വഴിയരികില്‍.(കഥ)

Author: ezhuthukaran /

ദിവസവും അയാള്‍ വഴിയരികില്‍ കാത്ത് നിന്നു....

അവള്‍ വരും..വെയിലാറിയ വൈകുന്നേരങ്ങളില്‍ പതിവായി അന്തരീക്ഷത്തെയാകെ ഉന്മാദത്തിലാഴ്ത്തിയും ഭൂമിയെ സുന്ദരമായ കാലടികളില്‍ പുളകിതയാക്കിയും വരും.ബാക്കിയായ നനുത്ത പ്രകാശമൊക്കെ കൊണ്ട് സൂര്യന്‍ അവളെ താലോലിക്കാന്‍ കൊതിക്കുന്നു..അവളുടെ ഉടയാടകള്‍ക്കിടയിലൂടെ ഒന്നൂളിയിടാന്‍ കാറ്റ് നിശബ്‌ദം മോഹിക്കുന്നു.

വഴിയരികിലെ പൊളിഞ്ഞു വീഴാറായ കല്ലു തിട്ടയിലേക്ക് പടര്‍ന്ന് കയറിയിരുന്ന വള്ളിപ്പടര്‍പ്പുകള്‍ പോലും എത്ര സുന്ദരമായിട്ടാണ്‌ പൂവിട്ട് നില്ക്കുന്നത് എന്നയാള്‍ കണ്ട് തുടങ്ങിയത് ആ കാത്തുനില്പ്പിലാണ്‌! ഏതൊരു സാന്നിധ്യത്തിന്റെ സൌഭാഗ്യത്തിലാണ്‌ അവര്‍ ഹൃദയം തുറക്കുന്നത്?

ഇന്നെന്നെ പോലെ നെഞ്ചിന്റെ തുടിപ്പുകള്‍ക്ക് അനുഭൂതിദായകമായ ആകാംഷയില്‍ പുളയാനാവുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് അവയും ആ വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നോ?എത്രയോ നേരം പാത ശൂന്യമായി കിടക്കുന്നു.വല്ലപ്പോഴും ചില ഏങ്കോണിച്ച രൂപങ്ങള്‍ മാത്രം.എന്നെ പോലെ എല്ലാം നഷ്‌ടപ്പെട്ടവന്‌,നിരാശയില്‍ മുങ്ങിയവന്‌ അല്പം പ്രതീക്ഷയുടെ നൈമിഷികമായ സൌഭാഗ്യത്തിന്‌ കാത്തിരിക്കാനാവുമെന്നത് തന്നെ എത്രയോ വലുതാണ്‌..!അയാള്‍ ചിന്തിച്ചു.

പെട്ടെന്നാണ്‌ പാതയില്‍ പ്രകാശം നിറയുക.അസ്തമയ സൂര്യന്റെ ശോഭ മരച്ചില്ലകള്‍ക്കിടയിലൂടെ പൂക്കള്‍ കൊഴിയുന്നത് പോലെയാണ്‌ വീഴുക.ദൃശ്യപരിധിക്കപ്പുറത്ത് നിന്നും പൊടുന്നനെയാണ്‌ അവള്‍ പ്രത്യക്ഷപ്പെടുക.അലൌകികമായ ഭാവങ്ങള്‍ പെട്ടെന്നാണ്‌ ഇമവെട്ടി തുടങ്ങുക.ചലനങ്ങളുടെ സൌകുമാര്യം വെളിവാകുന്ന വിധം അരികിലൂടെ കടന്ന് പോവുമ്പോഴാണ്‌ അവള്‍ കണ്ടറിയാനാവാത്ത വിധം വിസ്മയമാവുക.....

ഒരു ഭക്തന്റെ പാരവശ്യത്തോടെ എന്നുമയാള്‍ വഴിയരികില്‍ ഉണ്ടായിരുന്നു.

ആ സാഫല്യത്തിലാണ്‌ ദിനങ്ങള്‍ കടന്ന് പോയത്.എത്രയോ കാലമായി നേരിടുന്ന നിഗൂഢമായ നോട്ടങ്ങളുടെ ശങ്കിപ്പിക്കുന്ന കെണിയില്‍ നിന്നുള്ള മോചനം.അശാന്തിയില്‍ മേവുന്ന കലുശമായ സഞ്ചാരപഥങ്ങള്‍ക്കപുറം ഒരു ലക്ഷ്യം.അവള്‍.

‘പാവം,വല്ലാത്ത കഷ്‌ടപ്പാട് തന്നെയാണേ,ആകയുള്ള ആണ്‍തരി ഇതാ ഇങ്ങനെ!’.ആളുകള്‍ അയാളുടെ അമ്മയോട് പറയാറുള്ളത് പരിഹാസത്തിന്റെ സ്വരത്തിലോ അനുകമ്പയുടെ തികട്ടലിലോ? എന്തായാലും മുമ്പത്തെ പോലെ മറുപടിയായി തിളയ്ക്കുന്ന തലയും കൊണ്ട് അങ്ങുമിങ്ങും കുന്തിച്ച് നടക്കാന്‍ അയാളെ കിട്ടില്ല.തലയ്ക്കുള്ളില്‍ മുത്തുമണികള്‍ പോലെ ചിതറി നിറയുന്ന വെള്ളത്തുള്ളികളുടെ ഭാരം ഇന്നയാള്‍ അറിയുന്നില്ല..

എത്ര കാലം മുമ്പായിരുന്നു?ഒരു സന്ധ്യസമയത്ത് തോട്ടുവക്കത്ത് നില്ക്കുമ്പോള്‍ ഇടിത്തീ പോലെയായിരുന്നു. പിന്നെ ഓട്ടം.അപ്പോഴും തലയ്ക്കുള്ളില്‍ വെള്ളത്തുള്ളികളുടെ നിലയ്ക്കാത്ത പ്രവാഹം.അവയുടെ മുത്തുമണികള്‍ പോലെയുള്ള ചിതറലുകള്‍ക്കിടയിലൂടെ വിവിധ വര്‍ണങ്ങളുടെ ചീന്തുകള്‍.കണ്ണടച്ചാലും തുറന്നാലും മായാത്ത കാഴ്ച..


അസ്വസ്ഥത കൊണ്ടായിരുന്നില്ല ഓടിയത്.ഓട്ടം കൊണ്ട് ഒന്നും മാറിയതുമില്ല.പലപ്പോഴും അത് ആവര്‍ത്തിച്ചു വന്നു.ചിലപ്പോള്‍ ആ വര്‍ണ്ണച്ചീന്തുകള്‍ക്ക് എന്തൊരു മൂര്‍ച്ച.പക്ഷെ കഷ്‌ടപ്പെട്ടത് ആളുകള്‍ പിടിച്ച് വയ്ക്കുമ്പോഴും ദുര്‍ബലനാക്കി വലിച്ചിഴക്കുമ്പോഴും ഒക്കെയാണ്‌.'അമ്മേ,ഇവരോട് എന്നെ വിടാന്‍ പറ..വിടാന്‍ പറ.'തൊണ്ടയില്‍ മൃതിയടഞ്ഞ് പോയ അലമുറകള്‍!

‘ഇവനെ ഇങ്ങനെ വീട്ടില്‍ നിര്‍ത്തിയാല്‍ ആ പെങ്ങളുകൊച്ചിനു നല്ല ഒരു ചെറുക്കനെ പോലും കിട്ടില്ല’.ആള്‍ക്കൂട്ടത്തിനു ഒരേ അഭിപ്രായമായിരുന്നു!കണ്ണീര്‍ വാര്‍ത്തു നിന്ന പെങ്ങളുടേയും അമ്മയുടേയും മുന്നിലൂടെ തല താഴ്ത്തിയാണ്‌ പോയത്.ജലകണങ്ങള്‍ വീണ്‌ മറഞ്ഞ് പോയ അസംഖ്യം മുഖങ്ങളുടെ ലോകത്ത് കഴിച്ചു കൂട്ടിയത് എത്ര നാള്‍?മടങ്ങി വരുമ്പോള്‍ പക്ഷെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട് ഇരുണ്ട് മങ്ങി അവ്യക്തമായിരുന്നു.അമ്മ പലതും പറയുകയും നിര്‍ത്താതെ കരയുകയും ചിരിക്കുകയും ചെയ്തു.ഒന്നും അയാള്‍ക്ക് മനസിലായില്ല.വീടിന്റെ അകത്തളങ്ങളിലെ ഇരുളിലേക്ക് നൂണ്ട് കയറി പതുങ്ങിയിരിക്കുകയായിരുന്നു.

ആ ഇരുട്ടില്‍ നിന്നുമാണ്‌ കണ്ണുകള്‍ തുറന്നത്.അവളാണ്‌ ആ കാഴ്ചയുടെ സാരം.തിരിച്ചറിഞ്ഞ ലോകത്തിന്റെ ഇന്നത്തെ ലക്ഷ്യം.

ഭൌതികമായ ഏതൊരു ലക്ഷ്യത്തിനും പക്ഷെ എത്ര ആയുസ്സാണ്‌ ഉള്ളത്?

സകലരും പറയാറുള്ള തത്ത്വങ്ങളില്‍ അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവാണോ എന്നും ആളുകളുടെ അരിശത്തിനു കാരണം?അവള്‍ തന്റെ നവവരനോടൊപ്പം അലങ്കരിച്ച കാറില്‍ പോവുന്നത് കാണാന്‍ വഴിയരികില്‍ നിന്ന അയാളുടെ നേരെ പാഞ്ഞടുക്കുമ്പോള്‍ ഏവരും അട്ടഹസിച്ചു.

ഭ്രാന്തന്‍....ഭ്രാന്തന്‍...

0 comments:

Post a Comment