്‍ റസിയ.തിരിഞ്ഞു നോക്കാനാവാതെ ഇറങ്ങി നടന്ന തന്റെ പാന്റില്‍ പിടിച്ച് വലിച്ച് കൊണ്ട് അവന്‍ കരഞ്ഞു.'വേണ്ട,വാപ്പ പോണ്ട..ഉം..ഉം..' മുറുക്കി പിടിച്ചിരുന്ന ആ കരങ്ങളെ പറിച്ച് കളഞ്ഞിട്ട് പിന്നോക്കം തിരിയാതെ വാപ്പ നടപ്പിന് വേഗം കൂട്ടി.നെഞ്ചില്‍ നിന്നും എന്തോ പറിച്ചെറിയുന്ന പോലെയായിരുന്നു അത്.നെഞ്ചിന്റെയാ നീറ്റല്‍ പിന്നീടുളള പ്രവാസ ജീവിതത്തില്‍ മുഴുക്കെ വിട്ടുമാറാതെ നിന്നു.ഇതിനിടക്ക് നാലോ അഞ്ചോ വട്ടമാണ് വീട്ടില്‍ പോയിരിക്കുന്നത്.അപ്പോഴെല്ലാം മക്കളുടെ കണ്ണുകളില്‍ പ്രതിഫലിച്ച അതിഥിഭാവം വിട്ട് മാറും മുമ്പേ മടക്കം.ആ ലോകം തന്നില്‍ നിന്നും അന്യമായി തീരുന്നു എന്ന് തോന്നി.എവിടെയാണ് തന്റെ ലോകം.ഈ ചെവി തുളയ്ക്കുന്ന ശബ്‌ദ കോലാഹലങ്ങളുടെ മധ്യേയോ?നിരാശയോടെ ചിന്തിച്ചിരുന്നു.
ഇന്നിപ്പോള്‍ ശരീരത്തിന്റെ ക്ഷീണാവസ്ഥയിലും തലയ്ക്കുള്ളിലെ മൂളലുകള്‍ വാപ്പായെ നിരാശപ്പെടുത്തുന്നില്ല.നെഞ്ചിലെ നീറ്റലുകള്‍ മാഞ്ഞിരിക്കുന്നു.ഭാര്യയും മകളും വന്നത് മുതല്‍ ജീവിതം ആഗ്രഹിച്ച മാതിരിയുളള ഒരു പാളത്തില്‍ യാത്ര തുടങ്ങിയിരിക്കുന്നു.ഒരു പാട് കാലത്തെ ഒറ്റപ്പെട്ട അലച്ചിലിന് ശേഷം സ്വകാര്യ സാമ്രാജ്യം തിരികെ പിടിക്കാനായതിന്റെ ഉത്സാഹത്തിലായിരുന്നു വാപ്പ.'ഇത് വരെ സമ്പാദിച്ചതില്‍ എന്തെങ്കിലും ബാക്കിയുണ്ടോ?എല്ലാം കറ്റം വീട്ടുന്നതിനും മറ്റു പല വഴികളിലുമായി ചിലവായി തീര്‍ന്നില്ലേ?ഇനിയെന്തെങ്കിലും സമ്പാദിക്കാന്‍ നോക്ക്.കുടുംബത്തെ കൊണ്ട് പോയാല്‍ ഭയങ്കര ചിലവാണ്.ഒന്നും ബാക്കി കാണില്ല.'പലരുടേയും ഉപദേശം ഇങ്ങനെയായിരുന്നു.ആയുസ്സിന്റെ സന്തുഷ്‌ടമായ കാലം നഷ്‌ടപ്പെടുത്തി കൊണ്ട് ഒന്നും ബാക്കിയാക്കിയിട്ട് കാര്യമില്ല എന്ന് വാപ്പയ്ക്ക് നല്ല വണ്ണം അറിയാമായിരുന്നു.ഇനി ഈ വര്‍ഷം കൂടി കഴിഞ്ഞാല്‍ മകന്‍ എഞിനിയറിങ്ങ് പൂര്‍ത്തിയാക്കും.അവനേയും കൂടി ഇവിടെ കൊണ്ട് വന്ന് ഒരു ജോലിക്ക് കയറ്റി കഴിഞ്ഞാല്‍ ശേഷം സ്വസ്ഥമാവാം.
എന്നാണ് അവന്റെ പരീക്ഷ?
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ വാപ്പ,ആഹാരത്തിന് ശേഷം കട്ടിലില്‍ ചാരിയിരുന്ന് ഉമ്മയോട് സംസാരിക്കുകയാണ്.പകല്‍ മുഴുവന്‍ സൈറ്റിലൂടെ ഓടി നടന്നത് മൂലം കാലിന് മരവിപ്പും ,വേദനയും ഉണ്ട്.ഇടയ്ക്കിടെ കാല് മടക്കി ഉപ്പൂറ്റി തിരുമി കൊണ്ട്,ചുളുചുളുപ്പിന്റെ വേദനിപ്പിക്കുന്ന രസത്തില്‍ ലയിച്ചാണ് വാപ്പ ഇരിക്കുന്നത്.അടുത്ത മുറിയില്‍ ഹോംവര്‍ക്ക് ചെയ്തു കൊണ്ടിരുന്ന റസിയക്ക് അവരുടെ ശബ്‌ദം നേരിയതായി കേള്‍ക്കാമായിരുന്നു.
'അടുത്ത മാസത്തിലാണ്.അതും കൂടി കഴിഞ്ഞാല്‍ പിന്നെ ഒരു സെമ്മ് കൂടിയേ ഉള്ളൂ.ആറേഴ് മാസമായില്ലേ പാവം ഒറ്റയ്ക്ക്!ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ മാസത്തിലൊരിക്കല്‍ അവന്‍ വീട്ടില്‍ വരുന്നതായിരുന്നു.വരുമ്പം മുടിയും താടിയുമൊക്കെ നീണ്ട് രൂപം കാണണം.മുഷിഞ്ഞ തുണികള്‍ ഒരു ബാഗ് നിറയെ കാണും.ഒക്കെ അലക്കി കൊടുത്ത് വീട്ടില്‍ നിന്നും നല്ല കോലത്തില്‍ ഞാന്‍ പറഞ്ഞ് വിടും.ഇപ്പം എന്താണാവോ അവസ്ഥ?'
'ആണ്‍ കുട്ടികള്‍ അങ്ങനെ ഒറ്റക്കെല്ലാം താമസിച്ച് പഠിക്കണം.എന്നാലെ ജീവിതത്തെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ കൈവരൂ.'
'ഏതായാലും പഠിത്തം കഴിഞ്ഞാല്‍ എത്രയും വേഗം അവനെ ഇങ്ങോട്ട് കൊണ്ട് വരണം.'
'ആ.. നിനക്ക് നിന്റെ മകനെ കുറിച്ച് മാത്രമാണല്ലോ ടെന്‍ഷന്‍. ഞാനൊരു പാവം എത്രയോ കാലം ഇവിടെ ഒറ്റക്ക് കിടന്നു.അന്നു പോലും നിനക്ക് ഇത്ര അങ്കലാപ്പ് ഉണ്ടായിരുന്നില്ലല്ലോ?'
'ഓ..പിന്നെ'
'ഹ..ഹ.'
'അത് കൊണ്ടല്ലേ ഞാനിങ്ങോട്ട് പോന്നത്?'
ഉം..
റസിയ എവിടെ?
അപ്പുറത്തിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്നു.
ഉം.
റസിയയുടെ മനസ് അപ്പോഴാ ശബ്‌ദവീചികളുടെ ലോകത്ത് നിന്നും ദൂരെ പോയിരുന്നു.അവളുടെ മനസിലൂടെ ഒരു പാട് കാര്യങ്ങള്‍ കയറി ഇറങ്ങി..ഒരു അടുക്കും ചിട്ടയും ഇല്ലാതെ നിരവധി ചിന്തകള്‍.ഇവിടുത്തെ തന്റെ കൂട്ടുകാര്‍ക്കിടയിലുള്ള ആണ്‍ പെണ്‍ സൌഹൃതങ്ങളിലെ പുത്തന്‍ കൌതുകങ്ങളും സ്വാതന്ത്ര്യവും ഓര്‍ത്തു.നാട്ടിലെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞ കോണ്‍വന്റ് സ്കൂളില്‍ സഹപാഠികളെല്ലാം എന്തൊരു മര്യാദക്കാരായിരുന്നു.അവര്‍ നാണത്തോടെ തലകുനിച്ച് നടന്നു.ഒതുക്കത്തോടെ സംസാരിച്ചു.അത്തരം മൂല്യബോധം ഒന്നും ഇവിടെയില്ല.'നഗരം എന്റെ ചിന്തകളില്‍ നിന്നും രീതികളില്‍ നിന്നും വ്യത്യസ്ഥപ്പെട്ടിരിക്കുന്നു.അതിലേതാണ് ശരി ഏതാണ് തെറ്റ് എന്ന് പറയാന്‍ എനിക്കറിയില്ല.എന്നാല്‍ ആ പൊരുത്തക്കേട് ഞാന്‍ ആഴത്തില്‍ അനുഭവിക്കുന്നുണ്ട്.'ഇക്കാക്കയുടെ ഡയറിയില്‍ നിന്നും വായിച്ചത് അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇക്കാക്ക അന്നത് തട്ടിപ്പറിച്ചു.'വേറൊരാളുടെ ഡയറി ഒരിക്കലും അനുവാദമില്ലാതെ വായിക്കരുത്' എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.റസിയ പിണക്കത്തോടെ മുഖം വീര്‍പ്പിച്ചു.'പണ്ട് ഇക്കാക്ക ചിത്രകഥ ഉണ്ടാക്കുമ്പോഴും എഴുതുമ്പോഴുമെല്ലാം എന്നെ കാണിക്കുമായിരുന്നു.ഇപ്പോ ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ ഭയങ്കര ജാഡയാ,അല്ലേ?'
ഇങ്ങനെ ഒരു പാട് ആലോചനകളും ഓര്‍മ്മകളും മേഞ്ഞ് നടക്കുന്ന മനസ്സോടെ റസിയ ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.പുസ്തകങ്ങള്‍ അടച്ച് മേശപ്പുറത്ത് അടുക്കി വച്ചു.വാപ്പായും ഉമ്മായും ഉറങ്ങി കഴിഞ്ഞിരുന്നു.സമയം നോക്കി.പതിനൊന്നേ മുക്കാല്‍.രാത്രിയുടെ നിശബ്‌ദതയാണ് അവള്‍ക്ക് ചുറ്റും.ഇനിയെന്തെങ്കിലും ചെയ്ത് തീര്‍ക്കാനുണ്ടോ എന്നവള്‍ ഒരു വട്ടം ആലോചിച്ചു. ലൈറ്റ് അണച്ച് കിടക്കാന്‍ തയാറെടുത്തു.അപ്പോഴതാ ആ നിശബ്‌ദതയുടെ മീതെ ദൂരെ നിന്നും ഏതോ സ്ത്രീയുടെ ദയനീയമായ കരച്ചില്‍...
അവള്‍ അമ്പരന്നു.തനിക്ക് തോന്നിയതാണോ?വീണ്ടും കാതോര്‍ത്ത് നോക്കി.ഒരു നിമിഷം കൊടിയ നിശബ്‌ദത.അതേ ദയനീയ ശബ്‌ദം വീണ്ടും അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തി.ഏതോ സ്ത്രീയുടെ സഹായം തേടിയുള്ള ദീനമായ വിലാപമാണ്.കര്‍ട്ടണ്‍ മാറ്റി അവള്‍ ജനലിനിടയിലൂടെ പുറത്തേക്ക് നോക്കി.ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ.ആരോ അപ്പുറത്തെ ഫ്ലാറ്റിന്റെ മറവില്‍ നിന്നും ഇരുളിലേക്ക് ഓടുന്നത് കണ്ടു.എന്താണ് സംഭവിച്ചത്?
'ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല!'
To Be continued....
ശിഥിലവീചികള്‍ -3
Author: ezhuthukaran / Labels: Novel
Subscribe to:
Post Comments (Atom)
0 comments:
Post a Comment